Thursday, October 25, 2007

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍




കൊച്ചി: കേള്‍വി കേട്ട ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് കേളികൊട്ടുയരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നീളുന്ന മേളക്ക് കേരളം മുഴുവന്‍ വേദിയാകും. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം വ്യാപാരസ്ഥാപനങ്ങളെ അണിനിരത്തുകയാണ് സര്‍ക്കാരിന്‍റെ ഉദ്ദേശ്യം. വ്യാപാര, വാണിജ്യ സിരാകേന്ദ്രമായ കൊച്ചിയില്‍ നിന്നു മാത്രം 12000 മുതല്‍ 15000 വരെ സ്ഥാപനങ്ങളെയാണ് മേളയില്‍ പങ്കാളികളായി പ്രതീക്ഷിക്കുന്നത്.
മേളയുടെ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിനാണ് തുടങ്ങുന്നത്. കൊച്ചിയിലെ വജ്ര വ്യാപാര സ്ഥാപനമായ സണ്ണി ഡയമണ്ട്സ് ഇതിനകം രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു. മേളയുടെ പ്രധാന ആകര്‍ഷണകേന്ദ്രം കൊച്ചി തന്നെയായിരിക്കും. ആയിരം രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനും പദ്ധതിയുണ്ട്. സ്ക്രാച്ച് കാര്‍ഡ് മുഖേനയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. കൈത്തറി സാരികളും സ്വര്‍ണനാണയങ്ങളും മുതല്‍ അത്യാഡംബര കാറുകളും ഫ്ളാറ്റുകളും ടൂര്‍ പാക്കേജും വരെയുള്ള സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുങ്ങുന്നത്.
45 ദിവസം നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിനൊടുവില്‍ സംസ്ഥാനത്തെ മുഴുവന്‍ കൂപ്പണ്‍ നംപറുകളും ഉള്‍പ്പെടുത്തി നടത്തുന്ന മെഗാ നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്നു പേര്‍ക്ക് ബി.എം.ഡബ്ലിയു അല്ലെങ്കില്‍ മെഴ്സിഡസ് ബെന്‍സ് കാറുകളും മൂന്നു പേര്‍ക്ക് ഫ്ളാറ്റുകളും മൂന്നു പേര്‍ക്ക് വിദേശ ടൂര്‍ പാക്കേജുകളും മെഗാസമ്മാനമായി നല്‍കും. സ്ക്രാച്ച് ആന്‍റ് വിന്‍ സമ്മാനം മുതല്‍ മെഗാസമ്മാനം വരെ സ്പോണ്‍സര്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. വ്യാപാരികള്‍ സ്വന്തം നിലക്കും സമ്മാനങ്ങള്‍ പ്രഖ്യാപിക്കും.
ഫെസ്റ്റിവലിന്‍റെ ഭാഗമായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നഗരങ്ങളിലും ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കൊച്ചിയില്‍ പുതുവര്‍ഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാറുള്ള വസന്തോത്സവം ഇക്കുറി മേളയുടെ ഭാഗമായിരിക്കും. കൂടാതെ വിവിധ തരം വംശീയ ഭക്ഷണങ്ങള്‍ അണിനിരത്തിയുള്ള ആഹാരമേളയും കൊച്ചിയില്‍ സംഘടിപ്പിക്കും.






1 comment:

ബി-ലോകം said...

ഗ്രാന്‍റ് കേരള ഫെസ്റ്റിവെലിന് കൊച്ചി ഒരുങ്ങിത്തുടങ്ങി