Friday, November 9, 2007

കേരളത്തെ സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റും: മന്ത്രി എളമരം കരിം



കൊച്ചി: കേരളത്തെ ഒരു സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ലക് ഷ്യമെന്ന് വ്യവസായ മന്ത്രി എളമരം കരിം പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഹാളില്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ കാലയളവില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.

മലബാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നടക്കുക. കേരളത്തിന്‍റെ തനിമ പ്രകടമാക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ കൈത്തറി ഫെസ്റായും ഇടുക്കിയിലും വയനാട്ടിലും സുഗന്ധവ്യഞ്ജന മേളയായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വ്യാപാരമേളയായും കൊല്ലത്ത് ക്യാഷ് നട്ട് ഫെസ്റ്റിവലായുമാണ് സംഘടിപ്പിക്കുക. ഈ കാലയളവില്‍ ആലപ്പുഴയില്‍ കയര്‍ ഫെസ്റ്റിവലായിട്ടാണ് മേള നടക്കുക.

ഫെസ്റ്റിവല്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും പൂര്‍ണമായും വ്യാപാരികളുടെ പരിപാടിയാണെന്നും മന്ത്രി പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഇ എസ് ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ ടി ഒ സൂരജ്, വ്യവസായ സെക്രട്ടറി പി എച്ച് കുര്യന്‍, ജെ കെ എസ് എഫ് ഡയറക്ടര്‍ കെ എന്‍ സതീശന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ബി പ്രസകുമാര്‍, കെ സി സി ഐ വൈസ് ചെയര്‍മാന്‍ കെ എം അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

No comments: