Friday, December 21, 2007
ബജറ്റില്‍ നികുതി ഇളവുണ്ടാകും-മന്ത്രി
സര്‍ക്കാരിന്‍റെ നിയമപരവും ഭരണപരവുമായ നടപടികളില്‍ പലതും നികുതിവരുമാനം വര്‍ധിക്കാനും രാജ്യത്തിന് സാന്പത്തിക ഭദ്രത നല്‍കാനും ഉപകരിച്ചെന്ന് ചിദംബരം അവകാശപ്പെട്ടു.
Sunday, December 16, 2007
ഇവിടെ ക്രിസ്മസ് വിപണി സജീവം
ഡിസംബര്‍ മൂന്നാം വാരത്തിലേക്ക് കടന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്‌മസ് വിപണിയായ എറണാകുളത്തെ മേത്തര്‍ ബസാര്‍ സജീവമായി. നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്‌വേയോടു ചേര്‍ന്നുകിടക്കുന്ന മേത്തര്‍ ബസാര്‍ ക്രിസ്‌മസിന്‍റെ ഗൃഹാതുര സ്‌മരണകള്‍ പേറുന്നവര്‍ക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന വ്യാപാരികള്‍ക്കും വിസ്‌മയ ലോകമാണ്.
തുച്ഛ വിലയുള്ള അലങ്കാര വസ്‌തുക്കള്‍ മുതല്‍ ആയിരക്കണക്കിനു രൂപ വിലവരുന്ന വിദേശ നിര്‍മിതമായ ക്രിബുകളും റെഡീമേഡ് ക്രിസ്‌മസ് ട്രീകളുംവരെ ഈ വിപണിയിലുണ്ട്. നൂറുകണക്കിന് ഇനങ്ങളിലുള്ള നക്ഷത്രങ്ങളും അലങ്കാര ലൈറ്റുകളുമൊക്കെ മേത്തര്‍ബസാറിനെ വര്‍ണാഭമാക്കുന്നു.
നവംബര്‍ അവസാനം മുതല്‍ ഇവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കം ആരംഭിക്കും. ഡിസംബറാകുന്നതോടെ വ്യാപാരം കുടുതല്‍ ഊഷാറാകും. വിലക്കുറവിന്‍റെ ആകര്‍ഷണവുമായി ഡിസംബറില്‍ ചില്ലറ വ്യാപാരവും സജീവമാകുന്നതോടെ മേത്തര്‍ബസാറില്‍ തിരക്കേറും.
ഡിസംബര്‍ 20 പിന്നിടുന്നതോടെ കച്ചവടം ബ്രോഡ്‌വേയിലേക്കും വ്യാപിക്കും. മേത്തര്‍ ബസാറില്‍നിന്നുള്ള സാധനങ്ങളുടെ വഴിയോര കച്ചവടക്കാരാണ് ബ്രോഡ്‌വേ കയ്യടക്കുക. 22,23 തീയതികളില്‍ മേത്തര്‍ ബസാറും ബ്രോഡ്‌വേയും ക്രിസ്‌മസ് കച്ചവടത്തിന്റെ ഉത്സവത്തിലായിരിക്കും. ഈ ദിവസങ്ങളില്‍ വില ഗണ്യമായി കുറയുകയും ചെയ്യും.
ടാറ്റയുടെ ചെറു കാര്‍ ഏപ്രിലില്‍ വിപണിയിലെത്തും
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ടാറ്റാ മോട്ടോര്‍സിന്‍റെ ചെറുകാറുകളുടെ ടെസ്റ്റ് ഡ്രൈവ് 2008 ഏപ്രിലില്‍ നടക്കും. അടുത്ത വര്‍ഷം പകുതിയോടെ ടെസ്റ്റ് ഡ്രൈവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കന്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയാണ് ഈ കാറുകളുടെ വില.
2007ലെ വന്‍കിട ഇടപാടുകാരില്‍ ടാറ്റാ സ്റ്റീല്‍സും
ഇന്ത്യന്‍ ബഹുരാഷ്ട്ര കന്പനിയായ ടാറ്റാ സ്റ്റീല്‍സ് ആഗ്ലോ-ഡച്ച് കന്പനി കോറസിനെ ഏറ്റെടുത്തത് 2007ല്‍ ആഗോളതലത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് ഇടപാടുകളുടെ പട്ടികയില്‍ ഇടം നേടി. ടൈം മാസികയുടെ കണക്കെടുപ്പില്‍ ആറാം സ്ഥാനത്താണ് ടാറ്റാ-കോറസ് ഇടപാട്.
റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ ന്യൂസ് കോര്‍പ്പറേഷന്‍ മാധ്യമ രംഗത്തെ വന്‍കിട സ്ഥാപനമായ ഡൗ ജോണ്‍സിനെ ഏറ്റെടുത്തതാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇടപാട്. വ്യവസായ സംരംഭക മേഖലയില്‍ ഇന്ത്യന്‍ കന്പനികളുടെ വളര്‍ച്ചക്ക് ഏറ്റവം വലിയ ഉദാഹരണമാണ് ടാറ്റാ-കോറസ് ഇടപാടെന്ന് ചൂണ്ടിക്കാട്ടുന്ന ടൈം മാസിക ആംഗ്ലോ-ഡച്ച് കന്പനി ഇന്ത്യക്കാരന്‍ സ്വന്തമാക്കിയതിന്‍റെ വൈരുധ്യവും പരാമര്‍ശിക്കുന്നുണ്ട്.
1130 കോടി ഡോളറിനാണ് ടാറ്റ സ്റ്റീല്‍സ് കോറസ് ഏറ്റെടുത്തത്.
Thursday, December 13, 2007
സ്റ്റാര്‍ ആലൈന്‍സില്‍ എയര്‍ ഇന്ത്യയും
രാജ്യാന്തര വിമാന സര്‍വീസുകളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലൈന്‍സില്‍ ഇനി എയര്‍ ഇന്ത്യയും. യാത്രക്കാര്‍ക്ക് അനായാസ കണക്ടിവിറ്റിയും കുറഞ്ഞ നിരക്കും ലഭ്യമാക്കാന്‍ സഹായകരമായ ഈ കൂട്ടായ്മയില്‍ ലുഫ്താന്‍സ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്,എയര്‍ കാനഡ, എയര്‍ ചൈന തുടങ്ങിയ കന്പനികള്‍ ഉള്‍പ്പെടുന്നു.
ചൈനയില്‍ നടന്ന സ്റ്റാര്‍ അലൈന്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് എയര്‍ ഇന്ത്യ, ഈജീപ്ത് എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നീ കന്പനികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇനി മുതല്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ അലൈന്‍സിലുള്ള ഒന്നിലധികം വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാം.
സ്റ്റാര്‍ അലൈന്‍സ് നെറ്റ്വര്‍ക്കിലുള്ള കന്പനികള്‍ പ്രതിദിനം 160 രാജ്യങ്ങളിലെ 897 കേന്ദ്രങ്ങളിലേക്ക് 17,000 സര്‍വീസുകള്‍ നടത്തുന്നുണ്ട്.നെറ്റ്വര്‍ക്കിന്‍റെ ഭാഗമാകുന്നതോടെ എയര്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനത്തില്‍ 400കോടി രൂപ മുതല്‍ 450 കോടി രൂപ വരെ വര്‍ധനയുണ്ടാകും.
Wednesday, December 12, 2007
ഇന്‍കെല്‍ ബോര്‍ഡില്‍ 5 പ്രവാസി മലയാളികള്‍
കേരള സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അടിസ്ഥാന സൗകര്യ സജ്ജീകരണ സ്ഥാപനമായ ഇന്‍ഫാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡിന്‍റെ(ഇന്‍കെല്‍) ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി മലയാളി വ്യവസായികളായ എം.എ. യൂസഫലി(യു.എ.ഇ), ഗള്‍ഫാര്‍ മുഹമ്മദലി(ഒമാന്‍), സി.കെ. മേനോന്‍, സി.എം. റപ്പായി(ദോഹ), വര്‍ഗീസ് കുര്യന്‍(കുവൈറ്റ്) എന്നിവരെ ഉള്‍പ്പെടുത്തിയതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു.
ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ സര്‍ക്കാര്‍ നോമിനികളായിരിക്കും. ബോര്‍ഡിന്‍റെ ആദ്യ സന്പൂര്‍ണ യോഗം 15ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തില്‍ മാനേജിംഗ് ഡയറക്‍ടര്‍ ഗോപാലകൃഷ്ണപിള്ള പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കും.
വ്യവസായ നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി കന്പനി തിരുവന്തപുരത്തും കൊച്ചിയിലുമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍കെലിന്‍റെ മൂലധനം നൂറു കോടി രൂപയാണ്.ഇതില്‍ സര്‍ക്കാരിന്‍റെ വിഹിതം നല്‍കിക്കഴിഞ്ഞതായും ശേഷിക്കുന്ന തുക പ്രവാസി മലയാളി ഡയറക്ടര്‍മാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
-----------------------------------------
ഐ.എ.എന്‍.എസ്
Sunday, December 9, 2007
വിദ്യാഭ്യാസ വായ്പ്പയില്‍ ഇന്ത്യ ഒന്നാമത്
പൊറയാര്‍(തമിഴ്നാട്)
ഈ വര്‍ഷം വിദ്യാഭ്യാസ വായ്പ ഇനത്തില്‍ ഏറ്റവുമധികം തുക അനുവദിച്ച രാജ്യം ഇന്ത്യയാണെന്ന് ധനമന്ത്രി പി. ചിദംബരം അറിയിച്ചു.
സെപ്റ്റംബര്‍ വരെ ആകെ 14,500 കോടി രൂപയാണ് നല്‍കിയത്. പത്തു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യയുടെ 2878ആമത് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ന്യൂനപക്ഷ സമൂദായങ്ങളില്‍പെട്ട പതിനഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 1500 കോടി രൂപ വായ്പയായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് വായ്പ നല്‍കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണ്.കാര്‍ഷിക വായ്പ ഈ സാന്പത്തിക വര്‍ഷം 2,35,000 കോടിയായി ഉയരും-മന്ത്രി പറഞ്ഞു.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേട്ടം
അമേരിക്കയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം 2000 കോടി ഡോളറിനടുത്തെത്തി. ഈ വര്‍ഷ ആദ്യത്തെ 121 ബില്യന്‍ ഡോളറില്‍നിന്നും അമേരിക്കന്‍ വിപണിയിലെ മാന്ദ്യത്തെ അതിജീവിച്ചാണ് 140 ബില്യന്‍ ഡോളറില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
പട്ടികയിലുള്ള പതിനാറ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യത്തിന്‍റെ പകുതിയും ഐ.സി.ഐ.സി.ഐ ബാങ്കിന്‍റേതാണ്.ഐ.സി.ഐ.സി.ഐ ബാങ്ക് 990 കോടി ഡോളറിന്‍റെ നേട്ടമാണ് കൈവരിച്ചത്.
സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് മൂല്യത്തില്‍ 730 കോടി ഡോളറും എച്ച്.ഡി.എഫ്.സി ബാങ്ക് 670 കോടി ഡോളറും വര്‍ധന രേഖപ്പെടുത്തി.വി.എസ്.എന്‍.എല്‍(190 കോടി),സത്യം(140 കോടി) തുടങ്ങിയവയാണ് വളര്‍ച്ച നേടിയ മറ്റു സ്ഥാപനങ്ങള്‍.ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇന്‍ഫോസിസാണ്(560 കോടി ഡോളര്‍).
Friday, December 7, 2007
കംപ്യൂട്ടറിനായി പുതിയ മലയാളം
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്ക് സ്വന്തം ഭാഷ ഉപയോഗിച്ച് കന്പ്യൂട്ടര്‍ അനായാസം കൈകാര്യം ചെയ്യാന്‍ സഹായകമാകുന്ന പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കി. ഇന്ത്യയിലെ കോടിക്കണക്കിനാളുകള്‍ക്ക് കന്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പ്രാപ്യമാക്കാന്‍ ഇത് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യന്‍ വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കന്പ്യൂട്ടിംഗ്(സി-ഡാക്)ഇസ്രായേലിലെ എഫ്.ടി.കെ ടെക്നോളജീസുമായി ചേര്‍ന്ന് തയാറാക്കി ലേഖിക 2007 എന്ന സോഫ്റ്റ് വെയര്‍ ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി എന്നീ ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. 2009ഓടെ ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ഭാഷകള്‍ ഉപയോഗിച്ചും സോഫ്റ്റ് വേര്‍ ഉപയോഗിക്കാനാകുമെന്ന് എഫ്.ടി.കെ ടെക്നോളജീസ് സി.ഇ.ഒ ഹാരെല്‍ കോഹെന്‍ അറിയിച്ചു.
പത്തു സ്ക്രിപ്പ്റ്റുകളും മൂവായിരം കാരക്ടറുകളും ഉള്‍പ്പെടുന്ന ലേഖിക വിന്‍ഡോസിലും മാകിലും ലിനക്സിലും ഉപയോഗിക്കാം. 2500 രൂപ മുതല്‍ 3000 രൂപ വരെയാണ് വില.തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഭാഷകളെല്ലാം സന്പൂര്‍ണമായും വ്യക്തമായും കംപ്യൂട്ടറില്‍ ഉപയോഗിക്കാനാകുമെന്നതാണ് ലേഖികയുടെ സവിശേഷത.
അടുത്ത അക്ഷരമോ മാത്രയോ പ്രവചിക്കുന്ന ഇന്‍റ്യൂസീവ് സോഫ്റ്റ് വെയര്‍ ആയതിനാല്‍ കന്പൂട്ടര്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കു പോലും ബുദ്ധിമുണ്ടുണ്കുന്നില്ല. സന്പൂര്‍ണത, കുറഞ്ഞ ചെലവ് തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുന്പോള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള എല്ലാ പ്രാദേശിക ഭാഷാ സോഫ്റ്റ് വെയറുകളെയും ലേഖിക പിന്നിലാക്കുന്നു.
"ഇന്ത്യയില്‍ കേവലം പത്തു ശതമാനം പേര്‍ക്കു മാത്രമാണ് ഇംഗ്ലീഷ് പരിഞ്ജാനമുള്ളത്. അതുകൊണ്ടുതന്നെ പുതിയ സോഫ്റ്റ് വെയര്‍ രാജ്യത്തെ വിവര സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിക്കും "-കോഹെന്‍ ചൂണ്ടിക്കാട്ടി.
ജയാ ഗ്രൂപ്പിന് പുതിയ രണ്ടു ചാനലുകള്‍
തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എ.ഐ.ഐ.ഡി.എം.കെയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന പുതിയ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ ഇന്ന് പരീക്ഷണ സംപ്രേഷണം ആരംഭിച്ചു.
ജയാ ടീവി ഗ്രൂപ്പിന്‍റെ പുതിയ ചാനലുകളായ ജയാ പ്ലസിന്‍റെയും ജയാ മാക്സിന്‍റെയും ഉദ്ഘാടനം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത നിര്‍വഹിച്ചു.
ജയാ പ്രസ് വാര്‍ത്താ ചാനലും മാക്സ് സംഗീതാധിഷ്ഠിത ചാനലുമായിരിക്കുമെന്ന് ജയാ ടി.വി വാര്‍ത്താ വിഭാഗം വൈസ് പ്രസിഡന്‍റ് കെ.പി. സുനില്‍ അറിയിച്ചു.
ഒന്‍പതു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ജയാ ടീവി വാര്‍ത്തക്കും വാര്‍ത്തേതര പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
മുഖ്യമന്ത്രി കരുണാനിധിയുടെ ബന്ധുവായ കലാനിധി മാരന്‍റെ നേതൃത്വത്തിലുള്ള സണ്‍ നെറ്റ്വര്‍ക്കുമായുള്ള കിടമത്സരം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ജയാ ഗ്രൂപ്പ് പുതിയ ചാനലുകള്‍ തുടങ്ങുന്നത്.
കലാനിധി മാരന്‍റെ സഹോദരന്‍ ദയാനിധി മാരന്‍ കേന്ദ്രമന്ത്രിയായിരിക്കെ ജയാ ഗ്രൂപ്പിന്‍റെ ചാനല്‍ അപ് ലിങ്കിംഗ് സൗകര്യം തടഞ്ഞതായി ജയലളിത ആരോപിച്ചിരുന്നു. ദയാനിധി മാരന്‍ ഈ വര്‍ഷം മേയിലാണ് രാജിവെച്ചത്.
ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ യുദ്ധത്തിന് ടെലിവിഷന്‍ ചാനലുകളെ പരമാവധി ഉപയോഗിച്ചുവരികയാണ്.
ജയാ ഗ്രൂപ്പിന്‍റെ പുതിയ ചാനലുകള്‍ ജനുവരിയില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മാരുതിക്ക് വില കൂട്ടുന്നു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കന്പനിയായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് അടുത്ത മാസം എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും.
അലൂമിനിയവും ലെഡ്ഡും ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന കണക്കിലെടുത്താണ് കാറുകളുടെ വില 12000 രൂപ വരെ ഉയര്‍ത്തുന്നതെന്ന് ഡീലര്‍മാര്‍ അറിയിച്ചു.
2008 ജനുവരി മുതല്‍ കാറുകളുടെ വില ഉയരുമെന്ന് അറിയിച്ച് രാജ്യമെന്പാടുമുള്ള ഡീലര്‍മാര്‍ക്ക് മാരുതി കത്തയച്ചിട്ടുണ്ട്. കന്പനിയുടെ നിര്‍മാണ യൂണിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഈ മാസം 24 മുതല്‍ 31 വരെ അടച്ചിടുന്നതുകൂടി കണക്കിലെടുത്ത് ബുക്കിംഗുകള്‍ ക്രമീകരിക്കണമെന്നാണ് ഡീലര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.വില വര്‍ധന മാരുതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Wednesday, December 5, 2007
സ്വര്‍ണനാണയവില്‍പ്പനക്ക് റിലയന്‍സ് മണി ലിമിറ്റഡും മൂത്തൂറ്റ് ഗ്രൂപ്പുമായി ധാരണയായി.
Tuesday, December 4, 2007
16 എഫ്.ഡി.ഐ പദ്ധതികള്‍ക്ക് അംഗീകാരം
നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്ക്(എഫ്.ഡി.ഐ) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. റഷ്യന്‍ ടെലികോം സ്ഥാപനമായ സിസ്റ്റെമയുടെയും ഇറ്റാലിയന്‍ ഫാഷന്‍ റീട്ടെയ്ല്‍ സ്ഥാപനമായ ഡോക്ലെ ആന്‍റ് ഗൊബ്ബാനയുടെയും പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പതിനാറു പദ്ധതികളിലായി 647.48 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലുണ്ടാകുക.
ശ്യാം ടെലിലിങ്കില്‍ 187 കോടിയുടെ നിക്ഷേപം നടത്തി ഓഹരി പങ്കാളിത്തം 74 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് റഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ സിസ്റ്റെമ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ സ്ഥാപനമാ ഡി.എല്‍.എഫുമായി ചേര്‍ന്ന് ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ റീട്ടെയ്ല്‍ കേന്ദ്രം തുടങ്ങാനാണ് ഡോക്ലെ ആന്‍റ് ഗൊബ്ബാന ഉദ്ദേശിക്കുന്നത്.
ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിന്‍റെ ശുപാര്‍ശകള്‍ക്ക് ധനമന്ത്രി പി. ചിദംബരം ഇന്നലെ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.
Monday, December 3, 2007
വിവാദം ഗുണം ചെയ്തില്ല;മാധുരിയുടെ ചിത്രത്തിന് തണുത്ത പ്രതികരണം
വിവാദങ്ങള്‍ പലപ്പോഴും ബോക്സ് ഓഫീസില്‍ സിനിമകള്‍ക്ക് സഹായകമാവുകയാണ് ചെയ്യുക.പക്ഷെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനം നിരോധിച്ചത് മാധുരി ദീക്ഷിതിന്‍റെ പുതിയ ചിത്രമായ 'ആജാ നാച് ലേ'ക്ക് കാര്യമായ പ്രയോജനമുണ്ടാക്കിയില്ല.
ടൈറ്റില്‍ പാട്ടിലെ വരികള്‍ ദളിതുകളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആദ്യം യു.പിയിലും പിന്നെ പഞ്ചാബിലും ഹരിയാനയിലും ചിത്രം താല്‍കാലികമായി നിരോധിച്ചത്.
ബോക്സ് ഓഫീസ് കണക്കുകള്‍ പ്രകാരം മാധുരി ദീക്ഷിതിന്‍റെ കൊട്ടിഘോഷിച്ചുള്ള തിരിച്ചുവരവിന് പ്രേക്ഷകരുടെ പ്രതികരണം നിരാശാജനകമാണ്. ചിത്രത്തിന് കാര്യമായ സാന്പത്തിക നേട്ടമുണ്ടാകാനിടയില്ലെന്നാണ് ആദ്യ ആഴ്ച്ചയിലെ സൂചനകള്‍.
''യാഷ് രാജ് മൂവീസിന്‍റെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ആജാ നാച് ലേക്ക് മികച്ച തുടക്കം കിട്ടിയില്ല. വിവാദങ്ങള്‍പോലും ചിത്രത്തിന് സഹായകമായില്ല''- ഫണ്‍ സിനിമാസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ദീപക് തലൂജ വ്യക്തമാക്കി.
ദല്‍ഹിയിലെയും യു.പിയിലെയും തീയേറ്ററുകളില്‍ ആജാ നാച് ലേക്ക് 50 മുതല്‍ 55 ശതമാനംവരെ മാത്രമാണ് പ്രേക്ഷകരുള്ളത്.രാജസ്ഥാനിലും മുംബൈയിലും ഇത് 60 ശതമാനമാണ്. ബാംഗ്ലൂരിലാണ് ഏറ്റവും മികച്ച പ്രതികരണം 90 ശതമാനം മുതല്‍ 95 ശതമാനം വരെ.വിവാദങ്ങളുടെ ബലത്തില്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് തിയേറ്ററുകാരുടെ പ്രതീക്ഷ.
വിവാദത്തെ തുടര്‍ന്ന് നിര്‍മാതാവ് യാഷ് ചോപ്ര ക്ഷമാപണം നടത്തുകയും ടൈറ്റില്‍ പാട്ടിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
(ഐ.എ.എന്‍.എസ്)
പ്രത്യേക സാന്പത്തിക മേഖലകളില്‍ കര്‍ഷകര്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കും
പ്രത്യേക സാന്പത്തിക മേഖലകള്‍ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ഓഹരി പങ്കാളിത്തം നല്‍കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി ജി.കെ. പിള്ള അറിയിച്ചു. ഇന്ത്യാ സാന്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്യുന്നതോടെ പ്രത്യേക സാന്പത്തിക മേഖലകള്‍ക്കായി(സെസ്) ഏറ്റെടുക്കാവുന്ന ഭൂമിയുടെ പരിധി 5000 ഹെക്ടര്‍ എന്ന വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുത്തും.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ പുനരധിവാസ നയം നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വ്യവസ്ഥയില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് പിള്ള ചൂണ്ടിക്കാട്ടി.
വിവിധോല്‍പ്പന്ന സെസുകളുടെ കാര്യത്തിലാകും ഇളവ് പ്രധാനമായും പരിഗണിക്കുക. നിലവില്‍ ഇത്തരം 34 പ്രത്യേക സാന്പത്തിക മേഖലകളാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റേതുള്‍പ്പെടെ നാല് സെസുകള്‍ക്ക് 5000 ഹെക്ടര്‍ വിസ്തൃതിയുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കുമെന്ന് പിള്ള പറഞ്ഞു.
രാജ്യത്തെ പ്രത്യേക സാന്പത്തിക മേഖലകളില്‍നിന്നുള്ള കയറ്റുമതി ഈ വര്‍ഷം അവസാനത്തോടെ 67,000 കോടി രൂപയിലെത്തും. നിലവില്‍ ഇത് 33,000 കോടി രൂപയാണ്.പ്രത്യേക സാന്പത്തിക മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ 18 മാസത്തിനിടെ മുന്നൂറു കോടി ഡോറളായി വര്‍ധിച്ചു.അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് നാലു മടങ്ങുവരെ വര്‍ധിച്ചേക്കുമെന്നും പിള്ള പറഞ്ഞു. ഈ സാന്പത്തിക മേഖലകളിലെ ആകെ തൊഴില്‍ സാധ്യത ആറു ലക്ഷത്തിലേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Saturday, December 1, 2007
പണം കൈമാറ്റത്തിന് എടിഎമ്മുകളില്‍ സൗകര്യം
പണം സ്വീകരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പുറമെ ഉപയോക്താക്കള്‍ക്ക് മറ്റു അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിനുമുള്ള സംവിധാനം എ.ടി.എമ്മുകളില്‍ സജ്ജമായി. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി.എമ്മുകളിലാണ് ബാങ്കില്‍ എത്താതെ പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൌകര്യം നിലവില്‍ വന്നത്.
സി.ടു.സി (കാര്‍ഡ് ടു കാര്‍ഡ് ) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇതനുസരിച്ച് കൈമാറ്റം ചെയ്യേണ്ട വ്യക്തിയുടെ എ.ടി.എം കാര്‍ഡ് നമ്പര്‍ ഉപയോക്താവ് അറിഞ്ഞിരിക്കണം. ഈ നമ്പര്‍ എ.ടി.എമ്മിലെ നിശ്ചിത സ്ഥലത്ത് രണ്ടു തവണ രേഖപ്പെടുത്തണം. നമ്പര്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ കൈമാറ്റം ചെയ്യേണ്ട സംഖ്യയും രേഖപ്പെടുത്തണം. ഇതോടെ പണം കൈമാറ്റം പൂര്‍ണമാവുകയും ബില്ല് ലഭിക്കുകയും ചെയ്യും.
അമ്പതിനായിരം രൂപയുടെ വരെ കൈമാറ്റം ഇത്തരത്തില്‍ നിര്‍വഹിക്കാനാകുമെന്ന് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അധികൃതര്‍ അറിയിച്ചു. പണം കൈമാറ്റം ചെയ്യുന്നതിന് ബാങ്കുകളില്‍ അനുഭവപ്പെടുന്ന ഭീമമായ തിരക്ക് പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പരിഹരിക്കാനാവും. ഉപയോക്താക്കള്‍ക്ക് വളരെയധികം സമയലാഭം സി ടു സി സംവിധാനം പ്രദാനം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി.എമ്മുകളില്‍ ഇതിനാവശ്യമായ സോഫ്റ്റ്്വെയര്‍ നേരത്തെതന്നെ ഉണ്ടായിരുന്നതിനാല്‍ പുതിയ സൌകര്യം എളുപ്പത്തില്‍ ഏര്‍പ്പെടുത്താനായി എന്നും ബാങ്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
വാഹന ഗ്യാസിന് വില കൂട്ടി
വാഹനങ്ങള്‍ക്കുള്ള ഇന്ധന ഗ്യാസിനും ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ പാചകവാതകത്തിനും എണ്ണക്കമ്പനികള്‍ കുത്തനേ വില കൂട്ടി. വാണിജ്യ പാചക വാതകത്തിന് സിലിണ്ടറിന് 82 രൂപയും ഇന്ധന ഗ്യാസിന് ലിറ്ററിന് മൂന്നു രൂപയുമാണ് വില വര്‍ധിച്ചിരിക്കുന്നത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലായി. പുതുക്കിയ വില അനുസരിച്ച് 19 കിലോഗ്രാമിന്റെ വാണിജ്യ പാചകവാതക സിലണ്ടറിന് 983 രൂപയും വാഹനഗ്യാസിന് ലിറ്ററിന് 31.66 രൂപയുമാണ് വില.
അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വില വര്‍ധന അനുസരിച്ച് എല്ലാ മാസവും എണ്ണക്കമ്പനികള്‍ ഇന്ധന ഗ്യാസിന്റെയും വാണിജ്യ പാചകവാതക ത്തിന്റെയും വിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ക്രൂഡ് ഓയിലിന്റെ വില അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ 90 ഡോളറിന് അടുത്താണ്. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വില വര്‍ധിപ്പിക്കുന്നതെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം വാണിജ്യ പാചക വാതകത്തിന് 65 രൂപ വില വര്‍ധിച്ചിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ഈ മാസം 82 രൂപ കൂടി വര്‍ധിപ്പിച്ചത്. ഹോട്ടലുകള്‍ക്കും വ്യവസായ ശാലകള്‍ക്കും മറ്റും കനത്ത തിരിച്ചടിയാവും പുതിയ വില വര്‍ധന.
മൂന്നു ദിവസം ബാങ്ക് പ്രവര്‍ത്തനം ഇല്ല
അസോസിയേറ്റ് ബാങ്കുകളെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനെതിരേ രാജ്യവ്യാപകമായി ഓഫീസര്‍മാരും ജീവനക്കാരും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്കും.
ഞായറാഴ്ചത്തെ അവധി കൂടി പരിഗണിച്ചാല്‍ അടുത്തയാഴ്ച മൂന്നു ദിവസം തുടര്‍ച്ചയായി ബാങ്ക് ഇടപാടുകള്‍ മുടങ്ങും. കേരളത്തില്‍ എസ്.ബി.ടി ശാഖകള്‍ പ്രവര്‍ത്തിക്കില്ല. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 31-ന് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
Friday, November 30, 2007
സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ പ്രവാസി സെല്‍ കൊച്ചിയില്‍
Wednesday, November 28, 2007
എഫ്.ഡി.ഐ 55 അപേക്ഷകളില്‍ തീരുമാനമായില്ല
വ്യവസായ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട 55 അപേക്ഷകള്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് കേന്ദ്ര വ്യവസായ സഹമന്ത്രി അശ്വനി കുമാര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് അപേക്ഷകളില്‍ തീരുമാനമെടുക്കാത്തത്. ഈ വര്‍ഷം ഓഗസ്റുവരെ 240 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്-മന്ത്രി അറിയിച്ചു.
Monday, November 26, 2007
ജ്യോതി ലാബറട്ടീറ്സ് ഐ.പി.ഒ
Thursday, November 22, 2007
പി.വി.ആര്‍ 250 മള്‍ട്ടിപ്ലക്സുകള്‍ കൂടിനിര്‍മിക്കും
2010ഓടെ ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളിലായി 250 മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്ററുകള്‍കൂടി നിര്‍മിക്കുമെന്ന് ഈ മേഖലയിലെ പ്രമുഖ സ്ഥാപനമായ പി.വി.ആര്‍ ലിമിറ്റഡ് വ്യക്തമാക്കി.
ഇവിയില്‍ 40 എണ്ണം മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ വന്‍കിടക്കാരെ ലക്ഷ്യമിടുന്ന ഉന്നത നിലവാരത്തിലുള്ള പി.വി.ആര്‍ പ്രീമിയര്‍ തിയേറ്ററുകളായിരിക്കും.
മറ്റു നഗരങ്ങളിലെ പ്രേക്ഷകര്‍ക്കായി പി.വി.ആര്‍ സിനിമാകളും ചെറു നഗരങ്ങളില്‍ പി.വി.ആര്‍ ടാക്കീസുകളും സ്ഥാപിക്കാനാണ് കന്പനി ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ പി.വി.ആറിന് രാജ്യത്ത് 95 മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുണ്ട്.
"2010 ഏപ്രലിനുമുന്പ് 250 തിയേറ്ററുകള്‍കൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രാരംഭഘട്ടത്തില്‍ 400 കോടി രൂപ മുടക്കും"-പി.വി.ആര്‍ ലമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബാലാജി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടു പറഞ്ഞു.
കേരള സര്‍ക്കാര്‍ ബാങ്ക് തുടങ്ങുന്നു
കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്ക് വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.പദ്ധതിക്ക് സര്‍ക്കാര്‍ അനുമതിയായെങ്കിലും മറ്റു നടപടിക്രമങ്ങള്‍ പരിഗണിച്ചുവരികയാണ്.
രണ്ട് സാധ്യതകളാണ് സര്‍ക്കാരിനു മുന്നിലുള്ളത്.നിലവിലുള്ള ഒരു ബാങ്ക് ഏറ്റെടുക്കുന്നതാണ് ആദ്യത്തേത്. അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പുതിതയ ബാങ്ക് തുടങ്ങണം-മന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ്(കെ.എസ്.എഫ്.ഇ)ആയിരിക്കും ബാങ്ക് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. കെ.എസ്.എഫ്.ഇയുടെ ഉപസ്ഥാപനമായിട്ടാണ് ബാങ്ക് പ്രവര്‍ത്തിക്കുക.
പുതിയ ബാങ്കിന് 350 കോടിയുടെ പ്രാരംഭ മൂലധനം വേണ്ടതുണ്ട്. നിലവില്‍
കെ.എസ്.എഫ്.ഇക്ക് 150 കോടിയുടെ മൂലധന കരുതല്‍നിധിയുണ്ട്.
അതുകൊണ്ടുതന്നെ സര്‍ക്കാരിന്‍റെ സ്വന്തം ബാങ്ക് യാഥാര്‍ത്ഥ്യമാകാന്‍
അധികം കാത്തിരിപ്പ് വേണ്ടിവരില്ല-മന്ത്രി പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ധനമന്ത്രിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്‍റെ ശിഷ്യനും ജമ്മു ആന്‍റ് കശ്മീര്‍ ബാങ്ക് ചെയര്‍മാനുമായ ഹസീബ്
ദ്രാബുവാണ്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ വലയിരൊരു നിര നമുക്കുണ്ട്. അവരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബാങ്ക് പദ്ധതിയുമായി മുന്നോട്ടു
പോകുന്നത്-മന്ത്രി പറഞ്ഞു.
സംസ്ഥാന തല ബാങ്കിംഗ് കമ്മിറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസികളുടെ നിക്ഷേപം 31900 കോടി രൂപയാണ്. ഇത് ബാങ്കുകളിലെ ആകെ
നിക്ഷേപത്തിന്‍റെ 34.56 ശതമാനം വരും.
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം കുതിക്കുന്നു
രാജ്യത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒക്ടോബര്‍ മാസത്തില്‍ 22 ശതമാനം വര്‍ധിച്ച് 256.66 ദശലക്ഷമായതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)വെളിപ്പെടുത്തി.
പുതിയ വരിക്കാരില്‍ 8.05 ദശലക്ഷം പേര്‍ വയര്‍ലെസ് മേഖലയിലാണ്. സെപ്റ്റംബറില്‍ ഇത് 7.80 ദശലക്ഷമായിരുന്നു.അതേസമയം ലാന്‍ഡ് ലൈന്‍ മേഖലയില്‍ വരിക്കാരുടെഎണ്ണം സെപ്റ്റംബറിലെ 39.58 ദശലക്ഷത്തില്‍നിന്ന് 39.41 ദശലക്ഷമായി കുറഞ്ഞു.
ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 2.69 ദശലക്ഷമാണ്.
ടെക്നോപാര്‍ക്കും ഇറ്റാലിയന്‍ നഗരവും കൈകോര്‍ക്കുന്നു
വിവര സാങ്കേതിക മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ വ്യവസായ നഗരമായ നൊവാരയില്‍നിന്നുള്ള പ്രതിനിധി സംഘം ടെക്നോ പാര്‍ക്ക് അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തി. നൊവാര മേയര്‍ മാസ്സിമോ ഗിരോര്‍ദ്ദാനോയും നാല് അഭിഭാഷകരുമാണ് സംഘത്തിലുള്ളത്.
നൊവാരയിലെയും ടെക്നോ പാര്‍ക്കിലെയും കന്പനികള്‍ക്ക് പരസ്പരം ഗുണകരമാകുന്ന
വിധത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്ന് മാസ്സിമോ പറഞ്ഞു.കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ടെക്നോ പാര്‍ക്ക് പ്രതിനിധികളെ അദ്ദേഹം നൊവാരയിലേക്ക് ക്ഷണിച്ചു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ടെക്നോ പാര്‍ക്കിലെത്തുന്ന രണ്ടാമത്തെ വിദേശ
സംഘമാണിതെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ആര്‍.കെ. നായര്‍ പറഞ്ഞു. മുന്‍പ്
ചൈനയില്‍നിന്നുള്ള സംഘം ഇവിടെ എത്തിയിരുന്നു.
"മറ്റു രാജ്യങ്ങളില്‍ ടെക്നോ പാര്‍ക്കിനെക്കുറിച്ച് ഏറെ മതിപ്പുളവാക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. നൊവാരയുമായി ഫലപ്രദമായ സഹകരണം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
"-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെക്നോ പാര്‍ക്കിലെ ചില കന്പനികളുടെ ഓഫീസുകളിലും സന്ദര്‍ശനം നടത്തിയ ഇറ്റാലിയന്‍ സംഘം ഇവിടുത്തെ സൗകര്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ധന വില കൂട്ടില്ല-മന്ത്രി
ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ എത്തിയെങ്കിലും ഇന്ധന വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്റ ലോക്‌സഭയില്‍ അറിയിച്ചു.
യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതുവരെ ക്രൂഡ് ഓയിലിന്റെ വില 150 ശതമാനത്തോളം വര്‍ധിച്ചെങ്കിലും അത് ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം പരമാവധി കുറക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യ-ഇറാന്‍-പാക്കിസ്ഥാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലാണെന്നും ഏതാനും ചില കാര്യങ്ങളില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനായാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലീനീകരണമില്ലാത്ത ഹൈഡ്രജന്‍ വാഹനം വരുന്നു
ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മാണ വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ ടാറ്റാ മോട്ടോഴ്സും ബഹിരാകാശ ഗവേണഷ സ്ഥാപമായ ഐ.എസ്.ആര്‍.ഒയും ചേര്‍ന്ന് മലിനീകരണമില്ലാത്ത വാഹനം പുറത്തിറക്കുന്നു.
ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സാധാരണ വാഹനങ്ങള്‍ പുറം തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ പുകയുടെ സ്ഥാനത്ത് നിരുപദ്രവകരമായ നീരാവി മാത്രമായിരിക്കും പുതിയ വാഹനത്തില്‍നിന്ന് പുറത്തുവരിക.
ഫ്യൂവല്‍ ഓട്ടോ മൊബൈലുകളില്‍ ഹൈഡ്രജന്‍റെ ഉപയോഗ സാധ്യത സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കായി രണ്ടു സ്ഥാപനങ്ങളും കരാറില്‍ ഒപ്പുവെച്ചതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അറിയിച്ചു.
ഈ പരീക്ഷണം വിജയിച്ചാല്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ ഗണ്യമായ പുരോഗതിക്ക് വഴിതെളിയുമെന്നും കാറുകളിലും മറ്റും ഹൈഡ്രജന്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റ് സാങ്കേതിക വിദ്യയായിരിക്കും നിര്‍ദിഷ്ട വാഹനത്തില്‍ ഉപയോഗിക്കുക. വൈദ്യുതി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ എന്‍ജിന്‍ ഉണ്ടാവില്ല. ഫ്യൂവല്‍ സെല്ലില്‍ ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയായിരിക്കും വാഹനത്തിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം നല്‍കുക. നേരിയ തോതില്‍ നീരാവി മാത്രം പുറന്തള്ളപ്പെടുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം തെല്ലും ഉണ്ടാവില്ല-മാധവന്‍ നായര്‍ വിശദീകരിച്ചു.
Friday, November 16, 2007
ശിലയിട്ടു;സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യത്തിലേക്ക്
ശാസ്ത്ര സാങ്കേതിക മേഖലയില്‍ കേരളത്തിന്‍റെ ശ്രദ്ധേയമായ കുതിപ്പിന് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു.ഇടച്ചിറയില്‍ ഇന്‍റഫോ പാര്‍ക്കിനു സമീപം തയാറാക്കിയ പ്രത്യേക പന്തലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എച്. അച്യുതാനന്ദനും ടി കോം. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുറഹ്മാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
ഇതോടെ ഏറെ ചര്‍ച്ചകളും വിവാദങ്ങളും അനിശ്ചിതത്വങ്ങളും പിന്നിട്ട പദ്ധതി യാഥാര്‍ത്ഥ്യത്തിന്‍റെ പാതയിലെത്തിയിരിക്കുകയാണ്. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി ഇടതു മുന്നണി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷമായ ഐക്യജനാഥിപത്യ മുന്നണി(യു.ഡി.എഫ്)യും തമ്മിലുള്ള തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല.
സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റിക്ക് സമാനമായ മറ്റു പദ്ധതിക ആരംഭിക്കുന്നതിന് നിരവധി നിക്ഷേപകര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
സ്മാര്‍ട്ട് സിറ്റിക്കു വേണ്ട സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിന് കൈമാറുന്നതിനുള്ള ധാരണാ പത്രത്തില്‍ സംസ്ഥാന സര്‍ക്കാരും ടീകോമും ഒപ്പുവെച്ചു.ടീ കോം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്. ശര്‍മ, എന്‍.കെ. പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ. ബാബു എം.എല്‍.എ, ചീഫ് സെക്രട്ടറി പി.ജെ. തോമസ് തുടങ്ങിയവരും പ്രസംഗിച്ചു.
Monday, November 12, 2007
ഹോട്ടല്‍ ഭക്ഷണത്തിനും തീവില
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിരക്ക് വര്‍ധിപ്പിച്ചു. പ്രധാനമായും ചെറുകിട ഹോട്ടലുകളിലാണ് വിലവര്‍ധന നടപ്പാക്കിയിട്ടുള്ളത്.
ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍ നിരക്കില്‍ ഭക്ഷണം വില്‍ക്കാനാവില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വൈകാതെ സംസ്ഥാനത്ത് എല്ലായിടത്തും വില വര്‍ധന നിലവില്‍ വരും.
മില്‍മ പാലിന്‍റെ വില ഉയര്‍ത്തിയ സാഹചര്യത്തില്‍ ചായയുടെയും കാപ്പിയുടെയും പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളുടെയും വിലയും ആനുപാതികമായി കൂട്ടേണ്ടിവരുമെന്ന് ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി
Sunday, November 11, 2007
ഓഹരി വിപണി പോയ വാരം
കഴിഞ്ഞയാഴ്ച്ച സൂചികയ്ക്ക് 1069 പോയിന്റിന്റെ ഇടിവ് നേരിട്ടു. ആഭ്യന്തര വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിരക്ക് ഉയര്‍ത്തി നിശ്ചയിക്കാനുള്ള നീക്കം കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യം സൃഷ്ടിച്ചേക്കാം.
ഓഹരി സൂചിക ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ക്കൊപ്പം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക നിക്ഷേപകരും ബാധ്യതകള്‍ വിറ്റ് ഒഴിഞ്ഞുതുടങ്ങി.
കഴിഞ്ഞ മാസം അവസാനവാരത്തില്‍ തന്നെ സെന്‍സെക്സിന് 20,000 പോയിന്റിന് മുകളില്‍ ഇടം കണ്ടെത്താന്‍ കഴിയാത്തത് വിപണി പുതിയ ദിശയിലേയ്ക്ക് തിരിഞ്ഞതിന്റെ വ്യക്തമായ ചിത്രമായിരുന്നു.
തിങ്കളാഴ്ച്ച ഇടപാടുകളുടെ തുടക്കത്തില്‍ വിപണി ഒരിക്കല്‍ കൂടി 20,000 പോയിന്റിലെ പ്രതിരോധം മറികടന്നെങ്കിലും 20,009 വരെ മാത്രമേ സൂചികയ്ക്ക് ആയുസ് ലഭിച്ചുള്ളു. ഈ റേഞ്ചില്‍ ഹെവിവെയിറ്റ് ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. മറ്റൊരു വിഭാഗം ഫണ്‍ണ്ടുകള്‍ ഉയര്‍ന്ന നിലവാരം പുതിയ ഷോട്ട് പൊസിഷനുകള്‍ക്കുള്ള അവസരമാക്കി മാറ്റുകയും ചെയ്തു.
നിഫ്റ്റി 5900 പോയിന്റില്‍ വില്‍പ്പനക്കാരുടെ പിടിയില്‍ അകപ്പെട്ടു. 5700 പോയിന്റിലെ താങ്ങും നഷ്ടപ്പെട്ട നിഫ്റ്റിക്ക് 5600-5530 റേഞ്ചില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്താം. ഈ താങ്ങ് നഷ്ടപ്പെട്ടാല്‍ നിഫ്റ്റി സൂചികയ്ക്ക് പിടിച്ചു നില്‍ക്കാനാവുക 5150-5050 റേഞ്ചിലാവും. ബുള്ളിഷ് ട്രന്റ് നിലനില്‍ക്കുന്നതിനാല്‍ സാങ്കേതിക തിരുത്തലുകള്‍ വിപണിക്ക് കുടുതല്‍ കരുത്തു പകരാം. സെബി പുതിയ പി-നോട്സ് വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം വിദേശ ഫണ്‍ുകള്‍ ഇന്ത്യയില്‍ 4500 കോടി രുപയുടെ ഓഹരികള്‍ വിറ്റഴിച്ചു. വര്‍ഷാന്ത്യമായതിനാല്‍ പുതിയ ബാധ്യതകള്‍ക്ക് വിദേശ നിക്ഷേപകര്‍ കാര്യമായ താല്‍പര്യം കാണിക്കാന്‍ ഇടയില്ല.
പി-നോട്സ് പ്രശ്നം ഇനിഷ്യല്‍ പബ്ളിക്ക് ഓഫറുകള്‍ വഴിയുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചു. ഐ പി ഒ നിക്ഷേപം ഒക്ടോബറില്‍ 276 കോടി രൂപ മാത്രമാണ്. തൊട്ട് മുന്‍വാരം ഇത് 3800 കോടിയായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണം ഐ പി ഒ വഴി വിപണിയിലേയ്ക്ക് പ്രവഹിച്ചത് ജൂണിലാണ്. ഡി എല്‍ എഫ് ഇഷ്യൂ ഇറക്കിയ വേളയില്‍ ഇത് 11,906 കോടി രുപയായിരുന്നു. ഐ പി ഒ നിക്ഷേപ വളര്‍ച്ചയില്‍ ആഗോള തലത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുകയാണ് ഇന്ത്യ.
വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിനു മുന്നില്‍ രൂപ 39.16 വരെ മുന്നേറി. ആര്‍ ബി ഐ വന്‍തോതില്‍ ഡോളര്‍ ശേഖരിച്ചു. നവമ്പര്‍ രണ്‍ിന് അവസാനിച്ചവാരം വിദേശ നാണ്യകരുതല്‍ ശേഖരം 26,651 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്‍്. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ക്രൂഡ് വില 100 ലേയ്ക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തത്തെ ഉറ്റുനോക്കുകയാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് വില ബാരലിന് 98.20 ഡോളര്‍ വരെ കയറി. എന്നിട്ടും ഒപ്പെക് സംഘടന മൌനം പാലിക്കുകയാണ്. വിലക്കയറ്റം ഏറ്റവും കുടുതല്‍ ബാധിക്കുക ഇന്ത്യയേയും ചൈനയേയുമാവും. ഡിസംബറില്‍ സൌദി അറേബ്യയില്‍ ചേരുന്ന ഒപ്പെക്ക് യോഗം ഉല്‍പാദനം ഉയര്‍ത്തണമെന്ന തിരുമാനം കൈക്കൊള്ളാന്‍ ഇടയുണ്ട്.
നാണ്യപെരുപ്പം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. ഒക്ടോബര്‍ അവസാനവാരം നാണയപെരുപ്പം 2.97 ശതമാനമായി.വാരാന്ത്യക്ളോസിങ് നടക്കുമ്പോള്‍ ബോംബെ സുചിക 18,907 പോയിന്റിലായിരുന്നു. നിഫ്റ്റി 5663 പോയിന്റില്‍ ക്ളോസിങ് നടന്നു.
Friday, November 9, 2007
കേരളത്തെ സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റും: മന്ത്രി എളമരം കരിം
കൊച്ചി: കേരളത്തെ ഒരു സ്ഥിരം വ്യാപാര കേന്ദ്രമാക്കി മാറ്റിയെടുക്കുകയാണ് ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ലക് ഷ്യമെന്ന് വ്യവസായ മന്ത്രി എളമരം കരിം പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഹാളില്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി. ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടര്‍ച്ചയായി സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ കാലയളവില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയും.
മലബാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലുണ്ടായ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 15 വരെ നടക്കുക. കേരളത്തിന്‍റെ തനിമ പ്രകടമാക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ കൈത്തറി ഫെസ്റായും ഇടുക്കിയിലും വയനാട്ടിലും സുഗന്ധവ്യഞ്ജന മേളയായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ വ്യാപാരമേളയായും കൊല്ലത്ത് ക്യാഷ് നട്ട് ഫെസ്റ്റിവലായുമാണ് സംഘടിപ്പിക്കുക. ഈ കാലയളവില്‍ ആലപ്പുഴയില്‍ കയര്‍ ഫെസ്റ്റിവലായിട്ടാണ് മേള നടക്കുക.
പിരമിഡ് സൈമിറ അമേരിക്കയിലേക്ക്
ബെസ്റ്റ് ഓര്‍ഗാനിക് കോഫി അവാര്‍ഡ് പോബ്സിന്
രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ ഏക ജൈവ കൃഷിത്തോട്ടമാണ് നെല്ലിയാമ്പതിയിലെ തൂത്തമ്പാറ എസ്റേറ്റ്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കപ്പ് ടേസ്റേഴ്സിനെ ഉള്‍പ്പെടുത്തി നാലു തരത്തിലുള്ള വിശകലനത്തിനു ശേഷമാണ് കോഫി ബോര്‍ഡ് ഇന്ത്യയിലെ പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. ബോര്‍ഡ് മികച്ചതായി അംഗീകരിച്ച ഗുണമേന്മയുള്ള കാപ്പിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുനന രാജ്യാന്തര മല്‍സരങ്ങളില്‍ വിജയം വരിക്കുന്നത്.
ത്രിവേണി മെഗാമാര്‍ട്ടും ലിറ്റില്‍ ത്രിവേണിയും
ആധുനിക സൌകര്യങ്ങളോടുകൂടിയ മൂവായിരം ചതുരശ്രയടി വലിപ്പമുള്ള മെഗാമാര്‍ട്ടുകള്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ തുടങ്ങാനാണ് പദ്ധതി. പച്ചക്കറികള്‍ക്കും മാംസങ്ങള്‍ക്കും പ്രത്യേക വിഭാഗവും ഇന്റര്‍നെറ്റ്, ഫോട്ടോസ്റാറ്റ്, ഡി.ടി.പി, ഫാക്സ്, എസ്.ടി.ഡി, ഐ.എസ്.ഡി തുടങ്ങിയ ആധുനിക സൌകര്യങ്ങളുള്ള ഇ-ത്രിവേണി ബിസിനസ് സെന്‍ററും മെഗാമാര്‍ട്ടിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. ലഘുഭക്ഷണശാലയും ഉണ്ടാകും.
രുചിക്കും ഗുണമേന്മയ്ക്കും പ്രാധാന്യം നല്‍കി പ്രധാന നഗരങ്ങളില്‍ ത്രിവേണി കോഫി ഹൌസ് ആരംഭിക്കും. ഇത്തരത്തിലുള്ള ആദ്യത്തേത് കൊച്ചി സഹകരണ മെഡിക്കല്‍ കോളെജ് പരിസരത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിക്കുപുറമേ എടപ്പാള്‍, പുനലൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും മെഗാമാര്‍ട്ടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം, റംസാന്‍ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 90 കോടിയിലധികം രൂപയുടെ വില്‍പന നടത്തി. ഇതിലൂടെ 30 കോടി രൂപയുടെ സബ്സിഡി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കസ്യൂമര്‍ ഫെഡിന്റെ ഒരു യൂണിറ്റ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കും. നീതി മെഡിക്കല്‍ സ്റോറുകളും പുതുതായി ഓരോ സ്ഥലങ്ങളിലും തുടങ്ങും.
മില്‍മ പാലിനും വിലകൂട്ടുന്നു
'പ്രവാസി ഭാരതീയ ദിവസ്' ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കും മന്ത്രി
പ്രവാസികളുടെ സഹായത്തോടെയുള്ള ഗ്രാമീണ വികസനത്തിനായിരിക്കും ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഊന്നല്‍ നല്‍കുകയെന്ന് കേന്ദ്ര പ്രവാസസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ജനുവരി ഏഴു മുതല്‍ ഒന്‍പതു വരെ ന്യൂഡല്‍ഹിയിലാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുക.
'രാജ്യത്തിന്‍റെ സാമൂഹ്യ, സാന്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക്കും. ഗ്രാമീണ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ, ആരോഗ്യ, സാന്പത്തിക സുരക്ഷക്കായി പ്രവാസികള്‍ക്ക് ഗണ്യമായമ സംഭാവനകള്‍ നല്‍കാനാകും'-മന്ത്രി പറഞ്ഞു.
ഇതിനു പുറമെ വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട സെഷനുകളും സമ്മേളനത്തിലുണ്ടാകും. ഇന്ത്യയിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് പ്രവാസി ഭാരതീയ ദിവസില്‍ നേരത്തെ ശ്രമിച്ചിരുന്നത്.പക്ഷെ പ്രതീക്ഷക്കൊത്ത് പ്രണമോ നിക്ഷേപമോ വരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കുറി പ്രവാസികളോട് നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പരോപകാര പദ്ധതികളില്‍ അവരുടെ സഹകരണം തേടാനാണ് ഉദ്ദേശ്യം-മന്ത്രി വിശദീകരിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ(സി.ഐ.ഐ) സഹകരണത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്.വിദേശ നാണ്യം നേടുന്നതിനു മാത്രമല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്, വിദേശ ഇന്ത്യക്കാര്‍ക്ക് സഹകരിക്കാന്‍ കഴിയുന്ന മറ്റു പല സംരംഭങ്ങളുമുണ്ട്-സി.ഐ.ഐ പ്രസിഡന്‍റ് സുനില്‍ മിത്തല്‍ പറഞ്ഞു.
സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണണം- ടി.ഡി.പി
ആന്ധ്രാപ്രദേശിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടനിലക്കാരെ സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്നത് കര്‍ഷകരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.ഈ സര്‍ക്കാര്‍ ആധികാരത്തേലേറി, മൂന്നര വര്‍ഷത്തിനുള്ളില്‍ 4500ഓളം കര്‍ഷകര്‍ ജീവനൊടുക്കി-ടി.ഡി.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷക റാലി ഈ മാസം 24ന് നടക്കും.
Thursday, November 8, 2007
പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത് 10 ശതമാനം ദാരിദ്ര്യ നിര്‍മാര്‍ജനം
ശ്രദ്ധേയമായ സാന്പത്തിക വളര്‍ച്ചക്കൊപ്പം പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പത്തു ശതമാനം ദാരിദ്ര്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ പതിനൊന്നാം പഞ്ച വത്സര പദ്ധതി ലക്ഷ്യമിടുന്നു.പദ്ധതി രേഖയുടെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്‍റെ അധ്യക്ഷതയില്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡിന്‍റെ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണം 1993-94ലെ 36 ശതമാനത്തില്‍നിന്നും 2004-05ല്‍ 28 ശതമാനമായി താഴ്ന്നെങ്കിലും ഈ നേരിയ വ്യതിയാനം ആശാവഹമല്ലെന്നും പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പട്ടിണി പ്രബലമാണെന്നും രേഖയില്‍ പറയുന്നു.
1993094ല്‍ ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്നവര്‍ 30 കോടിയായിരുന്നെങ്കില്‍ 2004-05ല്‍ ഇത് 28 കോടിയായി മാത്രമാണ് കുറഞ്ഞത്.പ്രതിശീര്‍ഷ വരുമാനം ഏറെ കുറവായിരുന്ന 1973-74 ലെ സ്ഥിതിവിവരക്കണക്കുമായി താരതമ്യം ചെയ്യുന്പോള്‍ ഇത് ഏറെ നിരാശാജനകമാണെന്ന് രേഖയില്‍ പറയുന്നു.
ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന മൂന്നു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം 1998ല്‍ 49 ശതമാനമായിരുന്നത് 2005-06ല്‍ 47 ശതമാനം മാത്രമായാണ് കുറഞ്ഞത്.ലിംഗപരമായ അസ്വമത്വം രാജ്യത്ത് ഇപ്പോഴും പ്രബലമാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.
Sunday, November 4, 2007
യൗവ്വനത്തില്‍ വീട് സ്വന്തമാക്കുന്നവരുടെ എണ്ണംവര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്
മുപ്പതാം വയസില്‍ ഒരു വീടിന് ഉടമയാകുക എന്നത് അത്ഭുതമല്ലാതായിരിക്കുന്നു.
പ്രതിമാസം പതിനായിരക്കണക്കിന് രൂപ ശന്പളംവാങ്ങുന്ന യുവതീ യുവാക്കള്‍ വാടക വീടുകളേക്കാള്‍ സ്വന്തം വീട് വാങ്ങുന്നതിന് മുന്‍തൂക്കം നല്‍കുന്നതായി അസോചെമിന്‍റെ ഒരു പഠനം വ്യക്തമാക്കുന്നു.
15-20 വര്‍ഷം മുന്പ് സ്വന്തമായി വീടുള്ളവരുടെ ശരാശരി പ്രായപരിധി 55വയസുമുതല്‍ 58 വയസുവരെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 30 വയസുമുതല്‍ 38 വയസുവരെ ആണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
വാടക നിരക്കിലെ വര്‍ധന, പാട്ട വ്യവസ്ഥകളിലെ സ്ഥിരതയില്ലായ്മ, യുവ പ്രഫഷണലുകളുടെ ഉയര്‍ന്ന വരുമാന നിരക്ക്, വായ്പ ലഭിക്കുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇരുപതു വര്‍ഷം മുന്പ് ജോലിക്കാരില്‍ പലരും പിറന്ന നാട്ടില്‍തന്നെ സ്ഥിര താമസമാക്കാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ മറ്റു സ്ഥലങ്ങളില്‍ ഭൂമി വാങ്ങി വീടുവെക്കുന്ന പ്രവണത കുറവായിരുന്നെന്ന് അസോചെം പ്രസിഡന്‍റ് വേണുഗോപാല്‍ ദൂത് പറഞ്ഞു.
(പി.ടി.ഐ)
Friday, November 2, 2007
ഇന്ത്യ ശ്രിലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യും
പ്രസിഡന്‍റ് മഹീന്ദ്ര രാജ്പക്സെയുടെ അഭ്യര്‍ത്ഥന മാനിച്ച് ശ്രീലങ്കയിലേക്ക് ഇന്ത്യ ആറായിരം ടണ്‍ അരി കയറ്റുമതി ചെയ്യും.
കേന്ദ്ര സര്‍ക്കാര്‍ അരിയുടെ കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് തൂത്തുക്കുടി, ചെന്നെ തുറുമുഖങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള അരിയാണ് അടുത്തയാഴ്ച്ചയോടെ ശ്രീലങ്കയില്‍ എത്തിക്കുക.
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പ്രസിഡന്‍റ് രാജ്പക്സേ അരി കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചത്.
മുകേഷ് അംബാനിയുടെ ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ജെറ്റ് വിമാനം
ആഗോള സന്പന്നരുടെ പട്ടകയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ റിലയന്‍സ്ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഭാര്യ നീതയുടെ 44ആം പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി നല്‍കിയത് ആഡംബരങ്ങള്‍ ഏറെയുള്ള ഒരുജെറ്റ് വിമാനം.
അറുപത് ദശലക്ഷം ഡോളര്‍ വിലയുള്ള എയര്‍ ബസ് വിമാനത്തില്‍ സാറ്റലൈറ്റ് ടെലിവിഷന്‍, ബാര്‍ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ടെന്ന് മുംബൈ മിറര് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മുകേഷ് വിമാനം വാങ്ങിയ കാര്യം എയര്‍ബസ് കന്പനി സ്ഥിരീകരിച്ചു. ന്യൂദല്‍ഹിയില്‍ എത്തിച്ച വിമാനം വൈകാതെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് കന്പനി പ്രതിനിധികള്‍ പറഞ്ഞു.
അതേസമയം ഇതു സംബന്ധിച്ച വാര്‍ത്തകള്‍ തങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വക്താവ് അറിയിച്ചത്. നൂറുകോടി ഡോളര്‍ ചെലവഴിച്ച് അംബാനി മുംബെയില്‍ നിര്‍മിക്കുന്ന ഓഫീസ് കം റസിഡന്‍സ് സമുച്ചയം ലോകത്തിലെ ഏറ്റവും ആംഡബരമേറിയ വസതിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആന്‍റിലിയ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ ഹെലിപ്പാഡുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്.
Thursday, November 1, 2007
സ്മാര്‍ട്ട് സിറ്റി ശിലാസ്ഥാപനം നവംബര്‍ 13ന്
ഐടി മേഖലയില്‍ 95000 തൊഴിലവസരങ്ങളും നിര്‍മാണമേഖലയില്‍ ഒരു കോടി തൊഴില്‍ദിനങ്ങളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് പദ്ധതിപ്രദേശത്തെ കെട്ടിടസമുച്ചയത്തിനുണ്ടാകുക
ഹോളിവുഡ് കന്പനികള്‍ ബോളിവുഡില്‍ സജീവമാകുന്നു
ടാപ് വാതക പൈപപ്പ് ലൈന്‍ പദ്ധതിയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തും
നിലവില്‍ പദ്ധതിയില്‍ നിരീക്ഷക പദവിയാണ് ഇന്ത്യക്കുള്ളത്.അമേരിക്കയുടെ സമ്മര്‍ദം മൂലം ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ടാപ് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.
തുര്‍ക്മെനിസ്ഥാനില്‍നിന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന 3.2 ബില്യന്‍ ക്യുബിക് അടി വാതകം ഇന്ത്യയുമായി പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1680 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട വാതക പൈപ്പ് ലൈന്‍ തുര്‍ക്മെനിസ്ഥാനിലെ ദൗലതാബാദ് ഗ്യാസ്ഫീല്‍ഡില്‍നിന്ന് ആരംഭിച്ച് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലും അവിടെനിന്നും ക്വറ്റ വഴി പാക്കിസ്ഥാനിലെ മുള്‍ത്താനിലും എത്തിച്ചേരും.
പദ്ധതിക്ക് അറുന്നൂറു കോടി ഡോളര്‍മുതല്‍ എഴുന്നൂറു കോടി ഡോളര്‍വരെ ചെലവു വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2011-12 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രധാന സ്പോണ്‍സര്‍ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക്(എ.ഡി.ബി) ആണെങ്കിലും മറ്റ് കന്പനികളുടെയും സഹകരണം തേടുന്നുണ്ട്.
തുര്‍ക്‍മെനിസ്ഥാന് 159 ട്രില്യന്‍ ക്യുബിക് അടി വാതക ശേഖരമുണ്ടെന്നാണ് കണക്ക്. അവിടെനിന്നും ഏറ്റവുമധികം വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്.(പി.ടി.ഐ)
Wednesday, October 31, 2007
(ഫോട്ടോ എ.എഫ്.പി).
(ഫോട്ടോ ഇ.പി.എ)
നവി മുംബൈ വിമാനത്താവളത്തിന് വീഡിയോകോണ്‍ ടെന്‍ഡര്‍ നല്‍കും
വ്യോമ ഗതാഗത മേഖലയില്‍ മൂവായിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിനാണ് കന്പനി ലക്ഷ്യമിടുന്നതെന്നും കണ്‍സോര്‍ഷ്യത്തില്‍ സഹകരിക്കുന്നതിനുള്ള വിദേശ കന്പനികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതായും വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ എന്‍ ദൂത് പറഞ്ഞു. വീഡിയോകോണ്‍ ഏവിയേഷന്‍ ലിമിറ്റഡ് എന്ന പേരിലായിരിക്കും പുതിയ കന്പനി അറിയപ്പെടുക.
ആദ്യഘട്ടത്തില്‍ വിദേശ പങ്കാളിത്ത കന്പനിക്ക് 24 ശതമാനം ഓഹരികള്‍ നല്‍കുമെന്നും ഇത് പിന്നീട് പരമാവധി 49 ശതമാനം വരെയായി ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
നേരത്തെ ദല്‍ഹി വിമാനത്താവളത്തിന് വീഡിയോകോണ്‍ സമര്‍പ്പിച്ച ടെണ്ടര്‍ കണ്‍സോര്‍ഷ്യത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിംഗ് കന്പനികള്‍ ഇല്ലാത്തതിനാല്‍ നിരസിക്കപ്പെടുകയായിരുന്നു.
നവി മുംബൈയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മേയില്‍ അനുമതി നല്‍കിയിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Monday, October 29, 2007
ഒടുവില്‍ ബില്‍ ഗേറ്റ്സും അംബാനിയോടു തോറ്റു
സോഫ്റ്റ്വേര്‍ രാജാവ് ബില്‍ ഗേറ്റ്സും മെക്സിക്കോയിലെ ബിസിനസ് പ്രമുഖന്‍ കാര്‍ലോസ് സ്ലിം ഹെലുവുമൊക്കെ മുകേഷിനു പിന്നിലായി.
കഴിഞ്ഞ സെപ്റ്റംബറിറില്‍ ഉരുക്കു വ്യവസായി ലക്ഷ്മി രത്തന്‍ മിത്തലിനെ പിന്നിലാക്കി മുകേഷ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ലോക സന്പന്നരില്‍ മിത്തല്‍ ആഞ്ചാം സ്ഥാനത്താണ്.
മുന്‍നിര സന്പന്നരുടെ പുതിയ പട്ടിക ഇങ്ങനെ
1.മുകേഷ് അംബാനി(6,320 കോടി ഡോളര്‍)
2. കാര്‍ലോസ് സ്ലിം ഹേലു (6,229.93 കോടി ഡോളര്‍)
3. ബില്‍ ഗേറ്റ്സ് (6,229 കോടി ഡോളര്‍)
4.വാറന്‍ ബുഫെറ്റ്(5,590 കോടി ഡോളര്‍)
5. ലക്ഷ്മി മിത്തല്‍(5,090 ഡോളര്‍)
ഡി.എല്‍.എഫിന് കേരളത്തില്‍ 2000 കോടി രൂപയുടെ പദ്ധതികള്‍
എറണാകുളം മറൈന്‍ഡ്രൈവില്‍ ഡി.എല്‍.എഫിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍കിട ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഷോപ്പിംഗ് മാളിന് പുറമെ പഞ്ചനക്ഷത്ര ഹോട്ടല്‍, മള്‍ട്ടിപ്ളക്സ് എന്നിവ കൂടി അടങ്ങിയതായിരിക്കും ഈ സമുച്ചയം. ഫോര്‍ട്ടുകൊച്ചിയില്‍ ആസ്പിന്‍വാള്‍ കമ്പനിയുടെ ആസ്ഥാനമന്ദിരം വാങ്ങിയ ഡി.എല്‍.എഫ് ഇത് ഹെറിറ്റേജ് ഹോട്ടലാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
സുധീര്‍ ഗോപി ഹോള്‍ഡിംഗ്സ് പാര്‍പ്പിട നിര്‍മാണരംഗത്തേക്ക്
പല വിദേശ ഇന്ത്യക്കാരും മികച്ച വരുമാനമുള്ളവരാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇന്ത്യയില്‍ അവധിക്കെത്തുമ്പോള്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതും സമ്പൂര്‍ണവുമായ താമസസൌകര്യമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഈ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് വൈകുണ്ഠം റിട്രീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യു.എ.ഇയില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനായി ലിറ്റില്‍ ഇന്ത്യ എന്ന പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. വരുമാനത്തിന്‍റെ നല്ല പങ്ക് വീട്ടുവാടകക്കായി ചെലവാക്കുന്ന പ്രവാസികള്‍ക്ക് ഈ തുക സ്വന്തം ഭവനത്തിനായി നിക്ഷേപിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. ആയിരം ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ടുമെന്‍റുകളാണ് ലിറ്റില്‍ ഇന്ത്യയിലുണ്ടാകുക. വീടുകള്‍ക്ക് പുറമെ കോളേജുകള്‍, സ്കൂളുകള്‍, ഷോപ്പുകള്‍, തീയേറ്ററുകള്‍ തുടങ്ങിയവയും ടൗണ്‍ഷിപ്പില്‍ ഉണ്ടാകും. യു.എ.ഇയില്‍ ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടി ഉടമകളായിരിക്കുന്നവര്‍ക്ക് റസിഡന്‍റ് വിസക്കും അര്‍ഹതയുണ്ടാകുമെന്ന് സുധീര്‍ ഗോപി ചൂണ്ടിക്കാട്ടി.
സെന്‍സെക്സ് 20,000 ക്ലബില്‍
കഴിഞ്ഞ രണ്ടു ദിവസം സൂചികയിലുണ്ടായ മാറ്റത്തോടെ സെന്‍സെക്സ് ഹോങ്കോംഗിലെ ഹാംഗ് സെന്‍ഗ്, ബ്രസീലിലെ ബോവെസ്പ, മെക്സിക്കോയിലെ ബോല്‍സ എന്നിവക്കൊപ്പം 20,000 ക്ലബില്‍ പങ്കാളിയായി.
ഹാംഗ് സെംഗ് അടുത്തയിടെ 30,000 പോയിന്‍റ് കടന്നിരുന്നു. ഇന്ന് അത് 31,560 ആയി. ബോവെസ്പ ഈ മാസം 26ന് 64,275ലെത്തിയിരുന്നു. ബോല്‍സ സൂചിക കഴിഞ്ഞ വെള്ളിയാഴ്ച്ച 32,136 പോയിന്‍റിലെത്തി.
റിസര്‍വ് ബാങ്ക് വായ്പാ നയം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഓഹരി വിപണിയില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വോഡഫോണ്‍ 99 രൂപ ഉപഭോക്താക്കള്‍ക്കുള്ള കാലാവധി വര്‍ധിപ്പിക്കുന്നു
ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് പാക്കേജിന്‍റെ കാലാവധി തീരുന്നത് കാത്തുനില്‍ക്കാതെ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് വോഡഫോണ്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സേവനം. നേരത്തെ കാലാവധി തീരുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ റീച്ചാര്‍ജ് ചെയ്യുന്ന പക്ഷം ഉപയോഗിക്കാത്ത കാലാവധി വീണ്ടെടുക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നുള്ള റീച്ചാര്‍ജില്‍ മുന്‍ കാലാവധി നഷ്ടമാകുന്ന തരത്തിലായിരുന്നു പഴയ സംവിധാനം. ഇന്ത്യയില്‍ ഈ സൗകര്യം ആദ്യമായി നല്‍കുന്നത് തങ്ങളാണെന്ന് വോഡഫോണ്‍ അവകാശപ്പെട്ടു.
Sunday, October 28, 2007
എച്ച്.ഡിഎഫ്സി സ്റ്റാന്‍ഡേഡ് ലൈഫിന് മുത്തൂറ്റുമായി പങ്കാളിത്തം
കേരളത്തില്‍ 61 ശാഖകളാണ് എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫിനുള്ളത്. ദേശീയതലത്തില്‍ 700 നഗരങ്ങളും പട്ടണങ്ങളുമാണ് കമ്പനിയുടെ പരിധിയിലുള്ളത്. പതിനായിരത്തോളം ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റുമാരും കമ്പനിക്കായി പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍, ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുമായും മറ്റ് സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എച്ച്.ഡി.എഫ്.സി സ്റ്റാന്‍ഡേഡ് ലൈഫ് ധാരണയുണ്ടാക്കിയിട്ടുണ്ട്.
ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റയുടെ കയ്യിലേക്ക്?
ലണ്ടന്‍ഃ ആംഗ്ലോ-ഡച്ച് ഉരുക്കു കന്പനിയായ കോറസ് 1300 കോടി ഡോളറിന് ഏറ്റെടുത്ത് ഒരു വര്‍ഷം തികയും മുന്‍പ് വിഖ്യാതമായ മറ്റു രണ്ട് ബ്രിട്ടീഷ് ബ്രാന്‍ഡുകളില്‍കൂടി ടാറ്റ് ഗ്രൂപ്പ് കണ്ണുവെക്കുന്നു. ഫോര്‍ഡ് കന്പനി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഉപ സ്ഥാപനങ്ങളായ ജഗ്വാറും, ലാന്‍ഡ് റോവറും സ്വന്തമാക്കാനുള്ള മത്സരത്തില്‍ അമേരിക്കന്‍ ബാങ്കായ ജെ.പി മോര്‍ഗന്‍റെ സ്വകാര്യ ഓഹരി വിഭാഗമായ വണ്‍ ഇക്വിറ്റിയാണ് ടാറ്റാ ഗ്രൂപ്പിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.
ടെന്‍ഡര്‍ നടപടിക്രമങ്ങളുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്പോള്‍ നിലവില്‍ മത്സര രംഗത്തുള്ള ആറു കന്പനികളില്‍ ടാറ്റയും വണ്‍ ഇക്വിറ്റിയും മാത്രമേ അവശേഷിക്കു. ടാറ്റക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ കന്പനികളുടെയും പ്രതിനിധികള്‍ ജാഗ്വാറിന്‍റെയും ലാന്‍റ് റോവറിന്‍റെയും പ്ലാന്‍റുകള്‍ സന്ദര്‍ശിച്ചു.
അടുത്ത മാര്‍ച്ചില്‍ വിപണിയില്‍ ഇറങ്ങാനിരിക്കുന്ന എക്സ് എഫ് എന്ന പുതിയ മോഡല്‍ ജഗ്വാര്‍ കന്പനിയുടെ ഭാവിയില്‍ നിര്‍ണായകമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ വിപണിയില്‍നിന്നുള്ള കടുത്ത മത്സരവും ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കായി ഭീമമായ തുക ചെലവഴിക്കേണ്ടതുംമൂലം പ്രതിസന്ധി നേരിടുന്ന ഫോര്‍ഡിന്‍റെ നവീകരണ പരിപാടികളുടെ ഭാഗമായാണ് ജഗ്വാറും ലാന്‍ഡ് റോവറും വില്‍ക്കുന്നത്.
ഈ വര്‍ഷം ആദ്യം ആസ്റ്റണ്‍ മാര്‍ട്ടിന്‍ കന്പനി വിറ്റ ഫോര്‍ഡ് സ്വീഡിഷ് കാര്‍ ഗ്രൂപ്പായ വോള്‍വോയും വില്‍ക്കുമെന്നാണ് സൂചനകള്‍.
സഹകരണ കോണ്‍ഗ്രസ് സമാപിച്ചു
ആറാമത് സഹകരണ കോണ്‍ഗ്രസിന് സമാപനം കുറിച്ച് കൊച്ചിയില്‍ നടന്ന റാലി
കൊച്ചി: ആഗോളീകരണത്തിനും ഉദാരീകരണത്തിനും ബദല്‍ സഹകരണപ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ച് ആറാമത് സഹകരണ കോണ്‍ഗ്രസ് കൊച്ചിയില്‍ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന വര്‍ണാഭമായ റാലിയില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സഹകാരികള്‍ അണിനിരന്നു. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്തു.
സാന്പത്തിക വളര്‍ച്ചക്ക് പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തിയേ തീരു-ധനമന്ത്രി
ഇക്കാലത്ത് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പ്രസക്തിയില്ല. രാജ്യത്തിന്‍റെ വളര്‍ച്ച് അന്ത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് നമ്മെ പിന്നോട്ടു വലിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്പ് പത്തു ശതമാനം സാന്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ മാറ്റിവെക്കാന്‍ തയാറായാല്‍ മാത്രമെ അതിനു കഴിയു-ചിദംബരം പറഞ്ഞു.
സാന്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 20153ഓടെ ഇരട്ടിയാക്കാനും 2023ഓടെ ഇന്ത്യക്ക് ഒരു ഇടത്തരം സാന്പത്തിക ശക്തിയായി മാറാനും കഴിയും. രാജ്യത്ത് അറിവിന്‍റെ അടിത്തറ വിലപുലപ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വ്യവസായ സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണ്. പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന ചികിത്സാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ദത്തെടുക്കാന്‍ വ്യവസായികള്‍ തയറാകാണം-അദ്ദേഹം നിര്‍ദേശിച്ചു.
.
Saturday, October 27, 2007
ബഹ്റിനില്‍ നിന്ന് പണമയക്കാന്‍ പുതിയ സംവിധാനം
Friday, October 26, 2007
സ്വര്‍ണവില കുതിക്കുന്നു
സെന്‍സെക്സ് 19,243.17ല്‍
പാര്‍ട്ടിസിപ്പേറ്ററി നോട്ട് സംബന്ധിച്ച സെബിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോടുള്ള അനുകൂല പ്രതികരണമാണ് ഉയര്‍ച്ചക്ക് വഴിതെളിച്ചത്.
ഫെഡറല്‍ ബാങ്കിന് 162.27 കോടി രൂപ ലാഭം
Thursday, October 25, 2007
മൈന്‍ഡ് പാര്‍ലര്‍ കൊച്ചിയില്‍
മൈന്‍ഡ് പാര്‍ലറിന്‍റെ ആദ്യ ഫിനിഷിംഗ് സ്കൂള്‍ 2008 ജനുവരിയോടെ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മൈന്‍ഡ് പാര്‍ലര്‍ ചീഫ് റിസോഴ്സ് ഓഫീസര്‍ കമാന്‍ഡര്‍ സി.കെ. ശര്‍മ്മ പറഞ്ഞു. എന്‍ജിനീയറിംഗ് ബിരുദധാരികളെ ഐ.ടി വ്യവസായ രംഗത്തിന് അനിവാര്യമായ കഴിവുകളുള്ളവരാക്കി വികസിപ്പിച്ചെടുക്കുകയാണ് മൈന്‍ഡ് പാര്‍ലറിന്‍റെ ഐ.ടി ഫിനിഷിംഗ് സ്കൂളുകള്‍ ചെയ്യുന്നത്.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂഡല്‍ഹി ആസ്ഥാനമാക്കി മൈന്‍ഡ് പാര്‍ലര്‍ ലേണിംഗ് സിസ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇതിനകം തന്നെ രൂപം കൊടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഫിനിഷിംഗ് സ്കൂളുകള്‍ ആരംഭിക്കുന്ന കമ്പനി പിന്നീട് കോര്‍പ്പറേറ്റ് ട്രെയിനിംഗ് മേഖലയിലേക്കും കുട്ടികളുടെ പരിശീലന പരിപാടികളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും ശര്‍മ്മ പറഞ്ഞു.
2007 ഡിസംബര്‍ അവസാനത്തോടെ മൈന്‍ഡ് പാര്‍ലര്‍ കൊച്ചി കാമ്പസ് കടവന്ത്രയില്‍ സജ്ജമാകും. പ്രവേശനത്തിനുള്ള പരീക്ഷ ഡിസംബര്‍ രണ്ടാംവാരത്തില്‍ നടക്കും. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് നാസ്കോം അംഗീകാരമുള്ള നാക്-ടെക് സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. നാല് മാസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് 300 പേര്‍ക്കാണ് പ്രവേശനം. ഒരു വര്‍ഷം 1000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 15 കോടിയോളം മുടക്കി കൊച്ചിയില്‍ സ്വതന്ത്രമായ സമ്പൂര്‍ണ്ണ ഫിനിഷിംഗ് സ്കൂള്‍ കാമ്പസ് 2009ല്‍ സജ്ജമാക്കുമെന്നും സി.കെ. ശര്‍മ്മ പറഞ്ഞു.
ഫേസ്ബുക്കിന്‍റെ 1.6 ശതമാനം ഓഹരികള്‍ മൈക്രോസോഫ്റ്റിന്
സാന്‍ഫ്രാന്‍സിസ്കോ: ഏറെ വിഖ്യാതമായ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റ് ഫേസ്ബുക്കിന്‍റെ 1.6 ശതമാനം ഓഹരികള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനു വിറ്റു. ഗൂഗിളിനെ പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് 240 ദശലക്ഷം ഡോളറിന് ഓഹരികള്‍ വാങ്ങിയത്.
നാലു വര്‍ഷം മുന്പു മാത്രം പ്രവര്‍ത്തനമാരംഭിച്ച ഫേസ്‍ബുക്ക് അതിവേഗത്തില്‍ വളര്‍ച്ച നേടിയ വെബ്സൈറ്റുകളിലൊന്നാണ്. ഇപ്പോള്‍ 1500 കോടി ഡോളര്‍ ഓഹരി മൂലധനമുള്ള ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേറ്റിന്‍റെ പരസ്യ ഇടപാടുകള്‍ ഇനി മൈക്രോസോഫ്റ്റ് ആയിരിക്കും കൈകാര്യം ചെയ്യുക.
മൈക്രോസോഫ്റ്റുമായി കൈകോര്‍ക്കുന്നതുവഴി ഫേസ്ബുക്ക് വന്‍ വളര്‍ച്ച നേടുമെന്നാണ് വിലിയിരുത്തല്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ് ബുക്കിന് 49 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. പുതിയ ഇടപാടു വഴി വെബ്സൈറ്റിന്‍റെ പരസ്യ വരുമാനം ഗണ്യമായി ഉയരുമെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധി കെവിന്‍ ജോണ്‍സണും ഫേസ്ബുക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റും ചീഫ് റവന്യു ഓഫീസറുമായ ഓവന്‍ വാന്‍ നറ്റയും പറഞ്ഞു.
സണ്ണി ഡയമണ്ട്സ് കൂടുതല്‍ നഗരങ്ങളിലേക്ക്
തവണകളായി പണം നല്‍കി വജ്രാഭരണങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പദ്ധതിക്കും സണ്ണി ഡയമണ്ട്സ് രൂപം നല്‍കിയിട്ടുണ്ട്. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. അയ്യായിരം രൂപ വീതം 12 മാസമോ ആയിരം രൂപ വീതം 22 മാസമോ ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപമായി നല്‍കി കാലാവധി പൂര്‍ത്തിയാകുന്പോള്‍ ആഭരണങ്ങള്‍ സ്വന്തമാക്കാം. അഞ്ചു കോടി രൂപ നിക്ഷേപമായി ലഭിക്കുന്നതു വരെ മാത്രമേ പദ്ധതി നിലവിലുണ്ടാകൂ എന്ന് മാനേജിംഗ് ഡയറക്ടര്‍ പി.പി. സണ്ണി പറഞ്ഞു. ബല്‍ജിയം ഡയമണ്ട് ആഭരണങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എല്ലാ ആഭരണങ്ങള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും മണിബാക്ക് ഗ്യാരന്‍റിയും ലഭ്യമാക്കും.
കൊച്ചിയിലെ രാജാജി റോഡിലാണ് സണ്ണി ഡയമണ്ട്സിന്‍റെ ഷോറൂം
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍
മേളയുടെ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിനാണ് തുടങ്ങുന്നത്. കൊച്ചിയിലെ വജ്ര വ്യാപാര സ്ഥാപനമായ സണ്ണി ഡയമണ്ട്സ് ഇതിനകം രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു. മേളയുടെ പ്രധാന ആകര്‍ഷണകേന്ദ്രം കൊച്ചി തന്നെയായിരിക്കും. ആയിരം രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനും പദ്ധതിയുണ്ട്. സ്ക്രാച്ച് കാര്‍ഡ് മുഖേനയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. കൈത്തറി സാരികളും സ്വര്‍ണനാണയങ്ങളും മുതല്‍ അത്യാഡംബര കാറുകളും ഫ്ളാറ്റുകളും ടൂര്‍ പാക്കേജും വരെയുള്ള സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുങ്ങുന്നത്.
45 ദിവസം നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിനൊടുവില്‍ സംസ്ഥാനത്തെ മുഴുവന്‍ കൂപ്പണ്‍ നംപറുകളും ഉള്‍പ്പെടുത്തി നടത്തുന്ന മെഗാ നറുക്കെടുപ്പില്‍ വിജയിക്കുന്ന മൂന്നു പേര്‍ക്ക് ബി.എം.ഡബ്ലിയു അല്ലെങ്കില്‍ മെഴ്സിഡസ് ബെന്‍സ് കാറുകളും മൂന്നു പേര്‍ക്ക് ഫ്ളാറ്റുകളും മൂന്നു പേര്‍ക്ക് വിദേശ ടൂര്‍ പാക്കേജുകളും മെഗാസമ്മാനമായി നല്‍കും. സ്ക്രാച്ച് ആന്‍റ് വിന്‍ സമ്മാനം മുതല്‍ മെഗാസമ്മാനം വരെ സ്പോണ്‍സര്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. വ്യാപാരികള്‍ സ്വന്തം നിലക്കും സമ്മാനങ്ങള്‍ പ്രഖ്യാപിക്കും.
ഫെസ്റ്റിവലിന്‍റെ ഭാഗമായി പ്രധാന വ്യാപാരകേന്ദ്രങ്ങളിലും നഗരങ്ങളിലും ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കൊച്ചിയില്‍ പുതുവര്‍ഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കാറുള്ള വസന്തോത്സവം ഇക്കുറി മേളയുടെ ഭാഗമായിരിക്കും. കൂടാതെ വിവിധ തരം വംശീയ ഭക്ഷണങ്ങള്‍ അണിനിരത്തിയുള്ള ആഹാരമേളയും കൊച്ചിയില്‍ സംഘടിപ്പിക്കും.