Thursday, November 1, 2007

ഹോളിവുഡ് കന്പനികള്‍ ബോളിവുഡില്‍ സജീവമാകുന്നു











ഡാന്‍ ഗ്ലിക്മാന്‍




ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്‍റെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്നായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് ഹോളിവുഡ് സിനിമകളുടെ കടന്നുകയറ്റമാണ്.ഈ വാദഗതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാണെങ്കിലും ചലച്ചിത്രോത്സവങ്ങളോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും മറ്റും ഹോളിവുഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തുടരുന്നു.

മുന്‍പ് സിനിമകള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ഹോളിവുഡിന്‍റെ സാന്നിധ്യമറിയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവിടുത്തെ നിര്‍മാണ കന്പനികള്‍തന്നെ ഇന്ത്യന്‍ ചലച്ചിത്ര വിപണിയില്‍ പണമെറിയാന്‍ തയാറായിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ സവാരിയയുടെ നിര്‍മാണത്തില്‍ പങ്കാളികളായിക്കൊണ്ട് സോണി പിക്ചേഴ്സ് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

അമേരിക്കന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡാന്‍ ഗ്ലിക്മാന്‍റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ സോണിക്കു പിന്നാലെ ഹോളിവുഡിലെ കൂടുതല്‍ മുന്‍നിര ബാനറുകള്‍ ഹിന്ദി ഇന്ത്യന്‍ സിനിമാ വിപണിയില്‍ സജീവമാകുമെന്ന് ഉറപ്പിക്കാം.പാരമൗണ്ട്, സോണി പിക്ചേഴ്സ്, ട്വന്‍റിയത്ത് സെഞ്ചുറി ഫോക്സ്, യൂണിവേഴ്സല്‍ പിക്ചേഴ്സ്, വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷന്‍, വാണര്‍ ബ്രദേഴ്സ് എന്നീ വന്പന്‍ നിര്‍മാണ കന്പനികള്‍ ഉള്‍പ്പെട്ടതാണ് മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യയെക്കുറിച്ചുള്ള ഹോളിവുഡിന്‍റെ വീക്ഷണം എന്ന വിഷയത്തില്‍ ഗ്ലിക്മാന്‍ നടത്തിയ പ്രഭാഷണം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായ മേഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ വാണര്‍ ബ്രദേഴ്സ് പങ്കാളികളായേക്കുമെന്ന് ഗ്ലിക്മാന്‍ അറിയിച്ചു. ചൈനയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതി അവകാശപ്പെടുന്ന മെയ്ഡ് ഇന്‍ ചൈന 2008 ഓഗസ്റ്റില്‍ ബെയ്ജിംഗ് ഒളിന്പിക്സിനെ തുടര്‍ന്നാണ് റിലീസ് ചെയ്യുക. അക്ഷയ്കുമാറും ദീപിക പദുക്കോണുമാണ് പ്രധാന അഭിനേതാക്കള്‍. യാഷ് രാജ് ഫിലിംസും വാള്‍ട്ട് ഡിസ്നി കോര്‍പ്പറേഷനും ചേര്‍ന്ന് നിര്‍മിക്കുന്ന ആനിമേഷന്‍ ചിത്രമായ റോഡ്സൈഡ് റോമിയോ ആണ് മറ്റൊരു പങ്കാളിത്ത സംരംഭം.

ഹോളിവുഡ് കന്പനികള്‍ സജീവമാകുന്നതോടെ ഇന്ത്യന്‍ ചലച്ചിത്രവിപണിക്ക് അനന്തമായ സാധ്യതകളാണ് തുറുന്നുകിട്ടുന്നത്.അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതുവഴി അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മാണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ കന്പനികള്‍ക്കുമുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.
നാളെ അമേരിക്കന്‍ കന്പനികള്‍ തെലുങ്കിലും തമിഴിലും എന്തിന് മലയാളത്തില്‍വരെ കാശിറക്കില്ലെന്ന് ആരു കണ്ടു?.
--------------------------------------------
ചിത്രങ്ങള്‍ക്ക് കടപ്പാട്
വിക്കിപ്പീടിയ ഇംഗ്ലീഷ്(ഗ്ലിക്മാന്‍)

1 comment:

ബി-ലോകം said...

ഹോളിവുഡ് കന്പനികള്‍ സജീവമാകുന്നതോടെ ഇന്ത്യന്‍ ചലച്ചിത്രവിപണിക്ക് അനന്തമായ സാധ്യതകളാണ് തുറുന്നുകിട്ടുന്നത്.അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതുവഴി അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍മാണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ കന്പനികള്‍ക്കുമുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.