Friday, December 21, 2007

ബജറ്റില്‍ നികുതി ഇളവുണ്ടാകും-മന്ത്രി

വരുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുണ്ടാകുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.യു.പി.എ സര്‍ക്കാരിന്‍റെ മൂന്നര വര്‍ഷത്തെ ഭരണത്തിനിടെ നികുതി പിരിവ് ഗണ്യമായി വര്‍ധിച്ചത് കണക്കിലെടുത്താണ് നികുതി ദായകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്‍റെ നിയമപരവും ഭരണപരവുമായ നടപടികളില്‍ പലതും നികുതിവരുമാനം വര്‍ധിക്കാനും രാജ്യത്തിന് സാന്പത്തിക ഭദ്രത നല്‍കാനും ഉപകരിച്ചെന്ന് ചിദംബരം അവകാശപ്പെട്ടു.

Sunday, December 16, 2007

ഇവിടെ ക്രിസ്മസ് വിപണി സജീവം

കൊച്ചി
ഡിസംബര്‍ മൂന്നാം വാരത്തിലേക്ക്‌ കടന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ്‌ വിപണിയായ എറണാകുളത്തെ മേത്തര്‍ ബസാര്‍ സജീവമായി. നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്‌വേയോടു ചേര്‍ന്നുകിടക്കുന്ന മേത്തര്‍ ബസാര്‍ ക്രിസ്‌മസിന്‍റെ ഗൃഹാതുര സ്‌മരണകള്‍ പേറുന്നവര്‍ക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വ്യാപാരികള്‍ക്കും വിസ്‌മയ ലോകമാണ്‌.

തുച്ഛ വിലയുള്ള അലങ്കാര വസ്‌തുക്കള്‍ മുതല്‍ ആയിരക്കണക്കിനു രൂപ വിലവരുന്ന വിദേശ നിര്‍മിതമായ ക്രിബുകളും റെഡീമേഡ്‌ ക്രിസ്‌മസ്‌ ട്രീകളുംവരെ ഈ വിപണിയിലുണ്ട്‌. നൂറുകണക്കിന്‌ ഇനങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാര ലൈറ്റുകളുമൊക്കെ മേത്തര്‍ബസാറിനെ വര്‍ണാഭമാക്കുന്നു.

നവംബര്‍ അവസാനം മുതല്‍ ഇവിടെനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കം ആരംഭിക്കും. ഡിസംബറാകുന്നതോടെ വ്യാപാരം കുടുതല്‍ ഊഷാറാകും. വിലക്കുറവിന്‍റെ ആകര്‍ഷണവുമായി ഡിസംബറില്‍ ചില്ലറ വ്യാപാരവും സജീവമാകുന്നതോടെ മേത്തര്‍ബസാറില്‍ തിരക്കേറും.

ഡിസംബര്‍ 20 പിന്നിടുന്നതോടെ കച്ചവടം ബ്രോഡ്‌വേയിലേക്കും വ്യാപിക്കും. മേത്തര്‍ ബസാറില്‍നിന്നുള്ള സാധനങ്ങളുടെ വഴിയോര കച്ചവടക്കാരാണ്‌ ബ്രോഡ്‌വേ കയ്യടക്കുക. 22,23 തീയതികളില്‍ മേത്തര്‍ ബസാറും ബ്രോഡ്‌വേയും ക്രിസ്‌മസ്‌ കച്ചവടത്തിന്റെ ഉത്സവത്തിലായിരിക്കും. ഈ ദിവസങ്ങളില്‍ വില ഗണ്യമായി കുറയുകയും ചെയ്യും.

ടാറ്റയുടെ ചെറു കാര്‍ ഏപ്രിലില്‍ വിപണിയിലെത്തും

കൊല്‍ക്കത്ത
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ടാറ്റാ മോട്ടോര്‍സിന്‍റെ ചെറുകാറുകളുടെ ടെസ്റ്റ് ഡ്രൈവ് 2008 ഏപ്രിലില്‍ നടക്കും. അടുത്ത വര്‍ഷം പകുതിയോടെ ടെസ്റ്റ് ഡ്രൈവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കന്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയാണ് ഈ കാറുകളുടെ വില.

2007ലെ വന്‍കിട ഇടപാടുകാരില്‍ ടാറ്റാ സ്റ്റീല്‍സും

ലണ്ടന്‍
ഇന്ത്യന്‍ ബഹുരാഷ്ട്ര കന്പനിയായ ടാറ്റാ സ്റ്റീല്‍സ് ആഗ്ലോ-ഡച്ച് കന്പനി കോറസിനെ ഏറ്റെടുത്തത് 2007ല്‍ ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് ഇടപാടുകളുടെ പട്ടികയില്‍ ഇടം നേടി. ടൈം മാസികയുടെ കണക്കെടുപ്പില്‍ ആറാം സ്ഥാനത്താണ് ടാറ്റാ-കോറസ് ഇടപാട്.

റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പ്പറേഷന്‍ മാധ്യമ രംഗത്തെ വന്‍കിട സ്ഥാപനമായ ഡൗ ജോണ്‍സിനെ ഏറ്റെടുത്തതാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇടപാട്. വ്യവസായ സംരംഭക മേഖലയില്‍ ഇന്ത്യന്‍ കന്പനികളുടെ വളര്‍ച്ചക്ക് ഏറ്റവം വലിയ ഉദാഹരണമാണ് ടാറ്റാ-കോറസ് ഇടപാടെന്ന് ചൂണ്ടിക്കാട്ടുന്ന ടൈം മാസിക ആംഗ്ലോ-ഡച്ച് കന്പനി ഇന്ത്യക്കാരന്‍ സ്വന്തമാക്കിയതിന്‍റെ വൈരുധ്യവും പരാമര്‍ശിക്കുന്നുണ്ട്.

1130 കോടി ഡോളറിനാണ് ടാറ്റ സ്റ്റീല്‍സ് കോറസ് ഏറ്റെടുത്തത്
.

Thursday, December 13, 2007

സ്റ്റാര്‍ ആലൈന്‍സില്‍ എയര്‍ ഇന്ത്യയും

ന്യൂദല്‍ഹി

രാജ്യാന്തര വിമാന സര്‍വീസുകളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലൈന്‍സില്‍ ഇനി എയര്‍ ഇന്ത്യയും. യാത്രക്കാര്‍ക്ക് അനായാസ കണക്ടിവിറ്റിയും കുറഞ്ഞ നിരക്കും ലഭ്യമാക്കാന്‍ സഹായകരമായ ഈ കൂട്ടായ്മയില്‍ ലുഫ്താന്‍സ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്,എയര്‍ കാനഡ, എയര്‍ ചൈന തുടങ്ങിയ കന്പനികള്‍ ഉള്‍പ്പെടുന്നു.

ചൈനയില്‍ നടന്ന സ്റ്റാര്‍ അലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് എയര്‍ ഇന്ത്യ, ഈജീപ്ത് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നീ കന്പനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇനി മുതല്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ അലൈന്‍സിലുള്ള ഒന്നിലധികം വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാം.

സ്റ്റാര്‍ അലൈന്‍സ് നെറ്റ്വര്‍ക്കിലുള്ള കന്പനികള്‍ പ്രതിദിനം 160 രാജ്യങ്ങളിലെ 897 കേന്ദ്രങ്ങളിലേക്ക് 17,000 സര്‍വീസുകള്‍ നടത്തുന്നുണ്ട്.നെറ്റ്വര്‍ക്കിന്‍റെ ഭാഗമാകുന്നതോടെ എയര്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനത്തില്‍ 400കോടി രൂപ മുതല്‍ 450 കോടി രൂപ വരെ വര്‍ധനയുണ്ടാകും.

Wednesday, December 12, 2007

ഇന്‍കെല്‍ ബോര്‍ഡില്‍ 5 പ്രവാസി മലയാളികള്‍

തിരുവനന്തപുരം

കേരള സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അടിസ്ഥാന സൗകര്യ സജ്ജീകരണ സ്ഥാപനമായ ഇന്‍ഫാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡിന്‍റെ(ഇന്‍കെല്‍) ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി മലയാളി വ്യവസായികളായ എം.എ. യൂസഫലി(യു.എ.ഇ), ഗള്‍ഫാര്‍ മുഹമ്മദലി(ഒമാന്‍), സി.കെ. മേനോന്‍, സി.എം. റപ്പായി(ദോഹ), വര്‍ഗീസ് കുര്യന്‍(കുവൈറ്റ്) എന്നിവരെ ഉള്‍പ്പെടുത്തിയതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.

ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ സര്‍ക്കാര്‍ നോമിനികളായിരിക്കും. ബോര്‍ഡിന്‍റെ ആദ്യ സന്പൂര്‍ണ യോഗം 15ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ മാനേജിംഗ് ഡയറക്‍ടര്‍ ഗോപാലകൃഷ്ണപിള്ള പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കും.

വ്യവസായ നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി കന്പനി തിരുവന്തപുരത്തും കൊച്ചിയിലുമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍കെലിന്‍റെ മൂലധനം നൂറു കോടി രൂപയാണ്.ഇതില്‍ സര്‍ക്കാരി‍ന്‍റെ വിഹിതം നല്‍കിക്കഴിഞ്ഞതായും ശേഷിക്കുന്ന തുക പ്രവാസി മലയാളി ഡയറക്ടര്‍മാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
-----------------------------------------
ഐ.എ.എന്‍.എസ്

Sunday, December 9, 2007

വിദ്യാഭ്യാസ വായ്പ്പയില്‍ ഇന്ത്യ ഒന്നാമത്


പൊറയാര്‍(തമിഴ്നാട്)


ഈ വര്‍ഷം വിദ്യാഭ്യാസ വായ്പ ഇനത്തില്‍ ഏറ്റവുമധികം തുക അനുവദിച്ച രാജ്യം ഇന്ത്യയാണെന്ന് ധനമന്ത്രി പി. ചിദംബരം അറിയിച്ചു.

സെപ്റ്റംബര്‍ വരെ ആകെ 14,500 കോടി രൂപയാണ് നല്‍കിയത്. പത്തു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യയുടെ 2878ആമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ന്യൂനപക്ഷ സമൂദായങ്ങളില്‍പെട്ട പതിനഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 1500 കോടി രൂപ വായ്പയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് വായ്പ നല്‍കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണ്.കാര്‍ഷിക വായ്പ ഈ സാന്പത്തിക വര്‍ഷം 2,35,000 കോടിയായി ഉയരും-മന്ത്രി പറഞ്ഞു.

അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേട്ടം

ന്യൂയോര്‍ക്ക്

അമേരിക്കയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം 2000 കോടി ഡോളറിനടുത്തെത്തി. ഈ വര്‍ഷ ആദ്യത്തെ 121 ബില്യന്‍ ഡോളറില്‍നിന്നും അമേരിക്കന്‍ വിപണിയിലെ മാന്ദ്യത്തെ അതിജീവിച്ചാണ് 140 ബില്യന്‍ ഡോളറില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.

പട്ടികയിലുള്ള പതിനാറ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യത്തിന്‍റെ പകുതിയും ഐ.സി.ഐ.സി.ഐ ബാങ്കിന്‍റേതാണ്.ഐ.സി.ഐ.സി.ഐ ബാങ്ക് 990 കോടി ഡോളറിന്‍റെ നേട്ടമാണ് കൈവരിച്ചത്.

സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് മൂല്യത്തില്‍ 730 കോടി ഡോളറും എച്ച്.ഡി.എഫ്.സി ബാങ്ക് 670 കോടി ഡോളറും വര്‍ധന രേഖപ്പെടുത്തി.വി.എസ്.എന്‍.എല്‍(190 കോടി),സത്യം(140 കോടി) തുടങ്ങിയവയാണ് വളര്‍ച്ച നേടിയ മറ്റു സ്ഥാപനങ്ങള്‍.ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇന്‍ഫോസിസാണ്(560 കോടി ഡോളര്‍).

Friday, December 7, 2007

കംപ്യൂട്ടറിനായി പുതിയ മലയാളം

ടെല്‍ അവീവ്

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്ക് സ്വന്തം ഭാഷ ഉപയോഗിച്ച് കന്പ്യൂട്ടര്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായകമാകുന്ന പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കി. ഇന്ത്യയിലെ കോടിക്കണക്കിനാളുകള്‍ക്ക് കന്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പ്രാപ്യമാക്കാന്‍ ഇത് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യന്‍ വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കന്പ്യൂട്ടിംഗ്(സി-ഡാക്)ഇസ്രായേലിലെ എഫ്.ടി.കെ ടെക്നോളജീസുമായി ചേര്‍ന്ന് തയാറാക്കി ലേഖിക 2007 എന്ന സോഫ്റ്റ് വെയര്‍ ‍ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി എന്നീ ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 2009ഓടെ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ഭാഷകള്‍ ഉപയോഗിച്ചും സോഫ്റ്റ് വേര്‍ ഉപയോഗിക്കാനാകുമെന്ന് എഫ്.ടി.കെ ടെക്നോളജീസ് സി.ഇ.ഒ ഹാരെല്‍ കോഹെന്‍ അറിയിച്ചു.

പത്തു സ്ക്രിപ്പ്റ്റുകളും മൂവായിരം കാരക്ടറുകളും ഉള്‍പ്പെടുന്ന ലേഖിക വിന്‍‍ഡോസിലും മാകിലും ലിനക്സിലും ഉപയോഗിക്കാം. 2500 രൂപ മുതല്‍ 3000 രൂപ വരെയാണ് വില.തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഭാഷകളെല്ലാം സന്പൂര്‍ണമായും വ്യക്തമായും കംപ്യൂട്ടറില്‍ ഉപയോഗിക്കാനാകുമെന്നതാണ് ലേഖികയുടെ സവിശേഷത.

അടുത്ത അക്ഷരമോ മാത്രയോ പ്രവചിക്കുന്ന ഇന്‍റ്യൂസീവ് സോഫ്റ്റ് വെയര്‍ ആയതിനാല്‍ കന്പൂട്ടര്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കു പോലും ബുദ്ധിമുണ്ടുണ്കുന്നില്ല. സന്പൂര്‍ണത, കുറഞ്ഞ ചെലവ് തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുന്പോള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള എല്ലാ പ്രാദേശിക ഭാഷാ സോഫ്റ്റ് വെയറുകളെയും ലേഖിക പിന്നിലാക്കുന്നു.

"ഇന്ത്യയില്‍ കേവലം പത്തു ശതമാനം പേര്‍ക്കു മാത്രമാണ് ഇംഗ്ലീഷ് പരിഞ്ജാനമുള്ളത്. അതുകൊണ്ടുതന്നെ പുതിയ സോഫ്റ്റ് വെയര്‍ രാജ്യത്തെ വിവര സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കും "-കോഹെന്‍ ചൂണ്ടിക്കാട്ടി.

ജയാ ഗ്രൂപ്പിന് പുതിയ രണ്ടു ചാനലുകള്‍

ചെന്നൈ
തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.ഐ.ഡി.എം.കെയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പുതിയ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് പരീക്ഷണ സംപ്രേഷണം ആരംഭിച്ചു.

ജയാ ടീവി ഗ്രൂപ്പിന്‍റെ പുതിയ ചാനലുകളായ ജയാ പ്ലസിന്‍റെയും ജയാ മാക്സിന്‍റെയും ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത നിര്‍വഹിച്ചു.
ജയാ പ്രസ് വാര്‍ത്താ ചാനലും മാക്സ് സംഗീതാധിഷ്ഠിത ചാനലുമായിരിക്കുമെന്ന് ജയാ ടി.വി വാര്‍ത്താ വിഭാഗം വൈസ് പ്രസിഡന്‍റ് കെ.പി. സുനില്‍ അറിയിച്ചു.
ഒന്‍പതു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ജയാ ടീവി വാര്‍ത്തക്കും വാര്‍ത്തേതര പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

മുഖ്യമന്ത്രി കരുണാനിധിയുടെ ബന്ധുവായ കലാനിധി മാരന്‍റെ നേതൃത്വത്തിലുള്ള സണ്‍ നെറ്റ്വര്‍ക്കുമായുള്ള കിടമത്സരം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജയാ ഗ്രൂപ്പ് പുതിയ ചാനലുകള്‍ തുടങ്ങുന്നത്.

കലാനിധി മാരന്‍റെ സഹോദരന്‍ ദയാനിധി മാരന്‍ കേന്ദ്രമന്ത്രിയായിരിക്കെ ജയാ ഗ്രൂപ്പിന്‍റെ ചാനല്‍ അപ് ലിങ്കിംഗ് സൗകര്യം തടഞ്ഞതായി ജയലളിത ആരോപിച്ചിരുന്നു. ദയാനിധി മാരന്‍ ഈ വര്‍ഷം മേയിലാണ് രാജിവെച്ചത്.

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ യുദ്ധത്തിന് ടെലിവിഷന്‍ ചാനലുകളെ പരമാവധി ഉപയോഗിച്ചുവരികയാണ്.
ജയാ ഗ്രൂപ്പിന്‍റെ പുതിയ ചാനലുകള്‍ ജനുവരിയില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മാരുതിക്ക് വില കൂട്ടുന്നു

ന്യൂദല്‍ഹി
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കന്പനിയായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് അടുത്ത മാസം എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും.

അലൂമിനിയവും ലെഡ്ഡും ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന കണക്കിലെടുത്താണ് കാറുകളുടെ വില 12000 രൂപ വരെ ഉയര്‍ത്തുന്നതെന്ന് ഡീലര്‍മാര്‍ അറിയിച്ചു.

2008 ജനുവരി മുതല്‍ കാറുകളുടെ വില ഉയരുമെന്ന് അറിയിച്ച് രാജ്യമെന്പാടുമുള്ള ഡീലര്‍മാര്‍ക്ക് മാരുതി കത്തയച്ചിട്ടുണ്ട്. കന്പനിയുടെ നിര്‍മാണ യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഈ മാസം 24 മുതല്‍ 31 വരെ അടച്ചിടുന്നതുകൂടി കണക്കിലെടുത്ത് ബുക്കിംഗുകള്‍ ക്രമീകരിക്കണമെന്നാണ് ഡീലര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.വില വര്‍ധന മാരുതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Wednesday, December 5, 2007

സ്വര്‍ണനാണയവില്‍പ്പനക്ക് റിലയന്‍സ് മണി ലിമിറ്റഡും മൂത്തൂറ്റ് ഗ്രൂപ്പുമായി ധാരണയായി.

കൊച്ചി: സ്വര്‍ണനാണയവില്‍പ്പനക്ക് റിലയന്‍സ് മണി ലിമിറ്റഡും മൂത്തൂറ്റ് ഗ്രൂപ്പുമായി ധാരണയായി. മുത്തൂറ്റ് ഗ്രൂപ്പിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും 525 ശാഖകളില്‍ റിലയന്‍സ് മണിയുടെ സ്വര്‍ണനാണയങ്ങള്‍ ലഭിക്കും. അര ഗ്രാം, ഒരു ഗ്രാം, അഞ്ചു ഗ്രാം, എട്ടു ഗ്രാം വീതം തൂക്കമുള്ള നാണയങ്ങളാണ് ലഭ്യമാക്കുന്നത്.
24 കാരറ്റിന്റെ 999.9 ശുദ്ധിയുള്ള നാണയങ്ങള്‍ സ്വിറ്റ്സര്‍ലന്റിലെ വാല്‍ക്കാമ്പി കമ്പനിയില്‍ നിന്നും ബാങ്ക് ഓഫ് നോവ സ്കോട്ടിയ വഴി ഇറക്കുമതി ചെയ്യുന്നവയാണ്. റിലയന്‍സിന്റെ സ്വര്‍ണ നാണയ വിതരണത്തിന് മുത്തൂറ്റ് ഗ്രൂപ്പിനെ മാത്രമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.ജനപിന്തുണ വ്യാപകമായുള്ള രണ്ട് ഗ്രൂപ്പുകളുടെ സംയുക്തസംരംഭത്തിന്റെ ഉദ്ദേശ്യം ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയാണെന്ന് ധാരണാപത്രം കൈമാറുന്ന വേളയില്‍ റിലയന്‍സ് മണി ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ സുദീപ് ബന്ദോപാധ്യായയും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലക്സാണ്ടര്‍ മുത്തൂറ്റും അറിയിച്ചു.
നാണയം നിക്ഷേപമെന്നതിലുപരി സമ്മാനമായി ഉപയോഗപ്പെടുത്താനാകുമെന്നും അവര്‍ പറഞ്ഞു.അനില്‍ ധിരുഭായ് അമ്പാനി ഗ്രൂപ്പില്‍ പെട്ട റിലയന്‍സ് ക്യാപിറ്റല്‍ ഗ്രൂപ്പിലെ കമ്പനിയാണ് റിലയന്‍സ് മണി.

Tuesday, December 4, 2007

16 എഫ്.ഡി.ഐ പദ്ധതികള്‍ക്ക് അംഗീകാരം

ന്യൂദല്‍ഹി
നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്ക്(എഫ്.ഡി.ഐ) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. റഷ്യന്‍ ടെലികോം സ്ഥാപനമായ സിസ്റ്റെമയുടെയും ഇറ്റാലിയന്‍ ഫാഷന്‍ റീട്ടെയ്ല്‍ സ്ഥാപനമായ ഡോക്ലെ ആന്‍റ് ഗൊബ്ബാനയുടെയും പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പതിനാറു പദ്ധതികളിലായി 647.48 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലുണ്ടാകുക.

ശ്യാം ടെലിലിങ്കില്‍ 187 കോടിയുടെ നിക്ഷേപം നടത്തി ഓഹരി പങ്കാളിത്തം 74 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് റഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ സിസ്റ്റെമ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ സ്ഥാപനമാ ഡി.എല്‍.എഫുമായി ചേര്‍ന്ന് ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ റീട്ടെയ്ല്‍ കേന്ദ്രം തുടങ്ങാനാണ് ഡോക്ലെ ആന്‍റ് ഗൊബ്ബാന ഉദ്ദേശിക്കുന്നത്.

ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിന്‍റെ ശുപാര്‍ശകള്‍ക്ക് ധനമന്ത്രി പി. ചിദംബരം ഇന്നലെ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.

Monday, December 3, 2007

വിവാദം ഗുണം ചെയ്തില്ല;മാധുരിയുടെ ചിത്രത്തിന് തണുത്ത പ്രതികരണം


ന്യൂദല്‍ഹി

വിവാദങ്ങള്‍ പലപ്പോഴും ബോക്സ് ഓഫീസില്‍ സിനിമകള്‍ക്ക് സഹായകമാവുകയാണ് ചെയ്യുക.പക്ഷെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനം നിരോധിച്ചത് മാധുരി ദീക്ഷിതിന്‍റെ പുതിയ ചിത്രമായ 'ആജാ നാച് ലേ'ക്ക് കാര്യമായ പ്രയോജനമുണ്ടാക്കിയില്ല.

ടൈറ്റില്‍ പാട്ടിലെ വരികള്‍ ദളിതുകളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആദ്യം യു.പിയിലും പിന്നെ പഞ്ചാബിലും ഹരിയാനയിലും ചിത്രം താല്‍കാലികമായി നിരോധിച്ചത്.

ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം മാധുരി ദീക്ഷിതിന്‍റെ കൊട്ടിഘോഷിച്ചുള്ള തിരിച്ചുവരവിന് പ്രേക്ഷകരുടെ പ്രതികരണം നിരാശാജനകമാണ്. ചിത്രത്തിന് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകാനിടയില്ലെന്നാണ് ആദ്യ ആഴ്ച്ചയിലെ സൂചനകള്‍.

''യാഷ് രാജ് മൂവീസിന്‍റെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ആജാ നാച് ലേക്ക് മികച്ച തുടക്കം കിട്ടിയില്ല. വിവാദങ്ങള്‍പോലും ചിത്രത്തിന് സഹായകമായില്ല''- ഫണ്‍ സിനിമാസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ദീപക് തലൂജ വ്യക്തമാക്കി.

ദല്‍ഹിയിലെയും യു.പിയിലെയും തീയേറ്ററുകളില്‍ ആജാ നാച് ലേക്ക് 50 മുതല്‍ 55 ശതമാനംവരെ മാത്രമാണ് പ്രേക്ഷകരുള്ളത്.രാജസ്ഥാനിലും മുംബൈയിലും ഇത് 60 ശതമാനമാണ്. ബാംഗ്ലൂരിലാണ് ഏറ്റവും മികച്ച പ്രതികരണം 90 ശതമാനം മുതല്‍ 95 ശതമാനം വരെ.വിവാദങ്ങളുടെ ബലത്തില്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് തിയേറ്ററുകാരുടെ പ്രതീക്ഷ.

വിവാദത്തെ തുടര്‍ന്ന് നിര്‍മാതാവ് യാഷ് ചോപ്ര ക്ഷമാപണം നടത്തുകയും ടൈറ്റില്‍ പാട്ടിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

(ഐ.എ.എന്‍.എസ്)

പ്രത്യേക സാന്പത്തിക മേഖലകളില്‍ കര്‍ഷകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കും

ന്യൂഡല്‍ഹി
പ്രത്യേക സാന്പത്തിക മേഖലകള്‍ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. ഇന്ത്യാ സാന്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതോടെ പ്രത്യേക സാന്പത്തിക മേഖലകള്‍ക്കായി(സെസ്) ഏറ്റെടുക്കാവുന്ന ഭൂമിയുടെ പരിധി 5000 ഹെക്ടര്‍ എന്ന വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുത്തും.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ പുനരധിവാസ നയം നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് പിള്ള ചൂണ്ടിക്കാട്ടി.

വിവിധോല്‍പ്പന്ന സെസുകളുടെ കാര്യത്തിലാകും ഇളവ് പ്രധാനമായും പരിഗണിക്കുക. നിലവില്‍ ഇത്തരം 34 പ്രത്യേക സാന്പത്തിക മേഖലകളാണുള്ളത്. റിലയന്‍സ് ഇന്‍‍ഡസ്ട്രീസിന്‍റേതുള്‍പ്പെടെ നാല് സെസുകള്‍ക്ക് 5000 ഹെക്ടര്‍ വിസ്തൃതിയുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കുമെന്ന് പിള്ള പറഞ്ഞു.

രാജ്യത്തെ പ്രത്യേക സാന്പത്തിക മേഖലകളില്‍നിന്നുള്ള കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ 67,000 കോടി രൂപയിലെത്തും. നിലവില്‍ ഇത് 33,000 കോടി രൂപയാണ്.പ്രത്യേക സാന്പത്തിക മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ 18 മാസത്തിനിടെ മുന്നൂറു കോടി ഡോറളായി വര്‍ധിച്ചു.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് നാലു മടങ്ങുവരെ വര്‍ധിച്ചേക്കുമെന്നും പിള്ള പറഞ്ഞു. ഈ സാന്പത്തിക മേഖലകളിലെ ആകെ തൊഴില്‍ സാധ്യത ആറു ലക്ഷത്തിലേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Saturday, December 1, 2007

പണം കൈമാറ്റത്തിന് എടിഎമ്മുകളില്‍ സൗകര്യം

കൊച്ചി
പണം സ്വീകരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പുറമെ ഉപയോക്താക്കള്‍ക്ക് മറ്റു അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനുമുള്ള സംവിധാനം എ.ടി.എമ്മുകളില്‍ സജ്ജമായി. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി.എമ്മുകളിലാണ് ബാങ്കില്‍ എത്താതെ പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൌകര്യം നിലവില്‍ വന്നത്.
സി.ടു.സി (കാര്‍ഡ് ടു കാര്‍ഡ് ) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇതനുസരിച്ച് കൈമാറ്റം ചെയ്യേണ്ട വ്യക്തിയുടെ എ.ടി.എം കാര്‍ഡ് നമ്പര്‍ ഉപയോക്താവ് അറിഞ്ഞിരിക്കണം. ഈ നമ്പര്‍ എ.ടി.എമ്മിലെ നിശ്ചിത സ്ഥലത്ത് രണ്ടു തവണ രേഖപ്പെടുത്തണം. നമ്പര്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ കൈമാറ്റം ചെയ്യേണ്ട സംഖ്യയും രേഖപ്പെടുത്തണം. ഇതോടെ പണം കൈമാറ്റം പൂര്‍ണമാവുകയും ബില്ല് ലഭിക്കുകയും ചെയ്യും.
അമ്പതിനായിരം രൂപയുടെ വരെ കൈമാറ്റം ഇത്തരത്തില്‍ നിര്‍വഹിക്കാനാകുമെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അധികൃതര്‍ അറിയിച്ചു. പണം കൈമാറ്റം ചെയ്യുന്നതിന് ബാങ്കുകളില്‍ അനുഭവപ്പെടുന്ന ഭീമമായ തിരക്ക് പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പരിഹരിക്കാനാവും. ഉപയോക്താക്കള്‍ക്ക് വളരെയധികം സമയലാഭം സി ടു സി സംവിധാനം പ്രദാനം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി.എമ്മുകളില്‍ ഇതിനാവശ്യമായ സോഫ്റ്റ്്വെയര്‍ നേരത്തെതന്നെ ഉണ്ടായിരുന്നതിനാല്‍ പുതിയ സൌകര്യം എളുപ്പത്തില്‍ ഏര്‍പ്പെടുത്താനായി എന്നും ബാങ്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

വാഹന ഗ്യാസിന് വില കൂട്ടി

കൊച്ചി
വാഹനങ്ങള്‍ക്കുള്ള ഇന്ധന ഗ്യാസിനും ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ പാചകവാതകത്തിനും എണ്ണക്കമ്പനികള്‍ കുത്തനേ വില കൂട്ടി. വാണിജ്യ പാചക വാതകത്തിന് സിലിണ്ടറിന് 82 രൂപയും ഇന്ധന ഗ്യാസിന് ലിറ്ററിന് മൂന്നു രൂപയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലായി. പുതുക്കിയ വില അനുസരിച്ച് 19 കിലോഗ്രാമിന്റെ വാണിജ്യ പാചകവാതക സിലണ്ടറിന് 983 രൂപയും വാഹനഗ്യാസിന് ലിറ്ററിന് 31.66 രൂപയുമാണ് വില.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ധന അനുസരിച്ച് എല്ലാ മാസവും എണ്ണക്കമ്പനികള്‍ ഇന്ധന ഗ്യാസിന്റെയും വാണിജ്യ പാചകവാതക ത്തിന്റെയും വിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ക്രൂഡ് ഓയിലിന്റെ വില അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ 90 ഡോളറിന് അടുത്താണ്. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വില വര്‍ധിപ്പിക്കുന്നതെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം വാണിജ്യ പാചക വാതകത്തിന് 65 രൂപ വില വര്‍ധിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഈ മാസം 82 രൂപ കൂടി വര്‍ധിപ്പിച്ചത്. ഹോട്ടലുകള്‍ക്കും വ്യവസായ ശാലകള്‍ക്കും മറ്റും കനത്ത തിരിച്ചടിയാവും പുതിയ വില വര്‍ധന.

മൂന്നു ദിവസം ബാങ്ക് പ്രവര്‍ത്തനം ഇല്ല

കൊച്ചി
അസോസിയേറ്റ് ബാങ്കുകളെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരേ രാജ്യവ്യാപകമായി ഓഫീസര്‍മാരും ജീവനക്കാരും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്കും.
ഞായറാഴ്ചത്തെ അവധി കൂടി പരിഗണിച്ചാല്‍ അടുത്തയാഴ്ച മൂന്നു ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകള്‍ മുടങ്ങും. കേരളത്തില്‍ എസ്.ബി.ടി ശാഖകള്‍ പ്രവര്‍ത്തിക്കില്ല. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 31-ന് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.