Showing posts with label വിനോദം. Show all posts
Showing posts with label വിനോദം. Show all posts

Friday, December 7, 2007

ജയാ ഗ്രൂപ്പിന് പുതിയ രണ്ടു ചാനലുകള്‍

ചെന്നൈ
തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.ഐ.ഡി.എം.കെയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പുതിയ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് പരീക്ഷണ സംപ്രേഷണം ആരംഭിച്ചു.

ജയാ ടീവി ഗ്രൂപ്പിന്‍റെ പുതിയ ചാനലുകളായ ജയാ പ്ലസിന്‍റെയും ജയാ മാക്സിന്‍റെയും ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത നിര്‍വഹിച്ചു.
ജയാ പ്രസ് വാര്‍ത്താ ചാനലും മാക്സ് സംഗീതാധിഷ്ഠിത ചാനലുമായിരിക്കുമെന്ന് ജയാ ടി.വി വാര്‍ത്താ വിഭാഗം വൈസ് പ്രസിഡന്‍റ് കെ.പി. സുനില്‍ അറിയിച്ചു.
ഒന്‍പതു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ജയാ ടീവി വാര്‍ത്തക്കും വാര്‍ത്തേതര പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

മുഖ്യമന്ത്രി കരുണാനിധിയുടെ ബന്ധുവായ കലാനിധി മാരന്‍റെ നേതൃത്വത്തിലുള്ള സണ്‍ നെറ്റ്വര്‍ക്കുമായുള്ള കിടമത്സരം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജയാ ഗ്രൂപ്പ് പുതിയ ചാനലുകള്‍ തുടങ്ങുന്നത്.

കലാനിധി മാരന്‍റെ സഹോദരന്‍ ദയാനിധി മാരന്‍ കേന്ദ്രമന്ത്രിയായിരിക്കെ ജയാ ഗ്രൂപ്പിന്‍റെ ചാനല്‍ അപ് ലിങ്കിംഗ് സൗകര്യം തടഞ്ഞതായി ജയലളിത ആരോപിച്ചിരുന്നു. ദയാനിധി മാരന്‍ ഈ വര്‍ഷം മേയിലാണ് രാജിവെച്ചത്.

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ യുദ്ധത്തിന് ടെലിവിഷന്‍ ചാനലുകളെ പരമാവധി ഉപയോഗിച്ചുവരികയാണ്.
ജയാ ഗ്രൂപ്പിന്‍റെ പുതിയ ചാനലുകള്‍ ജനുവരിയില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Monday, December 3, 2007

വിവാദം ഗുണം ചെയ്തില്ല;മാധുരിയുടെ ചിത്രത്തിന് തണുത്ത പ്രതികരണം


ന്യൂദല്‍ഹി

വിവാദങ്ങള്‍ പലപ്പോഴും ബോക്സ് ഓഫീസില്‍ സിനിമകള്‍ക്ക് സഹായകമാവുകയാണ് ചെയ്യുക.പക്ഷെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനം നിരോധിച്ചത് മാധുരി ദീക്ഷിതിന്‍റെ പുതിയ ചിത്രമായ 'ആജാ നാച് ലേ'ക്ക് കാര്യമായ പ്രയോജനമുണ്ടാക്കിയില്ല.

ടൈറ്റില്‍ പാട്ടിലെ വരികള്‍ ദളിതുകളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആദ്യം യു.പിയിലും പിന്നെ പഞ്ചാബിലും ഹരിയാനയിലും ചിത്രം താല്‍കാലികമായി നിരോധിച്ചത്.

ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം മാധുരി ദീക്ഷിതിന്‍റെ കൊട്ടിഘോഷിച്ചുള്ള തിരിച്ചുവരവിന് പ്രേക്ഷകരുടെ പ്രതികരണം നിരാശാജനകമാണ്. ചിത്രത്തിന് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകാനിടയില്ലെന്നാണ് ആദ്യ ആഴ്ച്ചയിലെ സൂചനകള്‍.

''യാഷ് രാജ് മൂവീസിന്‍റെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ആജാ നാച് ലേക്ക് മികച്ച തുടക്കം കിട്ടിയില്ല. വിവാദങ്ങള്‍പോലും ചിത്രത്തിന് സഹായകമായില്ല''- ഫണ്‍ സിനിമാസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ദീപക് തലൂജ വ്യക്തമാക്കി.

ദല്‍ഹിയിലെയും യു.പിയിലെയും തീയേറ്ററുകളില്‍ ആജാ നാച് ലേക്ക് 50 മുതല്‍ 55 ശതമാനംവരെ മാത്രമാണ് പ്രേക്ഷകരുള്ളത്.രാജസ്ഥാനിലും മുംബൈയിലും ഇത് 60 ശതമാനമാണ്. ബാംഗ്ലൂരിലാണ് ഏറ്റവും മികച്ച പ്രതികരണം 90 ശതമാനം മുതല്‍ 95 ശതമാനം വരെ.വിവാദങ്ങളുടെ ബലത്തില്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് തിയേറ്ററുകാരുടെ പ്രതീക്ഷ.

വിവാദത്തെ തുടര്‍ന്ന് നിര്‍മാതാവ് യാഷ് ചോപ്ര ക്ഷമാപണം നടത്തുകയും ടൈറ്റില്‍ പാട്ടിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

(ഐ.എ.എന്‍.എസ്)

Thursday, November 22, 2007

പി.വി.ആര്‍ 250 മള്‍ട്ടിപ്ലക്സുകള്‍ കൂടിനിര്‍മിക്കും

ന്യൂദല്‍ഹി

2010ഓടെ ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളിലായി 250 മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററുകള്‍കൂടി നിര്‍മിക്കുമെന്ന് ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായ പി.വി.ആര്‍ ലിമിറ്റഡ് വ്യക്തമാക്കി.

ഇവിയില്‍ 40 എണ്ണം മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ വന്‍കിടക്കാരെ ലക്ഷ്യമിടുന്ന ഉന്നത നിലവാരത്തിലുള്ള പി.വി.ആര്‍ പ്രീമിയര്‍ തിയേറ്ററുകളായിരിക്കും.

മറ്റു നഗരങ്ങളിലെ പ്രേക്ഷകര്‍ക്കായി പി.വി.ആര്‍ സിനിമാകളും ചെറു നഗരങ്ങളില്‍ പി.വി.ആര്‍ ടാക്കീസുകളും സ്ഥാപിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ പി.വി.ആറിന് രാജ്യത്ത് 95 മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുണ്ട്.

"2010 ഏപ്രലിനുമുന്പ് 250 തിയേറ്ററുകള്‍കൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രാരംഭഘട്ടത്തില്‍ 400 കോടി രൂപ മുടക്കും"-പി.വി.ആര്‍ ലമിറ്റ‍ഡ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബാലാജി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടു പറഞ്ഞു.

Friday, November 9, 2007

പിരമിഡ് സൈമിറ അമേരിക്കയിലേക്ക്

യു.എസിലും കാനഡയിലുമായി 17 തീയേറ്ററുകള്‍ നടത്തുന്ന ഫണ്‍ ഏഷ്യയെ ഇന്ത്യയിലെ ഏറ്റവും വലിയ തീയേറ്റര്‍ ശൃംഖലയായ പിരമിഡ് സൈമിറ തീയേറ്റര്‍ ലിമിറ്റഡ് വിലയ്ക്കു വാങ്ങി. വടക്കേ അമേരിക്കയിലെ ദക്ഷിണേഷ്യന്‍ വംശജരെ ലക്ഷ്യമാക്കി അവിടേക്ക് നീങ്ങുന്ന പിരമിഡ് മലേഷ്യയിലും സിങ്കപ്പൂരിലും സിനിമാ ശാലകള്‍ നടത്തുന്നുണ്ട്. ടെക്സാസിലെ റിച്ചാര്‍ഡ്സണ്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന പിരമിഡ് സൈമിറ എന്റര്‍ടെയ്ന്‍മെന്റ് അമേരിക്ക, ഇന്‍‍കോര്‍പ്പറേറ്റഡ് എന്ന സബ്സിഡിയറി കമ്പനിയാണ് യു.എസിലേയും കാനഡയിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയെന്ന് പിരമിഡ് സൈമിറ മാനേജിംഗ് ഡയറക്ടര്‍ പി എസ് സ്വാമിനാഥന്‍ പറഞ്ഞു.
ഫണ്‍ ഏഷ്യക്ക് ടെക്സാസിലെ റിച്ചാര്‍ഡ്സണിലും ഇര്‍വിങ്ങിലും ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളും ഹുസ്റ്റണിലും ചിക്കാഗോയിലും മള്‍ട്ടി പ്ളക്സുമുണ്ട്. 6 സ്ക്രീനുകളോടെ 1763 പേര്‍ക്കിരിക്കാവു മള്‍ട്ടി പ്ളക്സാണ് ചിക്കാഗോയിലേത്.പിരമിഡ് സൈമിറ ഇപ്പോള്‍ 703 സ്ക്രീനുകളോടെ 44 മള്‍ട്ടി പ്ളക്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 2020 ആവുമ്പോഴേക്ക് സ്ക്രീനുകളുടെ എണ്ണം രണ്ടായിരവും മള്‍ട്ടി പ്ളക്സുകള്‍ 175 ആയും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 164.31 കോടി രൂപയുടെ വിറ്റുവരവ് നേടിയ പിരമിഡ് സൈമിറ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ മാത്രം 146 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. 15.11 കോടി രൂപയാണ് മൂന്നുമാസത്തെ അറ്റാദായം. മുന്‍വര്‍ഷം ഇത് 13.4 കോടിയായിരുന്നു.

Thursday, November 1, 2007

ഹോളിവുഡ് കന്പനികള്‍ ബോളിവുഡില്‍ സജീവമാകുന്നു











ഡാന്‍ ഗ്ലിക്മാന്‍




ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്‍റെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് ഹോളിവുഡ് സിനിമകളുടെ കടന്നുകയറ്റമാണ്.ഈ വാദഗതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാണെങ്കിലും ചലച്ചിത്രോത്സവങ്ങളോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും മറ്റും ഹോളിവുഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തുടരുന്നു.

മുന്‍പ് സിനിമകള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ഹോളിവുഡിന്‍റെ സാന്നിധ്യമറിയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവിടുത്തെ നിര്‍മാണ കന്പനികള്‍തന്നെ ഇന്ത്യന്‍ ചലച്ചിത്ര വിപണിയില്‍ പണമെറിയാന്‍ തയാറായിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ സവാരിയയുടെ നിര്‍മാണത്തില്‍ പങ്കാളികളായിക്കൊണ്ട് സോണി പിക്ചേഴ്സ് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

അമേരിക്കന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡാന്‍ ഗ്ലിക്മാന്‍റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ സോണിക്കു പിന്നാലെ ഹോളിവുഡിലെ കൂടുതല്‍ മുന്‍നിര ബാനറുകള്‍ ഹിന്ദി ഇന്ത്യന്‍ സിനിമാ വിപണിയില്‍ സജീവമാകുമെന്ന് ഉറപ്പിക്കാം.പാരമൗണ്ട്, സോണി പിക്ചേഴ്സ്, ട്വന്‍റിയത്ത് സെഞ്ചുറി ഫോക്സ്, യൂണിവേഴ്സല്‍ പിക്ചേഴ്സ്, വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷന്‍, വാണര്‍ ബ്രദേഴ്സ് എന്നീ വന്പന്‍ നിര്‍മാണ കന്പനികള്‍ ഉള്‍പ്പെട്ടതാണ് മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യയെക്കുറിച്ചുള്ള ഹോളിവുഡിന്‍റെ വീക്ഷണം എന്ന വിഷയത്തില്‍ ഗ്ലിക്മാന്‍ നടത്തിയ പ്രഭാഷണം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായ മേഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ വാണര്‍ ബ്രദേഴ്സ് പങ്കാളികളായേക്കുമെന്ന് ഗ്ലിക്മാന്‍ അറിയിച്ചു. ചൈനയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതി അവകാശപ്പെടുന്ന മെയ്ഡ് ഇന്‍ ചൈന 2008 ഓഗസ്റ്റില്‍ ബെയ്ജിംഗ് ഒളിന്പിക്സിനെ തുടര്‍ന്നാണ് റിലീസ് ചെയ്യുക. അക്ഷയ്കുമാറും ദീപിക പദുക്കോണുമാണ് പ്രധാന അഭിനേതാക്കള്‍. യാഷ് രാജ് ഫിലിംസും വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷനും ചേര്‍ന്ന് നിര്‍മിക്കുന്ന ആനിമേഷന്‍ ചിത്രമായ റോഡ്സൈഡ് റോമിയോ ആണ് മറ്റൊരു പങ്കാളിത്ത സംരംഭം.

ഹോളിവുഡ് കന്പനികള്‍ സജീവമാകുന്നതോടെ ഇന്ത്യന്‍ ചലച്ചിത്രവിപണിക്ക് അനന്തമായ സാധ്യതകളാണ് തുറുന്നുകിട്ടുന്നത്.അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതുവഴി അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മാണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ കന്പനികള്‍ക്കുമുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.
നാളെ അമേരിക്കന്‍ കന്പനികള്‍ തെലുങ്കിലും തമിഴിലും എന്തിന് മലയാളത്തില്‍വരെ കാശിറക്കില്ലെന്ന് ആരു കണ്ടു?.
--------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട്
വിക്കിപ്പീടിയ ഇംഗ്ലീഷ്(ഗ്ലിക്മാന്‍)