Saturday, December 1, 2007

വാഹന ഗ്യാസിന് വില കൂട്ടി

കൊച്ചി
വാഹനങ്ങള്‍ക്കുള്ള ഇന്ധന ഗ്യാസിനും ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ പാചകവാതകത്തിനും എണ്ണക്കമ്പനികള്‍ കുത്തനേ വില കൂട്ടി. വാണിജ്യ പാചക വാതകത്തിന് സിലിണ്ടറിന് 82 രൂപയും ഇന്ധന ഗ്യാസിന് ലിറ്ററിന് മൂന്നു രൂപയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലായി. പുതുക്കിയ വില അനുസരിച്ച് 19 കിലോഗ്രാമിന്റെ വാണിജ്യ പാചകവാതക സിലണ്ടറിന് 983 രൂപയും വാഹനഗ്യാസിന് ലിറ്ററിന് 31.66 രൂപയുമാണ് വില.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ധന അനുസരിച്ച് എല്ലാ മാസവും എണ്ണക്കമ്പനികള്‍ ഇന്ധന ഗ്യാസിന്റെയും വാണിജ്യ പാചകവാതക ത്തിന്റെയും വിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ക്രൂഡ് ഓയിലിന്റെ വില അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ 90 ഡോളറിന് അടുത്താണ്. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വില വര്‍ധിപ്പിക്കുന്നതെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം വാണിജ്യ പാചക വാതകത്തിന് 65 രൂപ വില വര്‍ധിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഈ മാസം 82 രൂപ കൂടി വര്‍ധിപ്പിച്ചത്. ഹോട്ടലുകള്‍ക്കും വ്യവസായ ശാലകള്‍ക്കും മറ്റും കനത്ത തിരിച്ചടിയാവും പുതിയ വില വര്‍ധന.

1 comment:

ബി-ലോകം said...

കൊച്ചി
വാഹനങ്ങള്‍ക്കുള്ള ഇന്ധന ഗ്യാസിനും ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ പാചകവാതകത്തിനും എണ്ണക്കമ്പനികള്‍ കുത്തനേ വില കൂട്ടി.