Showing posts with label വാണിജ്യം. Show all posts
Showing posts with label വാണിജ്യം. Show all posts

Friday, May 9, 2008

തേയില കയറ്റുമതിയില്‍ വന്‍ വര്‍ധന


സിലിഗുരിയിലെ തേയിലത്തോട്ടത്തില്‍ കൊളുന്തു
നുള്ളുന്ന സ്ത്രീകള്‍. പാക്കിസ്ഥാനിലേക്കും ഗള്‍ഫ്
രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി
വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ആകെ
കയറ്റുമതി 20.42 ശതമാനം ഉയര്‍ന്നതായി
തേയില ബോര്‍ഡ് അറിയിച്ചു.

Sunday, December 16, 2007

ഇവിടെ ക്രിസ്മസ് വിപണി സജീവം

കൊച്ചി
ഡിസംബര്‍ മൂന്നാം വാരത്തിലേക്ക്‌ കടന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ്‌ വിപണിയായ എറണാകുളത്തെ മേത്തര്‍ ബസാര്‍ സജീവമായി. നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്‌വേയോടു ചേര്‍ന്നുകിടക്കുന്ന മേത്തര്‍ ബസാര്‍ ക്രിസ്‌മസിന്‍റെ ഗൃഹാതുര സ്‌മരണകള്‍ പേറുന്നവര്‍ക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വ്യാപാരികള്‍ക്കും വിസ്‌മയ ലോകമാണ്‌.

തുച്ഛ വിലയുള്ള അലങ്കാര വസ്‌തുക്കള്‍ മുതല്‍ ആയിരക്കണക്കിനു രൂപ വിലവരുന്ന വിദേശ നിര്‍മിതമായ ക്രിബുകളും റെഡീമേഡ്‌ ക്രിസ്‌മസ്‌ ട്രീകളുംവരെ ഈ വിപണിയിലുണ്ട്‌. നൂറുകണക്കിന്‌ ഇനങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാര ലൈറ്റുകളുമൊക്കെ മേത്തര്‍ബസാറിനെ വര്‍ണാഭമാക്കുന്നു.

നവംബര്‍ അവസാനം മുതല്‍ ഇവിടെനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കം ആരംഭിക്കും. ഡിസംബറാകുന്നതോടെ വ്യാപാരം കുടുതല്‍ ഊഷാറാകും. വിലക്കുറവിന്‍റെ ആകര്‍ഷണവുമായി ഡിസംബറില്‍ ചില്ലറ വ്യാപാരവും സജീവമാകുന്നതോടെ മേത്തര്‍ബസാറില്‍ തിരക്കേറും.

ഡിസംബര്‍ 20 പിന്നിടുന്നതോടെ കച്ചവടം ബ്രോഡ്‌വേയിലേക്കും വ്യാപിക്കും. മേത്തര്‍ ബസാറില്‍നിന്നുള്ള സാധനങ്ങളുടെ വഴിയോര കച്ചവടക്കാരാണ്‌ ബ്രോഡ്‌വേ കയ്യടക്കുക. 22,23 തീയതികളില്‍ മേത്തര്‍ ബസാറും ബ്രോഡ്‌വേയും ക്രിസ്‌മസ്‌ കച്ചവടത്തിന്റെ ഉത്സവത്തിലായിരിക്കും. ഈ ദിവസങ്ങളില്‍ വില ഗണ്യമായി കുറയുകയും ചെയ്യും.

Monday, December 3, 2007

പ്രത്യേക സാന്പത്തിക മേഖലകളില്‍ കര്‍ഷകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കും

ന്യൂഡല്‍ഹി
പ്രത്യേക സാന്പത്തിക മേഖലകള്‍ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. ഇന്ത്യാ സാന്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതോടെ പ്രത്യേക സാന്പത്തിക മേഖലകള്‍ക്കായി(സെസ്) ഏറ്റെടുക്കാവുന്ന ഭൂമിയുടെ പരിധി 5000 ഹെക്ടര്‍ എന്ന വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുത്തും.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ പുനരധിവാസ നയം നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് പിള്ള ചൂണ്ടിക്കാട്ടി.

വിവിധോല്‍പ്പന്ന സെസുകളുടെ കാര്യത്തിലാകും ഇളവ് പ്രധാനമായും പരിഗണിക്കുക. നിലവില്‍ ഇത്തരം 34 പ്രത്യേക സാന്പത്തിക മേഖലകളാണുള്ളത്. റിലയന്‍സ് ഇന്‍‍ഡസ്ട്രീസിന്‍റേതുള്‍പ്പെടെ നാല് സെസുകള്‍ക്ക് 5000 ഹെക്ടര്‍ വിസ്തൃതിയുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കുമെന്ന് പിള്ള പറഞ്ഞു.

രാജ്യത്തെ പ്രത്യേക സാന്പത്തിക മേഖലകളില്‍നിന്നുള്ള കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ 67,000 കോടി രൂപയിലെത്തും. നിലവില്‍ ഇത് 33,000 കോടി രൂപയാണ്.പ്രത്യേക സാന്പത്തിക മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ 18 മാസത്തിനിടെ മുന്നൂറു കോടി ഡോറളായി വര്‍ധിച്ചു.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് നാലു മടങ്ങുവരെ വര്‍ധിച്ചേക്കുമെന്നും പിള്ള പറഞ്ഞു. ഈ സാന്പത്തിക മേഖലകളിലെ ആകെ തൊഴില്‍ സാധ്യത ആറു ലക്ഷത്തിലേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Friday, November 9, 2007

കേരളത്തെ സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റും: മന്ത്രി എളമരം കരിം



കൊച്ചി: കേരളത്തെ ഒരു സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ലക് ഷ്യമെന്ന് വ്യവസായ മന്ത്രി എളമരം കരിം പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഹാളില്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ കാലയളവില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.

മലബാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നടക്കുക. കേരളത്തിന്‍റെ തനിമ പ്രകടമാക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ കൈത്തറി ഫെസ്റായും ഇടുക്കിയിലും വയനാട്ടിലും സുഗന്ധവ്യഞ്ജന മേളയായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വ്യാപാരമേളയായും കൊല്ലത്ത് ക്യാഷ് നട്ട് ഫെസ്റ്റിവലായുമാണ് സംഘടിപ്പിക്കുക. ഈ കാലയളവില്‍ ആലപ്പുഴയില്‍ കയര്‍ ഫെസ്റ്റിവലായിട്ടാണ് മേള നടക്കുക.

ഫെസ്റ്റിവല്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും പൂര്‍ണമായും വ്യാപാരികളുടെ പരിപാടിയാണെന്നും മന്ത്രി പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഇ എസ് ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ ടി ഒ സൂരജ്, വ്യവസായ സെക്രട്ടറി പി എച്ച് കുര്യന്‍, ജെ കെ എസ് എഫ് ഡയറക്ടര്‍ കെ എന്‍ സതീശന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ബി പ്രസകുമാര്‍, കെ സി സി ഐ വൈസ് ചെയര്‍മാന്‍ കെ എം അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

ബെസ്റ്റ് ഓര്‍ഗാനിക് കോഫി അവാര്‍ഡ് പോബ്സിന്

പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള പോബ്സ് ഗ്രൂപ്പിന്‍റെ ജൈവകൃഷിത്തോട്ടം മികച്ച ഓര്‍ഗാനിക് കാപ്പിക്കുള്ള ഫ്ളേവര്‍ ഓഫ് ഇന്ത്യ- ഫൈന്‍ കപ്പ് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി ആന്‍റ് സെക്കന്‍റ് ഓര്‍ഗാനിക് റോബസ്റ്റ കോഫി അവാര്‍ഡ് 2007 ന് അര്‍ഹമായി. പോബ്സിന്‍റെ തൂത്തമ്പാറ എസ്റേററ്റില്‍ ഉല്‍പ്പാദിപ്പിച്ച കാപ്പിയാണ് കോഫി ബോര്‍ഡിന്‍റെ ഫൈന്‍ കപ്പ് അവാര്‍ഡ് (റോബസ്റ) 2007 ന് തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരത്തിന് അര്‍ഹമായ കാപ്പി ഉല്‍പ്പാദിപ്പിച്ച തൂത്തമ്പാറ എസ്റേറ്റ് ഈ വര്‍ഷം ജൂലൈയില്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ജൈവ കൃഷിത്തോട്ടമാണ് നെല്ലിയാമ്പതിയിലെ തൂത്തമ്പാറ എസ്റേറ്റ്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കപ്പ് ടേസ്റേഴ്സിനെ ഉള്‍പ്പെടുത്തി നാലു തരത്തിലുള്ള വിശകലനത്തിനു ശേഷമാണ് കോഫി ബോര്‍ഡ് ഇന്ത്യയിലെ പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. ബോര്‍ഡ് മികച്ചതായി അംഗീകരിച്ച ഗുണമേന്മയുള്ള കാപ്പിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുനന രാജ്യാന്തര മല്‍സരങ്ങളില്‍ വിജയം വരിക്കുന്നത്.

Friday, November 2, 2007

ഇന്ത്യ ശ്രിലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യും

കൊളംബോ
പ്രസിഡന്‍റ് മഹീന്ദ്ര രാജ്പക്സെയുടെ അഭ്യര്‍ത്ഥന മാനിച്ച് ശ്രീലങ്കയിലേക്ക് ഇന്ത്യ ആറായിരം ടണ്‍ അരി കയറ്റുമതി ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ അരിയുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് തൂത്തുക്കുടി, ചെന്നെ തുറുമുഖങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള അരിയാണ് അടുത്തയാഴ്ച്ചയോടെ ശ്രീലങ്കയില്‍ എത്തിക്കുക.

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പ്രസിഡന്‍റ് രാജ്പക്സേ അരി കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചത്.