Wednesday, October 31, 2007

ഹ്യുണ്ടായി ഐ10 കാറിന്‍റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഹ്യുണ്ടായി മോട്ടോര്‍ കന്പനി പ്രസിഡന്‍റ് ജെ കൂക്ക് പ്രസംഗിക്കുന്നു. ഹ്യുണ്ടായി ഐ10 കാറിന്‍റെ നിര്‍മാണ, കയറ്റുമതി കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 3,39026 രൂപമുതല്‍ 490475 രൂപ വരെയാണ് പുതിയ കാറിന്‍റെ വില.
(ഫോട്ടോ എ.എഫ്.പി).





കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വിജയ് മല്യ മുംബെയില്‍ വാര്‍ത്താ സമ്മേളനത്തില്‍ മോഡലും ബോളിവുഡ് നടിയുമായ ദീപിക പദുക്കോണിനൊപ്പം. ചടങ്ങില്‍ ദീപിക പദുക്കോണിനെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
(ഫോട്ടോ ഇ.പി.എ)

നവി മുംബൈ വിമാനത്താവളത്തിന് വീഡിയോകോണ്‍ ടെന്‍ഡര്‍ നല്‍കും

ന്യൂദല്‍ഹി-നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിക്കുമെന്ന് ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖരായ വീഡിയോകോണ്‍ വ്യക്തമാക്കി.

വ്യോമ ഗതാഗത മേഖലയില്‍ മൂവായിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിനാണ് കന്പനി ലക്ഷ്യമിടുന്നതെന്നും കണ്‍സോര്‍ഷ്യത്തില്‍ സഹകരിക്കുന്നതിനുള്ള വിദേശ കന്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായും വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ എന്‍ ദൂത് പറഞ്ഞു. വീഡിയോകോണ്‍ ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരിലായിരിക്കും പുതിയ കന്പനി അറിയപ്പെടുക.

ആദ്യഘട്ടത്തില്‍ വിദേശ പങ്കാളിത്ത കന്പനിക്ക് 24 ശതമാനം ഓഹരികള്‍ നല്‍കുമെന്നും ഇത് പിന്നീട് പരമാവധി 49 ശതമാനം വരെയായി ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

നേരത്തെ ദല്‍ഹി വിമാനത്താവളത്തിന് വീഡിയോകോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ കണ്‍സോര്‍ഷ്യത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് കന്പനികള്‍ ഇല്ലാത്തതിനാല്‍ നിരസിക്കപ്പെടുകയായിരുന്നു.

നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മേയില്‍ അനുമതി നല്‍കിയിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Monday, October 29, 2007

ഒടുവില്‍ ബില്‍ ഗേറ്റ്സും അംബാനിയോടു തോറ്റു

ഓഹരി വിപണിയിലെ കുതിപ്പിന്‍റെ ചിറകലേറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്ന ഖ്യാതിക്ക് അര്‍ഹനായപ്പോള്‍ ലോക സന്പന്നരുടെ പട്ടിക അടിമുടി മാറി മറിഞ്ഞു.

സോഫ്റ്റ്വേര്‍ രാജാവ് ബില്‍ ഗേറ്റ്സും മെക്സിക്കോയിലെ ബിസിനസ് പ്രമുഖന്‍ കാര്‍ലോസ് സ്ലിം ഹെലുവുമൊക്കെ മുകേഷിനു പിന്നിലായി.

കഴിഞ്ഞ സെപ്റ്റംബറിറില്‍ ഉരുക്കു വ്യവസായി ലക്ഷ്മി രത്തന്‍ മിത്തലിനെ പിന്നിലാക്കി മുകേഷ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ലോക സന്പന്നരില്‍ മിത്തല്‍ ആഞ്ചാം സ്ഥാനത്താണ്.

മുന്‍നിര സന്പന്നരുടെ പുതിയ പട്ടിക ഇങ്ങനെ

1.മുകേഷ് അംബാനി(6,320 കോടി ഡോളര്‍)
2. കാര്‍ലോസ് സ്ലിം ഹേലു (6,229.93 കോടി ഡോളര്‍)
3. ബില്‍ ഗേറ്റ്സ് (6,229 കോടി ഡോളര്‍)
4.വാറന്‍ ബുഫെറ്റ്(5,590 കോടി ഡോളര്‍)
5. ലക്ഷ്മി മിത്തല്‍(5,090 ഡോളര്‍)

ഡി.എല്‍.എഫിന് കേരളത്തില്‍ 2000 കോടി രൂപയുടെ പദ്ധതികള്‍



കൊച്ചി: കെട്ടിടനിര്‍മ്മാണരംഗത്ത് രണ്ടായിരം കോടി രൂപയുടെ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് കേരളത്തില്‍ ചുവടുറപ്പിക്കുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് അഞ്ച് ഹോട്ടലുകളും രണ്ട് പാര്‍പ്പിട സമുച്ചയങ്ങളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ സ്ഥാപിക്കുന്ന മൂന്ന് ആത്യാധുനിക ഹോട്ടലുകളില്‍ ഒന്ന് മറൈന്‍ഡ്രൈവിലായിരിക്കും. 2008ല്‍ നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതി. മറ്റൊന്ന് ഫോര്‍ട്ടുകൊച്ചിയിലായിരിക്കും. ഹോട്ടല്‍ പദ്ധതികള്‍ക്കായി 1000 കോടിരൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.
കാക്കനാട്, വൈറ്റില എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ പാര്‍പ്പിട സമുച്ചയവും ഡി.എല്‍.എഫ് നിര്‍മ്മിക്കും. വൈറ്റിലയിലെ ചിലവന്നൂര്‍ കായലോരത്ത് റിവര്‍സൈഡ് എന്ന പേരില്‍ 250 കോടി രൂപ മുതല്‍മുടക്കില്‍ പാര്‍പ്പിടസമുച്ചയപദ്ധതി ഡി.എല്‍.എഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ച് ഏക്കറില്‍ അഞ്ച് ടവറുകളിലായി 175 അപ്പാര്‍ട്ടുമെന്റുകള്‍ സമുച്ചയത്തിലുണ്ടാകും. ഏറ്റവും ഉയരം കൂടിയ ടവറിന് 20 നിലകളാണുണ്ടാകുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിംഗോടെ അത്യാഡംബര ശ്രേണിയിലാണ് ഡി.എല്‍.എഫിന്റെ അപ്പാര്‍ട്ടുമെന്റുകള്‍ പാര്‍പ്പിട വിപണിയിലെത്തുക. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറാണ് സമുച്ചയത്തിന്‍റെ രൂപകല്‍പ്പന തയാറാക്കിയിരിക്കുന്നത്.

എറണാകുളം മറൈന്‍ഡ്രൈവില്‍ ഡി.എല്‍.എഫിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍കിട ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഷോപ്പിംഗ് മാളിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍, മള്‍ട്ടിപ്ളക്സ് എന്നിവ കൂടി അടങ്ങിയതായിരിക്കും ഈ സമുച്ചയം. ഫോര്‍ട്ടുകൊച്ചിയില്‍ ആസ്പിന്‍വാള്‍ കമ്പനിയുടെ ആസ്ഥാനമന്ദിരം വാങ്ങിയ ഡി.എല്‍.എഫ് ഇത് ഹെറിറ്റേജ് ഹോട്ടലാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് പാര്‍പ്പിട നിര്‍മാണരംഗത്തേക്ക്



കൊച്ചി: ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് ഇന്ത്യയിലും യു.എ.ഇയിലും പാര്‍പ്പിട നിര്‍മാണ രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുധീര്‍ ഗോപി അറിയിച്ചു. സുധീര്‍ ഗോപി ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ഗുരുവായൂരിലെ 'വൈകുണ്ഠം റിട്രീറ്റ്' ആണ് കമ്പനിയുടെ ആദ്യ പദ്ധതി.പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലും ഗള്‍ഫിലും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സുധീര്‍ ഗോപി പറഞ്ഞു.

പല വിദേശ ഇന്ത്യക്കാരും മികച്ച വരുമാനമുള്ളവരാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇന്ത്യയില്‍ അവധിക്കെത്തുമ്പോള്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതും സമ്പൂര്‍ണവുമായ താമസസൌകര്യമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് വൈകുണ്ഠം റിട്രീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യു.എ.ഇയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനായി ലിറ്റില്‍ ഇന്ത്യ എന്ന പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. വരുമാനത്തിന്‍റെ നല്ല പങ്ക് വീട്ടുവാടകക്കായി ചെലവാക്കുന്ന പ്രവാസികള്‍ക്ക് ഈ തുക സ്വന്തം ഭവനത്തിനായി നിക്ഷേപിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. ആയിരം ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ടുമെന്‍റുകളാണ് ലിറ്റില്‍ ഇന്ത്യയിലുണ്ടാകുക. വീടുകള്‍ക്ക് പുറമെ കോളേജുകള്‍, സ്കൂളുകള്‍, ഷോപ്പുകള്‍, തീയേറ്ററുകള്‍ തുടങ്ങിയവയും ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. യു.എ.ഇയില്‍ ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടി ഉടമകളായിരിക്കുന്നവര്‍ക്ക് റസിഡന്‍റ് വിസക്കും അര്‍ഹതയുണ്ടാകുമെന്ന് സുധീര്‍ ഗോപി ചൂണ്ടിക്കാട്ടി.

സെന്‍സെക്സ് 20,000 ക്ലബില്‍

മുംബൈ ഓഹരി സൂചിക 20,000 പോയിന്‍റ് പിന്നിട്ട് റെക്കോര്‍ഡ് കുറിച്ചു. ഒറ്റ ദിവസം കൊണ്ട് 750 പോയന്‍റിന്‍റെ മുന്നേറ്റമാണുണ്ടായത്.

കഴിഞ്ഞ രണ്ടു ദിവസം സൂചികയിലുണ്ടായ മാറ്റത്തോടെ സെന്‍സെക്സ് ഹോങ്കോംഗിലെ ഹാംഗ് സെന്‍ഗ്, ബ്രസീലിലെ ബോവെസ്പ, മെക്സിക്കോയിലെ ബോല്‍സ എന്നിവക്കൊപ്പം 20,000 ക്ലബില്‍ പങ്കാളിയായി.

ഹാംഗ് സെംഗ് അടുത്തയിടെ 30,000 പോയിന്‍റ് കടന്നിരുന്നു. ഇന്ന് അത് 31,560 ആയി. ബോവെസ്പ ഈ മാസം 26ന് 64,275ലെത്തിയിരുന്നു. ബോല്‍സ സൂചിക കഴിഞ്ഞ വെള്ളിയാഴ്ച്ച 32,136 പോയിന്‍റിലെത്തി.

റിസര്‍വ് ബാങ്ക് വായ്പാ നയം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വോഡഫോണ്‍ 99 രൂപ ഉപഭോക്താക്കള്‍ക്കുള്ള കാലാവധി വര്‍ധിപ്പിക്കുന്നു


കൊച്ചി: ഇന്ത്യയിലെ മുന്‍നിര സെല്ലുലര്‍ സര്‍വീസ് സേവനദാതാവായ വോഡഫോണ്‍ എസ്സാര്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കാലാവധി നീട്ടിയെടുക്കുന്നതിനുള്ള സൗകര്യം പ്രഖ്യാപിച്ചു. മുപ്പത് ദിവസം കാലാവധിയുള്ള 99 രൂപ പാക്കേജ് ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ഉപയോഗിക്കാത്ത കാലാവധി അടുത്ത റീച്ചാര്‍ജിലേക്ക് ചേര്‍ക്കാന്‍ കഴിയും. തുടര്‍ന്നുള്ള 'കുട്ടി' റീച്ചാര്‍ജുകള്‍ക്കും പൂര്‍ണ സംസാരമൂല്യം ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് പാക്കേജിന്‍റെ കാലാവധി തീരുന്നത് കാത്തുനില്‍ക്കാതെ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് വോഡഫോണ്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സേവനം. നേരത്തെ കാലാവധി തീരുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ റീച്ചാര്‍ജ് ചെയ്യുന്ന പക്ഷം ഉപയോഗിക്കാത്ത കാലാവധി വീണ്ടെടുക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നുള്ള റീച്ചാര്‍ജില്‍ മുന്‍ കാലാവധി നഷ്ടമാകുന്ന തരത്തിലായിരുന്നു പഴയ സംവിധാനം. ഇന്ത്യയില്‍ ഈ സൗകര്യം ആദ്യമായി നല്‍കുന്നത് തങ്ങളാണെന്ന് വോഡഫോണ്‍ അവകാശപ്പെട്ടു.

Sunday, October 28, 2007

എച്ച്.ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫിന് മുത്തൂറ്റുമായി പങ്കാളിത്തം

തിരുവനന്തപുരം: സ്വകാര്യ ഇന്‍ഷുറന്‍സ് സേവന ദാതാക്കളില്‍ മുന്‍നിരക്കാരായ എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് തങ്ങളുടെ കോര്‍പ്പറേറ്റ് ഏജന്‍റായി മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിനെ പ്രഖ്യാപിച്ചു. ആറു ലക്ഷത്തോളം വരുന്ന തങ്ങളുടെ അംഗങ്ങള്‍ക്ക് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ പുതിയ സംയുക്ത സംരംഭം മുത്തൂറ്റിനെ പ്രാപ്തരാക്കും. ആദ്യം കേരളത്തിലും ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളിലും പങ്കാളിത്തം വ്യാപിപ്പിക്കും.

കേരളത്തില്‍ 61 ശാഖകളാണ് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിനുള്ളത്. ദേശീയതലത്തില്‍ 700 നഗരങ്ങളും പട്ടണങ്ങളുമാണ് കമ്പനിയുടെ പരിധിയിലുള്ളത്. പതിനായിരത്തോളം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റുമാരും കമ്പനിക്കായി പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍, ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായും മറ്റ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്.

ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റയുടെ കയ്യിലേക്ക്?




ലണ്ടന്‍ഃ ആംഗ്ലോ-ഡച്ച് ഉരുക്കു കന്പനിയായ കോറസ് 1300 കോടി ഡോളറിന് ഏറ്റെടുത്ത് ഒരു വര്‍ഷം തികയും മുന്‍പ് വിഖ്യാതമായ മറ്റു രണ്ട് ബ്രിട്ടീഷ് ബ്രാന്‍ഡുകളില്‍കൂടി ടാറ്റ് ഗ്രൂപ്പ് കണ്ണുവെക്കുന്നു. ഫോര്‍ഡ് കന്പനി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഉപ സ്ഥാപനങ്ങളായ ജഗ്വാറും, ലാന്‍ഡ് റോവറും സ്വന്തമാക്കാനുള്ള മത്സരത്തില്‍ അമേരിക്കന്‍ ബാങ്കായ ജെ.പി മോര്‍ഗന്‍റെ സ്വകാര്യ ഓഹരി വിഭാഗമായ വണ്‍ ഇക്വിറ്റിയാണ് ടാറ്റാ ഗ്രൂപ്പിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

ടെന്‍ഡര്‍ നടപടിക്രമങ്ങളുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്പോള്‍ നിലവില്‍ മത്സര രംഗത്തുള്ള ആറു കന്പനികളില്‍ ടാറ്റയും വണ്‍ ഇക്വിറ്റിയും മാത്രമേ അവശേഷിക്കു. ടാറ്റക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ കന്പനികളുടെയും പ്രതിനിധികള്‍ ജാഗ്വാറിന്‍റെയും ലാന്‍റ് റോവറിന്‍റെയും പ്ലാന്‍റുകള്‍ സന്ദര്‍ശിച്ചു.

അടുത്ത മാര്‍ച്ചില്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന എക്സ് എഫ് എന്ന പുതിയ മോഡല്‍ ജഗ്വാര്‍ കന്പനിയുടെ ഭാവിയില്‍ നിര്‍ണായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ വിപണിയില്‍നിന്നുള്ള കടുത്ത മത്സരവും ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കായി ഭീമമായ തുക ചെലവഴിക്കേണ്ടതുംമൂലം പ്രതിസന്ധി നേരിടുന്ന ഫോര്‍ഡിന്‍റെ നവീകരണ പരിപാടികളുടെ ഭാഗമായാണ് ജഗ്വാറും ലാന്‍ഡ് റോവറും വില്‍ക്കുന്നത്.

ഈ വര്‍ഷം ആദ്യം ആസ്റ്റണ്‍ മാര്‍ട്ടിന്‍ കന്പനി വിറ്റ ഫോര്‍ഡ് സ്വീഡിഷ് കാര്‍ ഗ്രൂപ്പായ വോള്‍വോയും വില്‍ക്കുമെന്നാണ് സൂചനകള്‍.

സഹകരണ കോണ്‍ഗ്രസ് സമാപിച്ചു


ആറാമത് സഹകരണ കോണ്‍ഗ്രസിന് സമാപനം കുറിച്ച് കൊച്ചിയില്‍ നടന്ന റാലി

കൊച്ചി: ആഗോളീകരണത്തിനും ഉദാരീകരണത്തിനും ബദല്‍ സഹകരണപ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ച് ആറാമത് സഹകരണ കോണ്‍ഗ്രസ് കൊച്ചിയില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന വര്‍ണാഭമായ റാലിയില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സഹകാരികള്‍ അണിനിരന്നു. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു.

സാന്പത്തിക വളര്‍ച്ചക്ക് പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയേ തീരു-ധനമന്ത്രി




മുംബൈഃ പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമെ പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കൂ എന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം പറഞ്ഞു. ഇന്നു രാവിലെ നടന്ന ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇടതു പാര്‍ട്ടികളുടെ വികസന വിരുദ്ധ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രഭാഷണം.

ഇക്കാലത്ത് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പ്രസക്തിയില്ല. രാജ്യത്തിന്‍റെ വളര്‍ച്ച് അന്ത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നമ്മെ പിന്നോട്ടു വലിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്പ് പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ മാറ്റിവെക്കാന്‍ തയാറായാല്‍ മാത്രമെ അതിനു കഴിയു-ചിദംബരം പറഞ്ഞു.

സാന്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 20153ഓടെ ഇരട്ടിയാക്കാനും 2023ഓടെ ഇന്ത്യക്ക് ഒരു ഇടത്തരം സാന്പത്തിക ശക്തിയായി മാറാനും കഴിയും. രാജ്യത്ത് അറിവിന്‍റെ അടിത്തറ വിലപുലപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വ്യവസായ സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണ്. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന ചികിത്സാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ദത്തെടുക്കാന്‍ വ്യവസായികള്‍ തയറാകാണം-അദ്ദേഹം നിര്‍ദേശിച്ചു.
.

Saturday, October 27, 2007

ബഹ്റിനില്‍ നിന്ന് പണമയക്കാന്‍ പുതിയ സംവിധാനം

കൊച്ചി: ബാങ്ക് ശാഖയില്‍ ചെല്ലാതെ ബഹ്റിനിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള സംവിധാനം ഐ.സി.ഐ.സി.ഐ ബാങ്ക് ഏര്‍പ്പെടുത്തി. ഐ.സി.ഐ.സി.ഐ ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ പ്രത്യേക സൗകര്യം ലഭ്യമാകുക. പണം കൈപ്പറ്റുന്ന ആളുടെ പേരുവിവരങ്ങള്‍ സഹിതം ആദ്യം 500 ഫില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യണം. പിന്നീടൊരിക്കലും പണമയക്കാന്‍ ബാങ്ക് ശാഖയിലെത്തേണ്ട. 80001313 എന്ന ടോള്‍ ഫ്രീ നംപറില്‍ വിളിച്ച് എത്ര തുകയാണ് അയക്കേണ്ടതെന്ന് പറഞ്ഞാല്‍ മതി.
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്ന ബാങ്കിന്‍റെ ബഹ്റൈനിലെ ഓഫീസിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനില്‍ നിന്ന് റീട്ടെയ്ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ബഹ്റൈന്‍ കണ്‍ട്രി ഹെഡ് അജയ് ശര്‍മ പറഞ്ഞു. പുതിയ സംവിധാനതതിന് പുറമെ കൈപ്പറ്റുന്ന ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം എത്തിക്കുന്ന ഇന്‍റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, ഡി.ഡി അയക്കല്‍ എന്നിവയാണ് ബാങ്ക് നല്‍കുന്ന മറ്റ് സേവനങ്ങള്‍.

Friday, October 26, 2007

സ്വര്‍ണവില കുതിക്കുന്നു

ന്യൂദല്‍ഹിഃ സ്വര്‍ണവിലയില്‍ പതിനേഴു മാസത്തിനുള്ളിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. പത്തു ഗ്രാമിന് 10,050 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.

സെന്‍സെക്സ് 19,243.17ല്‍

അനിശ്ചിതത്വങ്ങളുടെ നാളുകള്‍ക്കുശേഷം മുംബൈ ഓഹരി സൂചിക ഗണ്യമായ കുതിപ്പില്‍. സൂചിക ഇന്ന് 19,243.17 പോയിന്‍റിലെത്തി.
പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംബന്ധിച്ച സെബിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോടുള്ള അനുകൂല പ്രതികരണമാണ് ഉയര്‍ച്ചക്ക് വഴിതെളിച്ചത്.

ഫെഡറല്‍ ബാങ്കിന് 162.27 കോടി രൂപ ലാഭം



കൊച്ചി: നടപ്പു സാംപത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ധവര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് 162.27 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനമാണ് വര്‍ധന. ബാങ്കിന്‍റെ മൊത്തം ബിസിനസ് 40315 കോടി രൂപയായും നിക്ഷേപം 2411 കോടി രൂപയായും വായ്പ 16204 കോടി രൂപയായും ഉയര്‍ന്നു. ബാങ്കിന്‍റെ മുഴുവന്‍ ശാഖകളിലും കോര്‍ബാങ്കിംഗ് നടപ്പാക്കാനായതായും ചെയര്‍മാന്‍ എം. വേണുഗോപാലന്‍ അറിയിച്ചു.

Thursday, October 25, 2007

മൈന്‍ഡ് പാര്‍ലര്‍ കൊച്ചിയില്‍


കൊച്ചി: ദുബായ് ആസ്ഥാനമായ ഹ്യൂമന്‍ റിസോഴ്സസ് സര്‍വീസസ് കമ്പനിയായ മൈന്‍ഡ് പാര്‍ലര്‍ എല്‍.എല്‍.സി ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ടയര്‍-2 നഗരങ്ങളായ കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്, എന്നിവിടങ്ങളിലും ഐ.ടി ഫിനിഷിംഗ് സ്കൂളുകള്‍ സ്ഥാപിച്ചു കൊണ്ടാണ് കമ്പനി ഇന്ത്യയിലെത്തുന്നത്.
മൈന്‍ഡ് പാര്‍ലറിന്‍റെ ആദ്യ ഫിനിഷിംഗ് സ്കൂള്‍ 2008 ജനുവരിയോടെ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മൈന്‍ഡ് പാര്‍ലര്‍ ചീഫ് റിസോഴ്സ് ഓഫീസര്‍ കമാന്‍ഡര്‍ സി.കെ. ശര്‍മ്മ പറഞ്ഞു. എന്‍ജിനീയറിംഗ് ബിരുദധാരികളെ ഐ.ടി വ്യവസായ രംഗത്തിന് അനിവാര്യമായ കഴിവുകളുള്ളവരാക്കി വികസിപ്പിച്ചെടുക്കുകയാണ് മൈന്‍ഡ് പാര്‍ലറിന്‍റെ ഐ.ടി ഫിനിഷിംഗ് സ്കൂളുകള്‍ ചെയ്യുന്നത്.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂഡല്‍ഹി ആസ്ഥാനമാക്കി മൈന്‍ഡ് പാര്‍ലര്‍ ലേണിംഗ് സിസ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇതിനകം തന്നെ രൂപം കൊടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഫിനിഷിംഗ് സ്കൂളുകള്‍ ആരംഭിക്കുന്ന കമ്പനി പിന്നീട് കോര്‍പ്പറേറ്റ് ട്രെയിനിംഗ് മേഖലയിലേക്കും കുട്ടികളുടെ പരിശീലന പരിപാടികളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും ശര്‍മ്മ പറഞ്ഞു.
2007 ഡിസംബര്‍ അവസാനത്തോടെ മൈന്‍ഡ് പാര്‍ലര്‍ കൊച്ചി കാമ്പസ് കടവന്ത്രയില്‍ സജ്ജമാകും. പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബര്‍ രണ്ടാംവാരത്തില്‍ നടക്കും. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് നാസ്കോം അംഗീകാരമുള്ള നാക്-ടെക് സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. നാല് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് 300 പേര്‍ക്കാണ് പ്രവേശനം. ഒരു വര്‍ഷം 1000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 15 കോടിയോളം മുടക്കി കൊച്ചിയില്‍ സ്വതന്ത്രമായ സമ്പൂര്‍ണ്ണ ഫിനിഷിംഗ് സ്കൂള്‍ കാമ്പസ് 2009ല്‍ സജ്ജമാക്കുമെന്നും സി.കെ. ശര്‍മ്മ പറഞ്ഞു.

ഫേസ്ബുക്കിന്‍റെ 1.6 ശതമാനം ഓഹരികള്‍ മൈക്രോസോഫ്റ്റിന്


ഫേസ്ബുക്ക് സാരഥി മാര്‍ക്ക് സുകര്‍ബര്‍ഗ് കന്പനി ആസ്ഥാനത്ത്





സാന്‍ഫ്രാന്‍സിസ്കോ: ഏറെ വിഖ്യാതമായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റ് ഫേസ്ബുക്കിന്‍റെ 1.6 ശതമാനം ഓഹരികള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനു വിറ്റു. ഗൂഗിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് 240 ദശലക്ഷം ഡോളറിന് ഓഹരികള്‍ വാങ്ങിയത്.


നാലു വര്‍ഷം മുന്പു മാത്രം പ്രവര്‍ത്തനമാരംഭിച്ച ഫേസ്‍ബുക്ക് അതിവേഗത്തില്‍ വളര്‍ച്ച നേടിയ വെബ്സൈറ്റുകളിലൊന്നാണ്. ഇപ്പോള്‍ 1500 കോടി ഡോളര്‍ ഓഹരി മൂലധനമുള്ള ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേറ്റിന്‍റെ പരസ്യ ഇടപാടുകള്‍ ഇനി മൈക്രോസോഫ്റ്റ് ആയിരിക്കും കൈകാര്യം ചെയ്യുക.


മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നതുവഴി ഫേസ്ബുക്ക് വന്‍ വളര്‍ച്ച നേടുമെന്നാണ് വിലിയിരുത്തല്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ് ബുക്കിന് 49 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. പുതിയ ഇടപാടു വഴി വെബ്സൈറ്റിന്‍റെ പരസ്യ വരുമാനം ഗണ്യമായി ഉയരുമെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധി കെവിന്‍ ജോണ്‍സണും ഫേസ്ബുക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസി‍ഡന്‍റും ചീഫ് റവന്യു ഓഫീസറുമായ ഓവന്‍ വാന്‍ നറ്റയും പറഞ്ഞു.

സണ്ണി ഡയമണ്ട്സ് കൂടുതല്‍ നഗരങ്ങളിലേക്ക്


വജ്രാഭരണരംഗത്തെ പ്രമുഖ സ്ഥാപനമായ സണ്ണി ഡയമണ്ട്സ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലും ഷോറൂം തുറക്കുന്നു. നിലവില്‍ കൊച്ചിയിലാണ് സണ്ണി ഡയമണ്ട്സിന് ഷോറൂമുള്ളത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനസജ്ജമാകും.
തവണകളായി പണം നല്‍കി വജ്രാഭരണങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പദ്ധതിക്കും സണ്ണി ഡയമണ്ട്സ് രൂപം നല്‍കിയിട്ടുണ്ട്. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. അയ്യായിരം രൂപ വീതം 12 മാസമോ ആയിരം രൂപ വീതം 22 മാസമോ ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപമായി നല്‍കി കാലാവധി പൂര്‍ത്തിയാകുന്പോള്‍ ആഭരണങ്ങള്‍ സ്വന്തമാക്കാം. അഞ്ചു കോടി രൂപ നിക്ഷേപമായി ലഭിക്കുന്നതു വരെ മാത്രമേ പദ്ധതി നിലവിലുണ്ടാകൂ എന്ന് മാനേജിംഗ് ഡയറക്ടര്‍ പി.പി. സണ്ണി പറഞ്ഞു. ബല്‍ജിയം ഡയമണ്ട് ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എല്ലാ ആഭരണങ്ങള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും മണിബാക്ക് ഗ്യാരന്‍റിയും ലഭ്യമാക്കും.
കൊച്ചിയിലെ രാജാജി റോഡിലാണ് സണ്ണി ഡയമണ്ട്സിന്‍റെ ഷോറൂം

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍




കൊച്ചി: കേള്‍വി കേട്ട ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് കേളികൊട്ടുയരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നീളുന്ന മേളക്ക് കേരളം മുഴുവന്‍ വേദിയാകും. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങളെ അണിനിരത്തുകയാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. വ്യാപാര, വാണിജ്യ സിരാകേന്ദ്രമായ കൊച്ചിയില്‍ നിന്നു മാത്രം 12000 മുതല്‍ 15000 വരെ സ്ഥാപനങ്ങളെയാണ് മേളയില്‍ പങ്കാളികളായി പ്രതീക്ഷിക്കുന്നത്.
മേളയുടെ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിനാണ് തുടങ്ങുന്നത്. കൊച്ചിയിലെ വജ്ര വ്യാപാര സ്ഥാപനമായ സണ്ണി ഡയമണ്ട്സ് ഇതിനകം രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു. മേളയുടെ പ്രധാന ആകര്‍ഷണകേന്ദ്രം കൊച്ചി തന്നെയായിരിക്കും. ആയിരം രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനും പദ്ധതിയുണ്ട്. സ്ക്രാച്ച് കാര്‍ഡ് മുഖേനയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. കൈത്തറി സാരികളും സ്വര്‍ണനാണയങ്ങളും മുതല്‍ അത്യാഡംബര കാറുകളും ഫ്ളാറ്റുകളും ടൂര്‍ പാക്കേജും വരെയുള്ള സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുങ്ങുന്നത്.
45 ദിവസം നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിനൊടുവില്‍ സംസ്ഥാനത്തെ മുഴുവന്‍ കൂപ്പണ്‍ നംപറുകളും ഉള്‍പ്പെടുത്തി നടത്തുന്ന മെഗാ നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്നു പേര്‍ക്ക് ബി.എം.ഡബ്ലിയു അല്ലെങ്കില്‍ മെഴ്സിഡസ് ബെന്‍സ് കാറുകളും മൂന്നു പേര്‍ക്ക് ഫ്ളാറ്റുകളും മൂന്നു പേര്‍ക്ക് വിദേശ ടൂര്‍ പാക്കേജുകളും മെഗാസമ്മാനമായി നല്‍കും. സ്ക്രാച്ച് ആന്‍റ് വിന്‍ സമ്മാനം മുതല്‍ മെഗാസമ്മാനം വരെ സ്പോണ്‍സര്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. വ്യാപാരികള്‍ സ്വന്തം നിലക്കും സമ്മാനങ്ങള്‍ പ്രഖ്യാപിക്കും.
ഫെസ്റ്റിവലിന്‍റെ ഭാഗമായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നഗരങ്ങളിലും ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കൊച്ചിയില്‍ പുതുവര്‍ഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാറുള്ള വസന്തോത്സവം ഇക്കുറി മേളയുടെ ഭാഗമായിരിക്കും. കൂടാതെ വിവിധ തരം വംശീയ ഭക്ഷണങ്ങള്‍ അണിനിരത്തിയുള്ള ആഹാരമേളയും കൊച്ചിയില്‍ സംഘടിപ്പിക്കും.