Friday, May 9, 2008

തേയില കയറ്റുമതിയില്‍ വന്‍ വര്‍ധന


സിലിഗുരിയിലെ തേയിലത്തോട്ടത്തില്‍ കൊളുന്തു
നുള്ളുന്ന സ്ത്രീകള്‍. പാക്കിസ്ഥാനിലേക്കും ഗള്‍ഫ്
രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി
വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ആകെ
കയറ്റുമതി 20.42 ശതമാനം ഉയര്‍ന്നതായി
തേയില ബോര്‍ഡ് അറിയിച്ചു.

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

വാഷിംഗ്ടണ്‍
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില കുതിച്ചുയരുന്നു.
ലണ്ടനിലെയും ന്യുയോര്‍ക്കിലെയും ഓഹരി വിപണികളില്‍ ക്രൂഡ് ഓയില്‍ വില പുതിയ ഉയരത്തിലെത്തി. ബാരലിന് 123.69 ഡോളറിനാണ് ന്യുയോര്‍ക്ക് വിപണിയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്.
ഒരവസരത്തില്‍ ഇത് 124.61 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ലണ്ടന്‍ വിപണിയില്‍ 122.84 ഡോളറിനാണ് വ്യാപാരം നടന്നത്.
എണ്ണയുടെ ആവശ്യത്തിന് ആനുപാതികമായി ഉല്‍പാദനം നടക്കാത്തതും ഡോളറിന്‍റെ മൂല്യശോഷണവുമാണ് വില കുത്തനെ ഉയരാന്‍ കാരണം. ആറു മാസത്തിനുള്ളില്‍ ക്രൂഡോയില്‍ ബാരലിന് 200 ഡോളര്‍വരെ എത്തുമെന്നാണ് സൂചന.

Thursday, March 6, 2008

സംസ്ഥാന ബജറ്റ് 2008



സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കം
തിരുവനന്തപുരം


ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍
മുന്‍തൂക്കം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക്. എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതില്‍ ഏറെ ശ്രദ്ധേയം. പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ പൊതു കടം 37.6 ശതമാനത്തില്‍നിന്ന് 24.1 ശതമാനമായി കുറഞ്ഞതായി മന്ത്രി അറിയിച്ചു. പദ്ധതി അടങ്കല്‍ 15 ശതമാനം വര്‍ധിച്ച് 7600 കോടിയായി. റവന്യൂ കമ്മി 336 കോടി രൂപയും ധനക്കമ്മി 5.652 കോടി രൂപയുമാണ്. നികുതി കുടിശിക 428 കോടി രൂപ മാത്രമാണ്. ഇതില്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ 733 കോടി രൂപയുടെ കുടിശിക ഉടന്‍ പിരിക്കാനാകും.

നികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. വാണിജ്യനികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. 1990 മുതല്‍95 വരെയയുള്ള നികുതി കുടിശിക 75 ശതമാനം അടച്ചാല്‍ മതിയാകും. 96-97, 99-2000 കാലയളവിലെ കുടിശിക അടച്ചാല്‍ പിഴപലിശയും പലിശയും ഒഴിവാക്കും. 2004-05 വര്‍ഷത്തിലെ കുടിശികയും അഞ്ചു ശതമാനം പലിശയും അടക്കണം.
നികുതി വരുമാനം മുന്‍പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നിട്ടുണ്ട്. കടബാധ്യത റവന്യൂ വരുമാനത്തിന്‍റെ287ശതമാനമാണ്.


കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് പഞ്ചനക്ഷത്ര പദവി


യു.ബി ഗ്രൂപ്പ് മേധാവി വിജയ് മല്യ കിംഗ്ഫിഷര്‍ വിമാനത്തിനരികില്‍


മുംബൈ

ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വിമാന സര്‍വീസായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് സ്കൈട്രാക്സ് പഞ്ചനക്ഷത്ര പദവി നല്‍കി. ആഗോളതലത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ട്രാവല്‍ ഫോറമാണ് സ്കൈട്രാക്സ്.

സ്കൈട്രാക്സിന്‍റെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ആദ്യ ആഭ്യന്തര സര്‍വീസാണ് യു.ബി. ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്. നേരത്തെ ഇന്ത്യന്‍ രാജ്യാന്തര സര്‍വീസുകളായ ജെറ്റ് എയര്‍വേസിനും എയര്‍ ഇന്ത്യക്കും ത്രീസ്റ്റാര്‍ പദവി ലഭിച്ചിരുന്നു.

സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേസ്, കാത്തേ പസഫിക് എയര്‍വേസ് എന്നിവയാണ് പഞ്ചനക്ഷത്ര പദവിയുള്ള മറ്റ് വിമാന സര്‍വീസുകള്‍.


Friday, December 21, 2007

ബജറ്റില്‍ നികുതി ഇളവുണ്ടാകും-മന്ത്രി

വരുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുണ്ടാകുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.യു.പി.എ സര്‍ക്കാരിന്‍റെ മൂന്നര വര്‍ഷത്തെ ഭരണത്തിനിടെ നികുതി പിരിവ് ഗണ്യമായി വര്‍ധിച്ചത് കണക്കിലെടുത്താണ് നികുതി ദായകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്‍റെ നിയമപരവും ഭരണപരവുമായ നടപടികളില്‍ പലതും നികുതിവരുമാനം വര്‍ധിക്കാനും രാജ്യത്തിന് സാന്പത്തിക ഭദ്രത നല്‍കാനും ഉപകരിച്ചെന്ന് ചിദംബരം അവകാശപ്പെട്ടു.

Sunday, December 16, 2007

ഇവിടെ ക്രിസ്മസ് വിപണി സജീവം

കൊച്ചി
ഡിസംബര്‍ മൂന്നാം വാരത്തിലേക്ക്‌ കടന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ്‌ വിപണിയായ എറണാകുളത്തെ മേത്തര്‍ ബസാര്‍ സജീവമായി. നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്‌വേയോടു ചേര്‍ന്നുകിടക്കുന്ന മേത്തര്‍ ബസാര്‍ ക്രിസ്‌മസിന്‍റെ ഗൃഹാതുര സ്‌മരണകള്‍ പേറുന്നവര്‍ക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വ്യാപാരികള്‍ക്കും വിസ്‌മയ ലോകമാണ്‌.

തുച്ഛ വിലയുള്ള അലങ്കാര വസ്‌തുക്കള്‍ മുതല്‍ ആയിരക്കണക്കിനു രൂപ വിലവരുന്ന വിദേശ നിര്‍മിതമായ ക്രിബുകളും റെഡീമേഡ്‌ ക്രിസ്‌മസ്‌ ട്രീകളുംവരെ ഈ വിപണിയിലുണ്ട്‌. നൂറുകണക്കിന്‌ ഇനങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാര ലൈറ്റുകളുമൊക്കെ മേത്തര്‍ബസാറിനെ വര്‍ണാഭമാക്കുന്നു.

നവംബര്‍ അവസാനം മുതല്‍ ഇവിടെനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കം ആരംഭിക്കും. ഡിസംബറാകുന്നതോടെ വ്യാപാരം കുടുതല്‍ ഊഷാറാകും. വിലക്കുറവിന്‍റെ ആകര്‍ഷണവുമായി ഡിസംബറില്‍ ചില്ലറ വ്യാപാരവും സജീവമാകുന്നതോടെ മേത്തര്‍ബസാറില്‍ തിരക്കേറും.

ഡിസംബര്‍ 20 പിന്നിടുന്നതോടെ കച്ചവടം ബ്രോഡ്‌വേയിലേക്കും വ്യാപിക്കും. മേത്തര്‍ ബസാറില്‍നിന്നുള്ള സാധനങ്ങളുടെ വഴിയോര കച്ചവടക്കാരാണ്‌ ബ്രോഡ്‌വേ കയ്യടക്കുക. 22,23 തീയതികളില്‍ മേത്തര്‍ ബസാറും ബ്രോഡ്‌വേയും ക്രിസ്‌മസ്‌ കച്ചവടത്തിന്റെ ഉത്സവത്തിലായിരിക്കും. ഈ ദിവസങ്ങളില്‍ വില ഗണ്യമായി കുറയുകയും ചെയ്യും.

ടാറ്റയുടെ ചെറു കാര്‍ ഏപ്രിലില്‍ വിപണിയിലെത്തും

കൊല്‍ക്കത്ത
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ടാറ്റാ മോട്ടോര്‍സിന്‍റെ ചെറുകാറുകളുടെ ടെസ്റ്റ് ഡ്രൈവ് 2008 ഏപ്രിലില്‍ നടക്കും. അടുത്ത വര്‍ഷം പകുതിയോടെ ടെസ്റ്റ് ഡ്രൈവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കന്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയാണ് ഈ കാറുകളുടെ വില.