Sunday, December 16, 2007

ഇവിടെ ക്രിസ്മസ് വിപണി സജീവം

കൊച്ചി
ഡിസംബര്‍ മൂന്നാം വാരത്തിലേക്ക്‌ കടന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ്‌ വിപണിയായ എറണാകുളത്തെ മേത്തര്‍ ബസാര്‍ സജീവമായി. നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്‌വേയോടു ചേര്‍ന്നുകിടക്കുന്ന മേത്തര്‍ ബസാര്‍ ക്രിസ്‌മസിന്‍റെ ഗൃഹാതുര സ്‌മരണകള്‍ പേറുന്നവര്‍ക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വ്യാപാരികള്‍ക്കും വിസ്‌മയ ലോകമാണ്‌.

തുച്ഛ വിലയുള്ള അലങ്കാര വസ്‌തുക്കള്‍ മുതല്‍ ആയിരക്കണക്കിനു രൂപ വിലവരുന്ന വിദേശ നിര്‍മിതമായ ക്രിബുകളും റെഡീമേഡ്‌ ക്രിസ്‌മസ്‌ ട്രീകളുംവരെ ഈ വിപണിയിലുണ്ട്‌. നൂറുകണക്കിന്‌ ഇനങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാര ലൈറ്റുകളുമൊക്കെ മേത്തര്‍ബസാറിനെ വര്‍ണാഭമാക്കുന്നു.

നവംബര്‍ അവസാനം മുതല്‍ ഇവിടെനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കം ആരംഭിക്കും. ഡിസംബറാകുന്നതോടെ വ്യാപാരം കുടുതല്‍ ഊഷാറാകും. വിലക്കുറവിന്‍റെ ആകര്‍ഷണവുമായി ഡിസംബറില്‍ ചില്ലറ വ്യാപാരവും സജീവമാകുന്നതോടെ മേത്തര്‍ബസാറില്‍ തിരക്കേറും.

ഡിസംബര്‍ 20 പിന്നിടുന്നതോടെ കച്ചവടം ബ്രോഡ്‌വേയിലേക്കും വ്യാപിക്കും. മേത്തര്‍ ബസാറില്‍നിന്നുള്ള സാധനങ്ങളുടെ വഴിയോര കച്ചവടക്കാരാണ്‌ ബ്രോഡ്‌വേ കയ്യടക്കുക. 22,23 തീയതികളില്‍ മേത്തര്‍ ബസാറും ബ്രോഡ്‌വേയും ക്രിസ്‌മസ്‌ കച്ചവടത്തിന്റെ ഉത്സവത്തിലായിരിക്കും. ഈ ദിവസങ്ങളില്‍ വില ഗണ്യമായി കുറയുകയും ചെയ്യും.

1 comment:

ബി-ലോകം said...

കൊച്ചി നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്‌വേയോടു ചേര്‍ന്നുകിടക്കുന്ന മേത്തര്‍ ബസാര്‍ ക്രിസ്‌മസിന്‍റെ ഗൃഹാതുര സ്‌മരണകള്‍ പേറുന്നവര്‍ക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വ്യാപാരികള്‍ക്കും വിസ്‌മയ ലോകമാണ്‌.