Wednesday, October 31, 2007

ഹ്യുണ്ടായി ഐ10 കാറിന്‍റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ കന്പനി പ്രസിഡന്‍റ് ജെ കൂക്ക് പ്രസംഗിക്കുന്നു. ഹ്യുണ്ടായി ഐ10 കാറിന്‍റെ നിര്‍മാണ, കയറ്റുമതി കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 3,39026 രൂപമുതല്‍ 490475 രൂപ വരെയാണ് പുതിയ കാറിന്‍റെ വില.
(ഫോട്ടോ എ.എഫ്.പി).





കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വിജയ് മല്യ മുംബെയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മോഡലും ബോളിവുഡ് നടിയുമായ ദീപിക പദുക്കോണിനൊപ്പം. ചടങ്ങില്‍ ദീപിക പദുക്കോണിനെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
(ഫോട്ടോ ഇ.പി.എ)

നവി മുംബൈ വിമാനത്താവളത്തിന് വീഡിയോകോണ്‍ ടെന്‍ഡര്‍ നല്‍കും

ന്യൂദല്‍ഹി-നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിക്കുമെന്ന് ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖരായ വീഡിയോകോണ്‍ വ്യക്തമാക്കി.

വ്യോമ ഗതാഗത മേഖലയില്‍ മൂവായിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിനാണ് കന്പനി ലക്ഷ്യമിടുന്നതെന്നും കണ്‍സോര്‍ഷ്യത്തില്‍ സഹകരിക്കുന്നതിനുള്ള വിദേശ കന്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായും വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ എന്‍ ദൂത് പറഞ്ഞു. വീഡിയോകോണ്‍ ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരിലായിരിക്കും പുതിയ കന്പനി അറിയപ്പെടുക.

ആദ്യഘട്ടത്തില്‍ വിദേശ പങ്കാളിത്ത കന്പനിക്ക് 24 ശതമാനം ഓഹരികള്‍ നല്‍കുമെന്നും ഇത് പിന്നീട് പരമാവധി 49 ശതമാനം വരെയായി ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

നേരത്തെ ദല്‍ഹി വിമാനത്താവളത്തിന് വീഡിയോകോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ കണ്‍സോര്‍ഷ്യത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് കന്പനികള്‍ ഇല്ലാത്തതിനാല്‍ നിരസിക്കപ്പെടുകയായിരുന്നു.

നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മേയില്‍ അനുമതി നല്‍കിയിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Monday, October 29, 2007

ഒടുവില്‍ ബില്‍ ഗേറ്റ്സും അംബാനിയോടു തോറ്റു

ഓഹരി വിപണിയിലെ കുതിപ്പിന്‍റെ ചിറകലേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്ന ഖ്യാതിക്ക് അര്‍ഹനായപ്പോള്‍ ലോക സന്പന്നരുടെ പട്ടിക അടിമുടി മാറി മറിഞ്ഞു.

സോഫ്റ്റ്വേര്‍ രാജാവ് ബില്‍ ഗേറ്റ്സും മെക്സിക്കോയിലെ ബിസിനസ് പ്രമുഖന്‍ കാര്‍ലോസ് സ്ലിം ഹെലുവുമൊക്കെ മുകേഷിനു പിന്നിലായി.

കഴിഞ്ഞ സെപ്റ്റംബറിറില്‍ ഉരുക്കു വ്യവസായി ലക്ഷ്മി രത്തന്‍ മിത്തലിനെ പിന്നിലാക്കി മുകേഷ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ലോക സന്പന്നരില്‍ മിത്തല്‍ ആഞ്ചാം സ്ഥാനത്താണ്.

മുന്‍നിര സന്പന്നരുടെ പുതിയ പട്ടിക ഇങ്ങനെ

1.മുകേഷ് അംബാനി(6,320 കോടി ഡോളര്‍)
2. കാര്‍ലോസ് സ്ലിം ഹേലു (6,229.93 കോടി ഡോളര്‍)
3. ബില്‍ ഗേറ്റ്സ് (6,229 കോടി ഡോളര്‍)
4.വാറന്‍ ബുഫെറ്റ്(5,590 കോടി ഡോളര്‍)
5. ലക്ഷ്മി മിത്തല്‍(5,090 ഡോളര്‍)

ഡി.എല്‍.എഫിന് കേരളത്തില്‍ 2000 കോടി രൂപയുടെ പദ്ധതികള്‍



കൊച്ചി: കെട്ടിടനിര്‍മ്മാണരംഗത്ത് രണ്ടായിരം കോടി രൂപയുടെ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് കേരളത്തില്‍ ചുവടുറപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ സ്ഥാപിക്കുന്ന മൂന്ന് ആത്യാധുനിക ഹോട്ടലുകളില്‍ ഒന്ന് മറൈന്‍ഡ്രൈവിലായിരിക്കും. 2008ല്‍ നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതി. മറ്റൊന്ന് ഫോര്‍ട്ടുകൊച്ചിയിലായിരിക്കും. ഹോട്ടല്‍ പദ്ധതികള്‍ക്കായി 1000 കോടിരൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.
കാക്കനാട്, വൈറ്റില എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ പാര്‍പ്പിട സമുച്ചയവും ഡി.എല്‍.എഫ് നിര്‍മ്മിക്കും. വൈറ്റിലയിലെ ചിലവന്നൂര്‍ കായലോരത്ത് റിവര്‍സൈഡ് എന്ന പേരില്‍ 250 കോടി രൂപ മുതല്‍മുടക്കില്‍ പാര്‍പ്പിടസമുച്ചയപദ്ധതി ഡി.എല്‍.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് ഏക്കറില്‍ അഞ്ച് ടവറുകളിലായി 175 അപ്പാര്‍ട്ടുമെന്റുകള്‍ സമുച്ചയത്തിലുണ്ടാകും. ഏറ്റവും ഉയരം കൂടിയ ടവറിന് 20 നിലകളാണുണ്ടാകുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗോടെ അത്യാഡംബര ശ്രേണിയിലാണ് ഡി.എല്‍.എഫിന്റെ അപ്പാര്‍ട്ടുമെന്റുകള്‍ പാര്‍പ്പിട വിപണിയിലെത്തുക. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറാണ് സമുച്ചയത്തിന്‍റെ രൂപകല്‍പ്പന തയാറാക്കിയിരിക്കുന്നത്.

എറണാകുളം മറൈന്‍ഡ്രൈവില്‍ ഡി.എല്‍.എഫിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍കിട ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഷോപ്പിംഗ് മാളിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍, മള്‍ട്ടിപ്ളക്സ് എന്നിവ കൂടി അടങ്ങിയതായിരിക്കും ഈ സമുച്ചയം. ഫോര്‍ട്ടുകൊച്ചിയില്‍ ആസ്പിന്‍വാള്‍ കമ്പനിയുടെ ആസ്ഥാനമന്ദിരം വാങ്ങിയ ഡി.എല്‍.എഫ് ഇത് ഹെറിറ്റേജ് ഹോട്ടലാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് പാര്‍പ്പിട നിര്‍മാണരംഗത്തേക്ക്



കൊച്ചി: ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് ഇന്ത്യയിലും യു.എ.ഇയിലും പാര്‍പ്പിട നിര്‍മാണ രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുധീര്‍ ഗോപി അറിയിച്ചു. സുധീര്‍ ഗോപി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഗുരുവായൂരിലെ 'വൈകുണ്ഠം റിട്രീറ്റ്' ആണ് കമ്പനിയുടെ ആദ്യ പദ്ധതി.പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലും ഗള്‍ഫിലും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സുധീര്‍ ഗോപി പറഞ്ഞു.

പല വിദേശ ഇന്ത്യക്കാരും മികച്ച വരുമാനമുള്ളവരാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇന്ത്യയില്‍ അവധിക്കെത്തുമ്പോള്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതും സമ്പൂര്‍ണവുമായ താമസസൌകര്യമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് വൈകുണ്ഠം റിട്രീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യു.എ.ഇയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനായി ലിറ്റില്‍ ഇന്ത്യ എന്ന പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. വരുമാനത്തിന്‍റെ നല്ല പങ്ക് വീട്ടുവാടകക്കായി ചെലവാക്കുന്ന പ്രവാസികള്‍ക്ക് ഈ തുക സ്വന്തം ഭവനത്തിനായി നിക്ഷേപിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. ആയിരം ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ടുമെന്‍റുകളാണ് ലിറ്റില്‍ ഇന്ത്യയിലുണ്ടാകുക. വീടുകള്‍ക്ക് പുറമെ കോളേജുകള്‍, സ്കൂളുകള്‍, ഷോപ്പുകള്‍, തീയേറ്ററുകള്‍ തുടങ്ങിയവയും ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. യു.എ.ഇയില്‍ ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടി ഉടമകളായിരിക്കുന്നവര്‍ക്ക് റസിഡന്‍റ് വിസക്കും അര്‍ഹതയുണ്ടാകുമെന്ന് സുധീര്‍ ഗോപി ചൂണ്ടിക്കാട്ടി.

സെന്‍സെക്സ് 20,000 ക്ലബില്‍

മുംബൈ ഓഹരി സൂചിക 20,000 പോയിന്‍റ് പിന്നിട്ട് റെക്കോര്‍ഡ് കുറിച്ചു. ഒറ്റ ദിവസം കൊണ്ട് 750 പോയന്‍റിന്‍റെ മുന്നേറ്റമാണുണ്ടായത്.

കഴിഞ്ഞ രണ്ടു ദിവസം സൂചികയിലുണ്ടായ മാറ്റത്തോടെ സെന്‍സെക്സ് ഹോങ്കോംഗിലെ ഹാംഗ് സെന്‍ഗ്, ബ്രസീലിലെ ബോവെസ്പ, മെക്സിക്കോയിലെ ബോല്‍സ എന്നിവക്കൊപ്പം 20,000 ക്ലബില്‍ പങ്കാളിയായി.

ഹാംഗ് സെംഗ് അടുത്തയിടെ 30,000 പോയിന്‍റ് കടന്നിരുന്നു. ഇന്ന് അത് 31,560 ആയി. ബോവെസ്പ ഈ മാസം 26ന് 64,275ലെത്തിയിരുന്നു. ബോല്‍സ സൂചിക കഴിഞ്ഞ വെള്ളിയാഴ്ച്ച 32,136 പോയിന്‍റിലെത്തി.

റിസര്‍വ് ബാങ്ക് വായ്പാ നയം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വോഡഫോണ്‍ 99 രൂപ ഉപഭോക്താക്കള്‍ക്കുള്ള കാലാവധി വര്‍ധിപ്പിക്കുന്നു


കൊച്ചി: ഇന്ത്യയിലെ മുന്‍നിര സെല്ലുലര്‍ സര്‍വീസ് സേവനദാതാവായ വോഡഫോണ്‍ എസ്സാര്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കാലാവധി നീട്ടിയെടുക്കുന്നതിനുള്ള സൗകര്യം പ്രഖ്യാപിച്ചു. മുപ്പത് ദിവസം കാലാവധിയുള്ള 99 രൂപ പാക്കേജ് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ഉപയോഗിക്കാത്ത കാലാവധി അടുത്ത റീച്ചാര്‍ജിലേക്ക് ചേര്‍ക്കാന്‍ കഴിയും. തുടര്‍ന്നുള്ള 'കുട്ടി' റീച്ചാര്‍ജുകള്‍ക്കും പൂര്‍ണ സംസാരമൂല്യം ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് പാക്കേജിന്‍റെ കാലാവധി തീരുന്നത് കാത്തുനില്‍ക്കാതെ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് വോഡഫോണ്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സേവനം. നേരത്തെ കാലാവധി തീരുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ റീച്ചാര്‍ജ് ചെയ്യുന്ന പക്ഷം ഉപയോഗിക്കാത്ത കാലാവധി വീണ്ടെടുക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നുള്ള റീച്ചാര്‍ജില്‍ മുന്‍ കാലാവധി നഷ്ടമാകുന്ന തരത്തിലായിരുന്നു പഴയ സംവിധാനം. ഇന്ത്യയില്‍ ഈ സൗകര്യം ആദ്യമായി നല്‍കുന്നത് തങ്ങളാണെന്ന് വോഡഫോണ്‍ അവകാശപ്പെട്ടു.