Thursday, November 1, 2007

ടാപ് വാതക പൈപപ്പ് ലൈന്‍ പദ്ധതിയില്‍ ‍ഇന്ത്യയെയും ഉള്‍പ്പെടുത്തും

തുര്‍ക്മെനിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍(ടി.എ.പി) വാതക പൈപ്പ് ലൈന്‍ പദ്ധതിയിലെ നാലാമത്തെ പങ്കാളിയായി ഇന്ത്യയെ ഉള്‍പ്പെടുത്തും.അടുത്ത മാസം ഇസ്ലാമബാദില്‍ നടക്കുന്ന ചര്‍ച്ചയോടനുബന്ധിച്ച് പദ്ധയിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇന്ത്യക്ക് നല്‍കും.

നിലവില്‍ പദ്ധതിയില്‍ നിരീക്ഷക പദവിയാണ് ഇന്ത്യക്കുള്ളത്.അമേരിക്കയുടെ സമ്മര്‍ദം മൂലം ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ടാപ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.

തുര്‍ക്മെനിസ്ഥാനില്‍നിന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന 3.2 ബില്യന്‍ ക്യുബിക് അടി വാതകം ഇന്ത്യയുമായി പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1680 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട വാതക പൈപ്പ് ലൈന്‍ തുര്‍ക്മെനിസ്ഥാനിലെ ദൗലതാബാദ് ഗ്യാസ്ഫീല്‍ഡില്‍നിന്ന് ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലും അവിടെനിന്നും ക്വറ്റ വഴി പാക്കിസ്ഥാനിലെ മുള്‍ത്താനിലും എത്തിച്ചേരും.

പദ്ധതിക്ക് അറുന്നൂറു കോടി ഡോളര്‍മുതല്‍ എഴുന്നൂറു കോടി ഡോളര്‍വരെ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2011-12 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രധാന സ്പോണ്‍സര്‍ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക്(എ.ഡി.ബി) ആണെങ്കിലും മറ്റ് കന്പനികളുടെയും സഹകരണം തേടുന്നുണ്ട്.

തുര്‍ക്‍മെനിസ്ഥാന് 159 ട്രില്യന്‍ ക്യുബിക് അടി വാതക ശേഖരമുണ്ടെന്നാണ് കണക്ക്. അവിടെനിന്നും ഏറ്റവുമധികം വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്.(പി.ടി.ഐ)

1 comment:

ബി-ലോകം said...

അമേരിക്കയുടെ സമ്മര്‍ദം മൂലം ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ടാപ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രാലയ വക്താവ് സൂചിപ്പിച്ചു